| Sunday, 1st July 2012, 2:18 pm

സൈനികര്‍ വധിച്ചത് മാവോവാദികളെയല്ല; സാധാരണ ജനങ്ങളെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബിജാപ്പൂര്‍: ഛത്തിസ്ഗഡിലെ ബിജാപ്പൂറില്‍ സുരക്ഷാ സൈനികര്‍ കഴിഞ്ഞ ദിവസം മാവോവാദികളായി ചിത്രീകരിച്ച് കൊന്നത് മാവോവാദികളെയല്ലെന്ന് റിപ്പോര്‍ട്ട്. സമാധാനപരമായി സംഘം ചേര്‍ന്ന ഗ്രാമവാസികളെയായിന്നു സുരക്ഷാ സൈനികര്‍ കൊന്നതെന്നും ദി ഹിന്ദു ദിന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചവരില്‍ 12നും പതിനഞ്ചിനും മധ്യേ വയസ്സുള്ള കുട്ടികളും ഉള്‍പ്പെട്ടിരുന്നു. നാലോളം പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും ഹിന്ദുവിന്റെ റിപ്പോര്‍ട്ടിലുണ്ട്.

“അന്നു മരിച്ചവരില്‍ ആരും തന്നെ മാവോവാദികളല്ല. വരാന്‍ പോകുന്ന വിത്ത് മഹോത്സവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒത്തു കൂടിയവരായിരുന്നു ഞങ്ങള്‍. എല്ലാ വര്‍ഷവും കൃഷി ആരംഭിക്കുന്നതിനുമുമ്പുള്ളതാണ് ഈ ഉത്സവം” എന്ന് രാജ്‌പേട്ട സ്വദേശിയായ മാദ്കം ഗണപത് പറയുന്നു. മീറ്റിങ്ങ് മണിക്കൂറുകളോളം നീണ്ടു. തുടര്‍ന്ന് വളരെയധികം വരുന്ന സുരക്ഷാ സൈനികര്‍ തങ്ങളെ വളയുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

“പെട്ടെന്നു തന്നെ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഞങ്ങള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അപ്പോഴേക്കും നിരവധിപേര്‍ മുതുകത്തും നെഞ്ചിലും കാലിലും വെടിയേറ്റു വീണിരുന്നു.” അദ്ദേഹം പറഞ്ഞു. മരിച്ചവരില്‍ കാകാ സരസ്വതിയെന്ന 12 വയസ്സുകാരിയും ഉള്‍പ്പെടുന്നു.

ഇവിടെ മാവോവാദികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു. എന്നാലതേസമയം അവിടെ എങ്ങനെയാണ് ആറ് പോലീസുകാര്‍ കൊല്ലപ്പെട്ടത് എന്ന് ആര്‍ക്കും അറിഞ്ഞു കൂടാ. “സുരക്ഷാ സൈനികര്‍ ഞങ്ങളെ  വളയുകയായിരുന്നു. ഒരു പക്ഷേ അവര്‍ വെടിയുതിര്‍ത്തപ്പോള്‍അതില്‍ നിന്ന് തന്നെ അപകടം ഉണ്ടായതായിരിക്കാം” എന്ന് ഗണപത് പറഞ്ഞു.

എന്നെ വീട്ടിനു പുറത്തേക്ക് വലിച്ചിഴച്ചു. അടിക്കുകയും ചവിട്ടുകയും ചെയ്തു. എന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി. ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

വെടിവെയ്പ്പ് ദീര്‍ഘനേരം നീണ്ടു നിന്നു. “അതിനു ശേഷം സൈനികര്‍ ഗ്രാമത്തില്‍ ക്യാമ്പു ചെയ്തു. എന്നിട്ട് എന്നെ വീട്ടിനു പുറത്തേക്ക് വലിച്ചിഴച്ചു. അടിക്കുകയും ചവിട്ടുകയും ചെയ്തു. എന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി. ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.” പതിനാലുകാരിയായ ഒരു പെണ്‍കുട്ടിയുടെ വാക്കുകളാണിത്. മറ്റു മൂന്ന് പെണ്‍കുട്ടികള്‍ക്കുകൂടി ഇതേ അനുഭവം ഉണ്ടായതായും പെണ്‍കുട്ടി പറഞ്ഞു.

“സൈനികര്‍ അടുത്ത ദിവസം പുലര്‍ച്ചെവരെ ഗ്രാമത്തില്‍ തമ്പടിച്ചു. ടോയ്‌ലറ്റില്‍ പോകാനായി പുറത്തിറങ്ങിയ എന്റെ മകനുനേരെ വെടിവെച്ചു. അവന്‍ ഭയന്നു വിളിച്ച് വീട്ടിലേയ്ക്ക് ഓടിക്കയറി. എന്നിട്ടും സൈനികര്‍ വിട്ടില്ല. അവനെ പിന്തുടര്‍ന്ന് വന്ന് എന്റെ കണ്‍മുന്നിലിട്ട് കൊന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന 5000 രൂപയും അവര്‍ കവര്‍ന്നിരുന്നു.” ഈര്‍പ്പ രാജു എന്ന ഗ്രാമീണന്‍ പറയുന്നു.

