| Sunday, 8th September 2019, 11:32 am

സര്‍ക്കാരിനെയോ സൈന്യത്തെയോ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹമാവില്ല, വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍ നമ്മള്‍ 'പൊലീസ് സ്റ്റേറ്റ്' ആവുന്നു: സുപ്രീംകോടതി ജഡ്ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: രാജ്യത്ത് രാജ്യദ്രോഹക്കേസ് വ്യാപകമായി ദുരുപയോഗപ്പെടുകയാണെന്ന് സുപ്രീംകോടതി ജഡ്ജി ദീപക് ഗുപ്ത. രാജ്യദ്രോഹക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് കൊണ്ട് മാത്രം രാജ്യദ്രോഹമാവുകയില്ലെന്നും ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു

124 എ ദുരുപയോഗപ്പെടുത്തുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയമത്തില്‍ പുനപരിശോധന നടത്തേണ്ട ചോദ്യമുയരുന്നുണ്ട്. തങ്ങളെ ചോദ്യം ചെയ്യുന്നവരെ പൊലീസിനെ ഉപയോഗിച്ച് ഭരണത്തിലുള്ളവര്‍ അറസ്റ്റ് ചെയ്യിക്കുകയാണെന്നും എന്നാല്‍ അടുത്ത ദിവസം തന്നെ കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുന്നുണ്ടെന്നും ദീപക് ഗുപ്ത പറഞ്ഞു.

കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് ട്വീറ്റ് ചെയ്തതിനെതിരെ ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദിനെതിരെ ദല്‍ഹി പൊലീസ് രാജ്യദ്രോഹക്കേസെടുത്തതിന് പിന്നാലെയാണ് സുപ്രീംകോടതി ജഡ്ജിയുടെ വിമര്‍ശനം.

‘കോടതിയെയോ സര്‍ക്കാരിനെയോ ബ്യൂറോക്രസിയെയോ സൈന്യത്തെയോ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹമാകുകയില്ല. വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ജനാധിപത്യത്തിന് പകരം ഇന്ത്യ പൊലീസ് സ്റ്റേറ്റായി മാറുമെന്നും ദീപക് ഗുപ്ത പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ രാജ്യത്തിന്റെ ശത്രുക്കളായി മുദ്രകുത്തുകയാണ്. ജനത്തിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ രാജ്യദ്രോഹക്കുറ്റം പ്രയോഗിക്കുന്നത് ഞെട്ടിക്കുന്നതാണ്. വലിയ ഭൂരിപക്ഷമുള്ള സര്‍ക്കാരാണെന്ന് പറയുമ്പോഴും രാജ്യത്തെ അന്‍പത് ശതമാനം ജനത്തിന്റെ വോട്ടു പോലും വാങ്ങിയല്ല അധികാരത്തില്‍ വരുന്നത്. ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടുമ്പോള്‍ പോലും എല്ലാ വിഭാഗം ജനങ്ങളുടെയും ശബ്ദമാണെന്ന് പറയാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു.

‘ജനങ്ങള്‍ക്ക് സര്‍ക്കാരിനെ ഭയമുണ്ടാകരുത് എന്നത് ജനാധിപത്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. വിമര്‍ശനങ്ങളെ നേരിടാന്‍ അധികാരത്തിലുള്ളവര്‍ക്ക് നല്ല തൊലിക്കട്ടിയുണ്ടാവണം. ജനങ്ങള്‍ക്ക് സര്‍ക്കാരിനോട് മമതയുണ്ടാകണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല. നേടിയെടുക്കുന്നതാണെന്നും ‘ ദീപക് ഗുപ്ത പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്തിന്റെ ഭരണഘടനയും ദേശീയ ചിഹ്നങ്ങളുമെല്ലാം സ്വന്തം നിലയ്ക്ക് നില്‍ക്കാന്‍ ശക്തിയുള്ളതാണെന്നും അതിന് രാജ്യദ്രോഹ നിയമത്തിന്റെ ആവശ്യമില്ലെന്നും ദീപക് ഗുപ്ത പറഞ്ഞു.

‘നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു വ്യക്തിയെ ദേശീയഗാനത്തിന് നില്‍ക്കാന്‍ എഴുന്നേല്‍പ്പിക്കാം. പക്ഷെ ഹൃദയത്തില്‍ ബഹുമാനം കൊണ്ടു വരാന്‍ നിര്‍ബന്ധിക്കാന്‍ കഴിയില്ല.’

ഗുജറാത്തിലെ അഹമ്മദാബാദില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ദീപ്ക് ഗുപ്ത.

We use cookies to give you the best possible experience. Learn more