ന്യൂദൽഹി: മുൻ വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് യു.എ.പി.എ കേസുകൾ 23 ശതമാനം വർധിച്ചതായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ വാർഷിക റിപ്പോർട്ട്.
2021ൽ 814 യു.എ.പി.എ കേസുകൾ രജിസ്റ്റർ ചെയ്ത സ്ഥാനത്ത് 2022ൽ അത് 1,005 ആയി ഉയർന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം രാജ്യദ്രോഹ കേസുകൾ കുത്തനെ കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2021ൽ 76 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ കഴിഞ്ഞ വർഷം 20 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്.
കൊളോണിയൽ കാലത്തെ രാജ്യദ്രോഹനിയമം സുപ്രീം കോടതി മരവിപ്പിച്ചിരുന്നു. വിചാരണ തീർപ്പാക്കാത്തതും അന്വേഷണത്തിലുള്ളതുമായ കേസുകളാണ് നിലവിലുള്ളത്. പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ, മണിപ്പൂർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ മാത്രമാണ് രാജ്യദ്രോഹ കേസുകൾ നിലനിൽക്കുന്നത്.
ജമ്മു കശ്മീരിലാണ് യു.എ.പി.എ കേസുകളിൽ ഏറ്റവും കൂടുതൽ വർധനയുള്ളത്. 2021ൽ 289 കേസുകൾ രജിസ്റ്റർ ചെയ്ത സ്ഥാനത്ത് 371 കേസുകളാണ് 2022ൽ രജിസ്റ്റർ ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള മണിപ്പൂരിൽ 2021ൽ 157 കേസുകളും 2022ൽ 167 എഫ്.ഐ.ആറുകളുമാണ് രജിസ്റ്റർ ചെയ്തത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് പഞ്ചാബിലും ഹരിയാനയിലും യു.എ.പി.എ കേസുകളിൽ വർധനയുണ്ടായി.
അതേസമയം നാല് രാജ്യദ്രോഹ കേസുകളും 52 യു.എ.പി.എ കേസുകളും അന്വേഷണത്തിനൊടുവിൽ വ്യാജമാണെന്ന് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
241 രാജ്യദ്രോഹ കേസുകളിലും 5610 യു.എ.പി.എ കേസുകളിലും അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ല.
രാജ്യത്ത് 13,977 കേസുകളിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും 32,000 കേസുകൾ കോടതിയുടെ പരിഗണനയിൽ ആണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
CONTENT HIGHLIGHT: Sedition cases fell to 20, those under UAPA saw a sharp rise: NCRB