| Sunday, 27th January 2019, 8:13 pm

2015ലെ സംഘപരിവാറിന്റെ തീരുമാനപ്രകാരമാണ് ഇന്ത്യയില്‍ രാജ്യദ്രോഹ കേസുകളുടെ എണ്ണം വര്‍ധിച്ചത്: വെങ്കിടേഷ് രാമകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: നമ്മുടെ രാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഇന്ന് ഒരു ഫാഷനായി മാറിയിരിക്കുന്നുവെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍. കൈരളി ഇന്റര്‍നാഷനല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച മാധ്യമങ്ങളും ഭരണഘടനയും സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014നും 2019നുമിടയില്‍ ഇന്ത്യയില്‍ രാജ്യദ്രോഹ കേസുകളുടെ എണ്ണം മുന്നൂറിനു മുകളിലെത്തി. 2014 വരെ 14 എണ്ണമേ ഉണ്ടായിരുന്നുള്ളൂ. 2015ല്‍ റാഞ്ചിയില്‍ ചേര്‍ന്ന സംഘപരിവാര സംഘടനകളുടെ യോഗ തീരുമാനത്തിന്റെ ശേഷമാണ് ഇതില്‍ വലിയ വര്‍ധനയുണ്ടായത്. കനയ്യ കുമാറിന്റെ അറസ്റ്റ് ഇതിനു ശേഷമായിരുന്നു. അര്‍ബന്‍ നക്സല്‍ പ്രയോഗമുണ്ടായതും ഈ ആസൂത്രണത്തിന്റെ ഭാഗമാണെന്നും വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞു.

വികേന്ദ്രീകൃതമായ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഇക്കാലത്തെ വലിയ ഭീഷണിയെന്ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇ പി ഉണ്ണി പറഞ്ഞു. പെരുമാള്‍ മുരുകനെ അറസ്റ്റ് ചെയ്തത് ജില്ലാ കലക്ടറുടെ ഉത്തരവനുസരിച്ചാണ്. ജില്ലാ കലക്ടറുടെ ഉത്തരവനുസരിച്ച് ഒരു കാര്‍ട്ടൂണിസ്റ്റിനെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ച സംഭവവും ഈയിടെയുണ്ടായി. ഇത്തരം കേസില്‍ വിചാരണ തുടങ്ങുന്നതു പോലും നാലോ അഞ്ചോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. സാധാരണ പൗരനെക്കാള്‍ പ്രത്യേക പരിഗണനയില്ലാത്തത് ഇന്ത്യ പോലുള്ള രാജ്യത്ത് മാധ്യമപ്രവര്‍ത്തകന് ഗുണകരമാണ് എന്നു കരുതുന്നു. പത്രമുടമകള്‍ സാമാന്യബുദ്ധിയുണ്ടെങ്കില്‍ മാധ്യമസ്വാതന്ത്ര്യത്തിനൊപ്പം നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടിഷ് ഭരണകാലത്തെക്കാള്‍ കൂടിയ മാധ്യമസ്വാതന്ത്ര്യമൊന്നും ഇന്ന് ഇന്ത്യയിലില്ലെന്ന് മോഡറേറ്ററായ എന്‍ പി രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥകാലത്തെ സ്വാതന്ത്ര്യം പോലും ഇല്ലാതാവുകയാണ്. ചെറിയ വിമര്‍ശനങ്ങള്‍ക്കു പോലും ആളുകളെ ജയിലിലടക്കുന്നു. അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നവരെ ബ്രിട്ടിഷ് കാലത്തെ നിയമങ്ങളുപയോഗിച്ച് ഇന്ന് അറസ്റ്റ് ചെയ്യുന്നു. അഭിപ്രായം പറയാതിരിക്കാനായി മാനനഷ്ടക്കേസ് വരെ കൊടുക്കുന്നുവെന്നും എന്‍.പി രാജേന്ദ്രന്‍ പറഞ്ഞു.

ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ മാധ്യമങ്ങള്‍ക്ക് സൗദിയെ പോലും വെല്ലുന്ന നിയന്ത്രണങ്ങളാണുള്ളതെങ്കില്‍ മറ്റു ചിലയിടത്ത് വലിയ സ്വാതന്ത്ര്യവുമുണ്ട്. ഇന്ന് സാമ്പത്തിക തകര്‍ച്ച നേരിടുന്നതിനാല്‍ പത്രങ്ങള്‍ ചെറിയ സംഘടിതശക്തികളുടെ ഭീഷണിക്കു വഴങ്ങേണ്ടിവരുന്നു. മതേതരനിലപാടെടുക്കുന്ന മാധ്യമങ്ങളെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. പരസ്യം നല്‍കാതെ ഒരു പത്രത്തെ തകര്‍ക്കാന്‍ കഴിയും. സര്‍ക്കാര്‍ പരസ്യമില്ലാതെ അടച്ചുപൂട്ടിയ തേജസ് പത്രത്തിന് പരസ്യം നിഷേധിച്ചത് പൊലിസ് റിപോര്‍ട്ട് അനുസരിച്ചാണെന്നും എന്‍.പി രാജേന്ദ്രന്‍ പറഞ്ഞു.

കാര്‍ട്ടൂണ്‍ വരച്ചാലും എഴുതിയാലും രാജ്യദ്രോഹമാകുന്ന അവസ്ഥയാണ് രാജ്യത്തു നിലവിലുള്ളതെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍(കെയുഡബ്ലിയുജെ) ജനറല്‍ സെക്രട്ടറി സി നാരായണന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന് പൗരസ്വാതന്ത്ര്യത്തിനപ്പുറം ഒരു പരിരക്ഷ ആവശ്യമാണെന്നു തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more