മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്
National Politics
മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th February 2018, 3:04 pm

ന്യൂദല്‍ഹി: പാകിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ നടത്തിയ പരാമര്‍ശങ്ങളില്‍ മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജസ്ഥാനിലെ ബി.ജെ.പിയുടെ പ്രദേശിക നേതാവ് രാജ്യദ്രോഹക്കേസ് നല്‍കി. കോട്ട അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ബി.ജെ.പിയുടെ ഒ.ബി.സി വിങ് നേതാവായ അശോക് ചൗധരിയാണ് പരാതി നല്‍കിയത്.

ഐ.പി.സി 124 (എ),500, 504 എന്നീ വകുപ്പുകളനുസരിച്ചാണ് പരാതി. പാകിസ്ഥാനോട് സ്‌നേഹം പ്രകടിപ്പിക്കുകയും പുകഴ്ത്തുകയും ചെയ്ത അയ്യരുടെ നടപടി തന്റെ ദേശസ്‌നേഹ വികാരത്തെ വ്രണപ്പെടുത്തിയെന്നും ദേശദ്രോഹപരമായതിനാല്‍ മണിശങ്കര്‍ അയ്യരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ഹരജിയില്‍ പറയുന്നു.

അശോക് ചൗധരിയുടെ പരാതി സ്വീകരിച്ച കോടതി ഫെബ്രുവരി 20ന് വാദം കേള്‍ക്കും.

ഫെബ്രുവരി 11ന് കറാച്ചിയില്‍ സംസാരിക്കവെ പാകിസ്ഥാനില്‍ നിന്ന് കിട്ടുന്ന സ്നേഹത്തേക്കാള്‍ കൂടുതല്‍ വെറുപ്പ് ഇന്ത്യയില്‍ നിന്ന് നേരിടുന്നുവെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞിരുന്നു.

ഇന്ത്യയെ പോലെ തന്നെ പാകിസ്താനെയും സ്നേഹിക്കുന്നുവെന്നും നിരന്തരമായ ചര്‍ച്ചയിലൂടെ അല്ലാതെ ഇന്ത്യ പാക് പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്നും ഇന്ത്യയോടുള്ള സമീപനത്തില്‍ പാക്കിസ്ഥാന്‍ ഏറെ മുന്നേറിയിട്ടുണ്ടെങ്കിലും എന്നാല്‍ നാമമാത്രമായ മാറ്റമേ ഇന്ത്യയുടെ ഭാഗത്ത് നിന്ന് തിരിച്ചുണ്ടായിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ “നീച്” എന്ന് വിശേഷിപ്പിച്ചതിന് കോണ്‍ഗ്രസ് മണിശങ്കര്‍ അയ്യരെ സസ്പെന്‍ഡ് ചെയ്തിരുന്നു.