| Friday, 19th February 2016, 10:15 am

ജെ.എന്‍.യു: പുറത്തുവിട്ടതെല്ലാം വ്യാജം, രാജ്യദ്രോഹം വെച്ചുപിടിപ്പിച്ചത്: തെളിവുകള്‍ പുറത്തുവിട്ട് ഇന്ത്യാ ടുഡേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെ.എന്‍.യു ചെയര്‍മാന്‍ കനയ്യ കുമാര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നു എന്നതിനു തെളിവായി പ്രചരിപ്പിക്കപ്പെട്ട വീഡിയോ വ്യാജമെന്നതിനു തെളിവുകള്‍ പുറത്ത്. ഇന്ത്യാ ടുഡേയാണ് വീഡിയോ വ്യാജമാണെന്നത് തെളിവുകള്‍ സഹിതം പുറത്തുവിട്ടത്.

ഫെബ്രുവരി 11നാണ് കനയ്യ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വീഡിയോ ടൈംസ് നൗ, സീന്യൂസ്, ന്യൂസ് എക്‌സ് തുടങ്ങിയ ചാനലുകളാണ് പുറത്തുവിട്ടത്. ഇത് സുദര്‍ശനം, വീ ലവ് ശശികല തുടങ്ങിയ പേജുകള്‍ വഴി സംഘപരിവാര്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.”ഗോബാക്ക് ഇന്ത്യ” “ഇന്ത്യയുടെ നാശം വരെ ഞങ്ങള്‍ പൊരുതും” തുടങ്ങിയ അര്‍ത്ഥം വരുന്ന മുദ്രവാക്യങ്ങളാണ് വീഡിയോയില്‍ കനയ്യ ഉയര്‍ത്തുന്നത്. ഈ വീഡിയോ വ്യാജമാണെന്നാണ് ഇപ്പോള്‍ തെളിവുകള്‍ സഹിതം ഇന്ത്യാ ടുഡേ പുറത്തുവിട്ടിരിക്കുന്നത്.

ഫെബ്രുവരി 9ന് ജെ.എന്‍.യുവില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയ്ക്കിടെ ചിലര്‍ ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന വീഡിയോയും ഫെബ്രുവരി 11ന് കനയ്യ നടത്തിയ പ്രസംഗത്തിന്റെ ഒറിജിനല്‍ വീഡിയോയും പുറത്തുവിട്ടാണ് കനയ്യയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിക്കുന്ന വീഡിയോ വ്യാജമാണെന്ന് തെളിയിച്ചിരിക്കുന്നത്. കനയ്യ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയ്‌ക്കൊപ്പം ഫെബ്രുവരി 9ന് നടന്ന പരിപാടിയുടെ ഓഡിയോ ചേര്‍ത്താണ് കനയ്യയെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്ന വീഡിയോ തയ്യാറാക്കിയതെന്നാണ് ഇന്ത്യാ ടുഡേ തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടുന്നത്.

മനുവാദികള്‍, ആര്‍.എസ്.എസ്, ബി.ജെ.പി, പട്ടിണി, മുതലാളിത്തം, ജാതിവ്യവസ്ഥ, ഫ്യൂഡലിസം തുടങ്ങിയവയില്‍ നിന്ന് ആസാദി (സ്വാതന്ത്ര്യം) എന്നാണ് കനയ്യ കുമാര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. വിദ്യാര്‍ഥികള്‍ക്ക് അഭിമുഖമായി ഉമര്‍ ഖാലിദിനും മറ്റൊരാള്‍ക്കും ഒപ്പം മധ്യത്തിലായി നില്‍ക്കുന്ന കനയ്യ മുദ്രാവാക്യം വിളിക്കുകയാണ്. “മനുവാദികളില്‍ നിന്നും” “ബ്രാഹ്ണിസനത്തില്‍ നിന്നും” “കാപ്പിറ്റലിസത്തില്‍ നിന്നും” “ജാതിവ്യവസ്ഥയില്‍ നിന്നും” എന്നൊക്കെ കനയ്യകുമാര്‍ വിളിക്കുമ്പോള്‍ ആസാദിയെന്നു മറ്റുള്ളവര്‍ ഏറ്റുപറയുന്നതാണ് യഥാര്‍ത്ഥ വീഡിയോ.

എന്നാല്‍ ഈ വീഡിയോയിലെ ആസാദി എന്ന ഭാഗം നിലനിര്‍ത്തി കനയ്യ പറയുന്ന വാചകങ്ങള്‍ക്ക് പകരം ഫെബ്രുവരി 9ന് നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയ്ക്കിടെ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളുടെ ഓഡിയോ ചേര്‍ക്കുകയാണുണ്ടായത്.

അതുപോലെ തന്നെ കനയ്യ രാജ്യദ്രോഹിയാണെന്ന് ചിത്രീകരിക്കുന്നതിനായി വിഭജിച്ച ഇന്ത്യയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് സംസാരിക്കുന്ന കനയ്യയുടെ ചിത്രവും സംഘപരിവാര്‍ ശക്തികള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതും വ്യാജമാണെന്ന് ഇന്ത്യാ ടുഡേ ചൂണ്ടിക്കാട്ടുന്നു. പശ്ചാത്തലം വെള്ളയായ കനയ്യയുടെ ചിത്രത്തില്‍ കശ്മീര്‍ പാകിസ്ഥാനൊപ്പം വരുന്ന രീതിയിലുള്ള ഇന്ത്യയുടെ ചിത്രം ചേര്‍ക്കുകയാണുണ്ടായത്.

വ്യാജതെളിവുകളിലൂടെയും മറ്റും കനയ്യയെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള മനപൂര്‍വ്വമായ ശ്രമങ്ങള്‍ ചിലകോണുകളില്‍ നിന്നും ഉണ്ടായി എന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

കനയ്യകുമാറിനെ സംഘികള്‍ എഡിറ്റ് ചെയ്ത വിധം

We use cookies to give you the best possible experience. Learn more