| Tuesday, 11th July 2023, 1:46 pm

'മണിപ്പൂര്‍ കലാപം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ്'; ആനി രാജക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സി.പി.ഐ നേതാവ് ആനി രാജക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. മണിപ്പൂരിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപം എന്ന് ആരോപിച്ചതിനാണ് ഇംഫാല്‍ പൊലീസ് കേസെടുത്തത്.

അതേസമയം രാജ്യദ്രോഹക്കുറ്റം കൂടാതെ മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ രാജിക്കെതിരെ മെയ്തി വിഭാഗത്തില്‍ പെട്ട വനിതകള്‍ നടത്തിയ പ്രതിഷേധം നാടകം ആയിരുന്നുവെന്ന പരാമര്‍ശത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.

ആനി രാജയെ കൂടാതെ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ (NFIW) പ്രതിനിധികള്‍ നിഷ സിദ്ദു, ദീക്ഷ ദ്വിവേദി എന്നിവര്‍ക്കെതിരെയും രാജ്യദ്രോഹ കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാല്‍ രാജ്യദ്രോഹക്കേസിന് എതിരെ ദീക്ഷ സുപ്രീം കോടതിയെ സമീപിക്കുകയും ദീക്ഷയുടെ അറസ്റ്റ് ജൂലൈ 14 വരെ സുപ്രീം കോടതി തടയുകയും ചെയ്തു.

രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കുമെതിരെ കലാപത്തിന് ആഹ്വാനം ചെയ്തുവെന്നാണ് കേസ്.

121 എ, 124 എ, 153/153-എ/ 153-ബി, 499, 504&502 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

മണിപ്പൂരിലെ പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം ആനി രാജയും സംഘവും ശനിയാഴ്ച പത്ര സമ്മേളനം നടത്തിയിരുന്നു. അതിലായിരുന്നു മണിപ്പൂരിലേത് സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് അക്രമമാണെന്ന് സൂചിപ്പിച്ചിരിക്കുന്നത്.

ആനി രാജക്കെതിരെ കേസെടുത്തതില്‍ അപലപിച്ച് പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) രംഗത്തെത്തി.

‘മണിപ്പൂര്‍ പൊലീസിന്റെ ക്രൂരവും ദുരുദ്ദേശപരവും മനസാക്ഷിയില്ലാത്തതുമായ അധികാര ദുര്‍വിനിയോഗമാണ് ഇത് കാണിക്കുന്നത്. സംഘട്ടന മേഖലകളില്‍ സന്ദര്‍ശനം നടത്തി സത്യം കണ്ടെത്താന്‍ ശ്രമിക്കുന്ന പൗരന്മാരെ ഭയപ്പെടുത്താന്‍ പൊലീസ് നിയമത്തെ ഉപയോഗിക്കുകയാണ്,’ പി.യു.സി.എല്‍ പ്രസ്താവനയില്‍ പറയുന്നു.

CONTENT HIGHLIGHTS: sedition case against ani raja

We use cookies to give you the best possible experience. Learn more