ന്യൂദല്‍ഹി: താന്‍ ഇന്ത്യക്കാരുടെ കാവല്‍ക്കാരനാണെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരനോട് മോശമായി പെരുമാറുന്നതിന്റെ വീഡിയോ പുറത്തുവിട്ട് യൂട്യൂബര്‍ ധ്രുവ് റാഠി. ‘അദ്ദേഹം അന്ന് ചൗക്കീദാറുകളോട് പെരുമാറിയത് എങ്ങനെയായിരുന്നെന്ന് കാണൂ’ എന്നു പറഞ്ഞുകൊണ്ടാണ് മോദിയുടെ ഒരു പഴയ വീഡിയോ ധ്രുവ് റാഠി പങ്കുവെച്ചത്.
ഒരു പരിപാടിയ്ക്കിടെ ക്യാമറയ്ക്കു മുമ്പില്‍ കൈകൂപ്പി നിന്നുകൊണ്ട് നടക്കുന്നതിനിടെ തന്റെ മുമ്പിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെ മോദി തട്ടിമാറ്റുന്നതിന്റെ വീഡിയോയാണ് ധ്രുവ് റാഠി പുറത്തുവിട്ടത്.
ജീവനക്കാരനെ തട്ടിമാറ്റുമ്പോള്‍ മോദിയുടെ മുഖത്ത് രോഷഭാവവും വീഡിയോയില്‍ കാണാം. അന്ന് കാവല്‍ക്കാരനോട് ഇങ്ങനെ പെരുമാറിയ മോദി ഇന്ന് സ്വയം ചൗക്കീദാറെന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ് ധ്രുവ് മോദിയെ വിമര്‍ശിക്കുകയും ചെയ്യുന്നു.
താന്‍ 24 മണിക്കൂറും ജോലി ചെയ്യുന്ന ആഴ്ചയില്‍ ഏഴു ദിവസവും പ്രവര്‍ത്തിക്കുന്ന ജനങ്ങളുടെ കാവല്‍ക്കാരനാണെന്നാണ് മോദി അവകാശപ്പെട്ടത്. ഇതിനു പിന്നാലെ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാറിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നവേളയില്‍ ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്നു പറഞ്ഞ് രാഹുല്‍ മോദിയെ പരിഹസിച്ചിരുന്നു.
രാഹുലിന്റെ പരിഹാസത്തിന് മറുപടിയെന്നോണം അടുത്തിടെ ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ പേരിനു മുമ്പില്‍ ചൗക്കീദാര്‍ എന്ന് ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ ബി.ജെ.പി കാമ്പെയ്‌നും ആരംഭിച്ചിരുന്നു. ചൗക്കീദാര്‍ നരേന്ദ്രമോദിയെന്നാണ് മോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലെ പേര്.