അങ്കാറ: സ്വീഡനിലെ തുര്‍ക്കി എംബസിക്ക് മുന്നില്‍ തീവ്ര വലതുപക്ഷ നേതാവ് ഖുര്‍ആന്‍ കത്തിച്ച സംഭവം വലിയ വിവാദമായിരിക്കെ, സ്വീഡന്റെ നാറ്റോ അംഗത്വ വിഷയത്തില്‍ പ്രതികരണവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍.
സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമില്‍ തുര്‍ക്കി എംബസിക്ക് മുന്നില്‍ തീവ്ര വലതുപക്ഷ നേതാവ് റാസ്മസ് പലുദന് ഖുര്‍ആന്റെ ഒരു കോപ്പി കത്തിച്ചതിനെതിരെ തുര്‍ക്കിയടക്കമുള്ള നിരവധി മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാറ്റോ പ്രവേശനത്തിന്റെ കാര്യത്തില്‍ തങ്ങളില്‍ നിന്നും ഒരു പിന്തുണയും പ്രതീക്ഷിക്കേണ്ടതില്ലെന്ന് നാറ്റോ അംഗരാജ്യം കൂടിയായ തുര്‍ക്കിയുടെ പ്രസിഡന്റ് വ്യക്തമാക്കിയത്.
”സ്റ്റോക്ക്‌ഹോമിലെ നമ്മുടെ എംബസിക്ക് മുന്നില്‍ ഇത്തരം ദൈവനിന്ദ അനുവദിക്കുന്നവര്‍ അവരുടെ നാറ്റോ അംഗത്വത്തിന് ഇനി നമ്മളുടെ പിന്തുണ പ്രതീക്ഷിക്കേണ്ടതില്ല.
തുര്‍ക്കി റിപ്പബ്ലിക്കിന്റെയോ മുസ്‌ലിങ്ങളുടെയോ മതവിശ്വാസങ്ങളോട് നിങ്ങള്‍ ബഹുമാനം കാണിക്കുന്നില്ലെങ്കില്‍, ഞങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നാറ്റോ അംഗത്വത്തിന് ഒരു പിന്തുണയും ലഭിക്കില്ല,” എര്‍ദോഗന്‍ പറഞ്ഞു.
സ്വീഡനൊപ്പം ഫിന്‍ലാന്‍ഡും നാറ്റോ പ്രവേശനത്തിനായുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ നാറ്റോയിലെ നിലവിലെ അംഗരാജ്യങ്ങളായ തുര്‍ക്കിയും ഹംഗറിയും ഇതുവരെ ഇതിന് അംഗീകാരം നല്‍കിയിട്ടില്ല.
അതിനിടെ, ഖുര്‍ആന്‍ കത്തിക്കലില്‍ അങ്കാറയിലെ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തിയ തുര്‍ക്കി വിശദീകരണം ചോദിച്ചിരുന്നു. സംഭവത്തെ തുര്‍ക്കി അപലപിക്കുന്നുവെന്ന് സ്വീഡിഷ് അംബാസഡറെ വളരെ കൃത്യമായി ബോധിപ്പിച്ചിട്ടുണ്ടെന്നും ഖുര്‍ആന്‍ കത്തിച്ച പ്രവര്‍ത്തി പ്രകോപനപരവും വ്യക്തമായും വിദ്വേഷ കുറ്റകൃത്യവുമാണെന്ന് പറഞ്ഞതായും തുര്‍ക്കി വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
‘സ്വീഡന്റെ നിലപാട് ഒട്ടും സ്വീകാര്യമല്ല. ഇത്തരം പ്രവര്‍ത്തികള്‍ അനുവദിക്കില്ലെന്നും ജനാധിപത്യ അവകാശങ്ങളുടെ മറവില്‍ ഇത്തരം വിശുദ്ധ മൂല്യങ്ങളെ അവഹേളിക്കുന്നതിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നുമാണ് ഞങ്ങളുടെ നിലപാട്,” എന്നായിരുന്നു തുര്‍ക്കി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന.
സംഭവത്തെ സ്വീഡന്‍ അപലപിച്ചിട്ടുണ്ടെങ്കിലും അത് മാത്രം പോരെന്നും കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും തുര്‍ക്കി അഭിപ്രായപ്പെട്ടു.
ഇസ്താംബൂളിലെ സ്വീഡിഷ് കോണ്‍സുലേറ്റിന് മുന്നിലും കഴിഞ്ഞ ദിവസം വലിയ പ്രതിഷേധങ്ങളാണ് നടന്നത്. സ്വീഡനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട പ്രതിഷേധക്കാര്‍ സ്വീഡന്റെ ദേശീയപതാക കത്തിച്ചുകൊണ്ടും തങ്ങളുടെ രോഷം പ്രകടിപ്പിച്ചു.
തുര്‍ക്കിക്ക് പുറമെ പാകിസ്ഥാന്‍, മൊറോക്കോ, ഇന്തോനേഷ്യ, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളും ഗള്‍ഫ് കോപറേഷന്‍ കൗണ്‍സില്‍, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോപറേഷന്‍ എന്നീ സംഘടനകളും സ്വീഡനിലെ വിദ്വേഷകരമായ ഖുര്‍ആന്‍ കത്തിക്കല്‍ പ്രവര്‍ത്തിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ഇതിനിടെ സ്വീഡനിലെ തീവ്ര വലതുപക്ഷ നേതാവ് റാസ്മസ് പലുദന് (Rasmus Paludan) തുര്‍ക്കി എംബസിക്ക് മുന്നില്‍വെച്ച് ഖുര്‍ആന്‍ കത്തിക്കാനുള്ള അനുമതി നല്‍കിയത് സ്വീഡിഷ് സര്‍ക്കാരാണെന്ന് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സംഭവസമയത്ത് പലുദന്‍ സ്വീഡിഷ് പൊലീസിന്റെ സംരക്ഷണയിലായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.
ജനുവരി 21നായിരുന്നു സ്വീഡിഷ്- ഡാനിഷ് പൊളിറ്റീഷ്യനായ റാസ്മസ് പലുദന് സ്റ്റോക്ക്‌ഹോമിലെ തുര്‍ക്കി എംബസിക്ക് പുറത്തുവെച്ച് ഖുര്‍ആന്‍ കോപ്പി കത്തിച്ചത്. ഇതിന് സ്വീഡിഷ് സര്‍ക്കാരിന്റെ നിശബ്ദ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഡെന്‍മാര്‍ക്കിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ സ്ട്രാം കുര്‍സിന്റെ (Stram Kurs party) തലവനും ഡാനിഷ്- സ്വീഡിഷ് ദേശീയതാ വംശീയവാദിയുമാണ് റാസ്മസ് പലുദന്‍. മുമ്പും ഇയാള്‍ ഇത്തരത്തില്‍ വംശീയപരവും ഇസ്‌ലാമോഫോബിക്കുമായ പ്രവര്‍ത്തികളുടെ പേരില്‍ കുപ്രസിദ്ധി നേടിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷവും ഇയാള്‍ ഇത്തരത്തില്‍ ഖുര്‍ആന്‍ കോപ്പികള്‍ പരസ്യമായി കത്തിച്ചിരുന്നു. കഴിഞ്ഞയാഴ്ച സ്റ്റോക്ക്‌ഹോമില്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ കോലം പലുദന്‍ കത്തിച്ചതായും ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
Content Highlight: Turkey president Erdogan warns Sweden on NATO bid after Quran burning controversy