| Sunday, 1st March 2020, 12:16 pm

രാജ്യദ്രോഹക്കുറ്റം: അമൂല്യയുടെ കസ്റ്റഡി മാര്‍ച്ച് അഞ്ച് വരെ നീട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബെംഗളൂരില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെ പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചതിന് രാജ്യദ്രോഹം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അമൂല്യ ലിയോണയുടെ കസ്റ്റഡി കാലാവധി മാര്‍ച്ച് അഞ്ച് വരെ നീട്ടി.

എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി ഉള്‍പ്പെടെ പങ്കെടുത്ത ‘സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍’ എന്ന പരിപാടിയിലായിരുന്നു അമൂല്യ ലിയോണ മൈക്ക് കൈയിലെടുത്ത് പാക്കിസ്താന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയും മറ്റുള്ളവരോട് അത് ഏറ്റുവിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്. തുടര്‍ന്ന് ഉവൈസിയടക്കമുള്ളവരെത്തി അമൂല്യ ലിയോണയെ പിടിച്ചുമാറ്റുകയായിരുന്നു. പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ ജയ്ഹിന്ദ് എന്നും അമൂല്യ മുദ്രാവാക്യം വിളിച്ചിരുന്നു. മറ്റെന്തോ കൂടി പറയാന്‍ ശ്രമിച്ച ഇവരെ അതിന് അനുവദിക്കാതെ വേദിയില്‍ നിന്നും നീക്കി. പിന്നീട് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഫെബ്രുവരി 20 നായിരുന്നു സംഭവം നടന്നത്. 124എ, 153എ,ബി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അമൂല്യയെ അറസ്റ്റ് ചെയ്തത്.

അമൂല്യക്ക് നക്‌സല്‍ ബന്ധമുണ്ടെന്നാരോപിച്ച് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ രംഗത്തെത്തിയിരുന്നു.

അതേസമയം, അമൂല്യ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ ഇന്ത്യയും പാകിസ്താന്‍ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളും നീളാള്‍ വാഴട്ടെയെന്ന് കുറിച്ചിരുന്നു.

‘ലോംഗ് ലിവ് ഇന്ത്യ! ലോംഗ് ലിവ് പാകിസ്താന്‍! ലോംഗ് ലിവ് ബംഗ്ലാദേശ്! ലോംഗ് ലിവ് ശ്രീലങ്ക! ലോംഗ് ലിവ് നേപ്പാള്‍! ജയ്ജയ് അഫ്ഗാനിസ്ഥാന്‍! ലോംഗ് ലിവ് ചൈന! ലോംഗ് ലിവ് ഭൂട്ടാന്‍ എന്നായിരുന്നു കുറിച്ചത്. സ്വന്തം രാജ്യത്തെ സ്നേഹിക്കുന്ന പോലെ തന്നെ അയല്‍രാജ്യങ്ങളെ ബഹുമാനിക്കണമെന്നും ഇവര്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more