| Sunday, 4th June 2023, 8:58 pm

പെണ്‍കുട്ടികളെ വശീകരിക്കുന്നു; യു.പി. സര്‍ക്കാര്‍ 'ലവ് ജിഹാദി'നെതിരെ നടപടിയെടുക്കും; വിദ്വേഷ പരാമര്‍ശവുമായി വിദ്യാഭ്യാസ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ‘ലവ് ജിഹാദി’നെതിരെ നടപടിയെടുക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ഗുലാബ് ദേവി. നടപടികള്‍ തുടരുമെന്നും അവര്‍ പറഞ്ഞു. മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

‘ലവ് ജിഹാദിനെ സംബന്ധിച്ച് പെണ്‍കുട്ടികളെ വശീകരിച്ച് അവരെ ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സര്‍ക്കാര്‍ അതില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. ലവ് ജിഹാദ് തടയാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ച് കൊണ്ടിരിക്കുന്നത്,’ ഗുലാബ് ദേവി പറഞ്ഞു.

ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ മരണത്തില്‍ മെയ് 28ന് ലവ് ജിഹാദ് ആരോപിച്ച് ഷാജഹാന്‍ പൂരിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇസ്‌ലാം മതം സ്വീകരിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് പൊലീസിന്റെ ആരോപണം. നവാദ്, ഫര്‍ഹാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ സഹോദരന്റെ പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

നവാദിനെതിരെ എസ്.സി, എസ്.ടി. ആക്റ്റ്, ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തനം തടയല്‍ നിയമം എന്നീ നിയമപ്രകാരമാണ് കേസെടുത്തത്.

ഇതേ പരിപാടിയില്‍ ഹരിയാന ടൂറിസം ചെയര്‍മാന്‍ അരവിന്ദ് യാദവ് ബി.ജെ.പി എം.പിയും മുന്‍ റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളോട് ക്ഷമിക്കാനും പറഞ്ഞു.

‘പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളോട് ക്ഷമ കാണിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഗുസ്തിക്കാര്‍ക്ക് നിയമത്തില്‍ വിശ്വാസം ഉണ്ടായിരിക്കണം. അന്വേഷണത്തില്‍ എല്ലാത്തിനും കൃത്യതയുണ്ടാകും. ബ്രിജ് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് കണ്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും,’ അദ്ദേഹം പറഞ്ഞു.

content highlight: seducing girls; U.P. Govt to take action against ‘Love Jihadi’; Education Minister with hate speech

Latest Stories

We use cookies to give you the best possible experience. Learn more