“സി.ആര്‍.പി.എഫ് ക്യാമ്പിന് 16 കിലോമീറ്റര്‍ അകലെ മുതിര്‍ന്ന മാവോവാദി നേതാക്കള്‍ മീറ്റിങ്ങ് നടത്തുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. അതിനെ തുടര്‍ന്ന് മൂന്ന് കിലോമീറ്ററിനുള്ളല്‍ നടത്തിയ പട്രോളിങ്ങില്‍ കൊട്ടാഗുഡ എന്ന മാവോയിസ്റ്റ് ഗ്രാമത്തില്‍ നടന്ന മീറ്റിങ്ങിലേയ്ക്ക് സൈനികര്‍ തള്ളിക്കയറി. പെട്ടെന്നു തന്നെ ഞങ്ങളില്‍ അഞ്ചുപേര്‍ക്ക് വെടിയേറ്റു” എന്നാണ് ഒരു മുതിര്‍ന്ന പോലീസ്സുദ്യോഗസ്ഥന്റെ ഭാഷ്യം.

“ഞങ്ങള്‍ പരമാവധി പിടിച്ചു നിന്നു. സ്വയരക്ഷാര്‍ത്ഥം മാത്രമാണ് ഞങ്ങള്‍ക്ക് വെടിവെയ്‌ക്കേണ്ടി വന്നത്. ഞങ്ങളുടെ കൈവശം ഗ്രേനേഡും റോക്കറ്റുകളുമടക്കമുള്ള ആയുദ്ധങ്ങള്‍ ഉണ്ടായിട്ടും അതൊന്നും തന്നെ ഉപയോഗിച്ചിരുന്നില്ല. ഒരു ഗ്രാമത്തിലാണ് ഓപ്പറേഷന്‍ നടത്തുന്നതെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നു” ഓപ്പറേഷനില്‍ പങ്കെടുത്ത ഒരു സൈനികന്‍ വ്യക്തമാക്കി.

അതേസമയം മാവോവാദികള്‍ ആ ഗ്രാമത്തില്‍ നിരന്തരം സന്ദര്‍ശിക്കാറുണ്ട്. ഗ്രാമവാസികള്‍ അവരുമായി ഫെസ്റ്റിവല്‍ പോലുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുമുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഏതാനും മാവോവാദികള്‍ അവരുടെ യൂണിഫോമില്‍ അവിടങ്ങളില്‍ ചുറ്റുന്നുണ്ടായിരുന്നു. അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ ഒരു യുവാവ് നോട്ടീസ് കൊണ്ട് വന്നു തന്നു. “ഈ സംഭവം തീര്‍ത്തും വ്യാജ ഏറ്റു മുട്ടലാണ്” എന്ന് അതില്‍ എഴുതിയിരുന്നു. മരിച്ചവര്‍ എല്ലാവരും നിരപരാധികളായിരുന്നുവെന്നും അതില്‍ പറഞ്ഞിരുന്നു. ഹിന്ദുവിന്റെ റിപ്പോര്‍ട്ടര്‍ പറയുന്നു.

ബിജാപ്പൂര്‍ ജില്ലയിലെ സര്‍ക്കാജുണ്ട, കൊട്ടേഗുഡ, രാജ്‌പേട്ട എന്നീ ഗ്രാമങ്ങളിലെ അന്തരീക്ഷം ഇപ്പോഴും പുക നിറഞ്ഞു നില്‍ക്കുന്നു. നിലവിളികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. മരിച്ച ഗ്രാമവാസികളുടെ ചിതകളില്‍ നിന്നും ഇവ പുറത്തേക്കു വരുമ്പോള്‍ ഇത്രയും പേരെ കൂട്ടക്കുരുതി നടത്തിയ സൈനിക നടപടിക്കു നേരെ പല തലങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

 ഛത്തീസ്ഗഡില്‍ സി.ആര്‍.പി.എഫ് വധിച്ചത് ആദിവാസികളെയെന്ന് സാമൂഹിക പ്രവര്‍ത്തകര്‍

ന്യൂദല്‍ഹി: ഛത്തീസ്ഗഡില്‍ സി.ആര്‍.പി.എഫ് കൊന്നത് മാവോവാദികളെയല്ല മറിച്ച് ആദിവാസികളെയാണെന്ന് സാമൂഹിക പ്രവര്‍ത്തകരായ ഫ്രൊഫ: ഹരിഗോപാലും സ്വാമി അഗ്നിവേശും. ഛത്തീസ്ഗഡിലെ സുഖ്‌ന കലക്ടര്‍ അലക്‌സ് പോള്‍ മേനോന്റെ മോചനത്തിന് മധ്യസ്ഥം വഹിച്ചിരുന്നവരാണ് ഇരുവരും. ഛത്തീസ്ഗഡില്‍ 22 മാവോവാദികളെ ഏറ്റുമുട്ടലിലൂടെ കൊന്നെന്നാണ് സി.ആര്‍.പി.എഫ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നത്.

സൈന്യം കൊന്നത് നിഷ്‌കളങ്കരായ ജനങ്ങളെയാണെന്നാണ് തനിക്ക് കിട്ടിയ വിവരം. പരസ്പരം വെടിവെയ്പ്പുണ്ടായിട്ടില്ലെന്നും അഗ്നിവേശ് പറഞ്ഞു. ഛത്തീസ്ഗഡില്‍ ഇത്തരമൊരു “ഏറ്റുമുട്ടല്‍” നടന്നത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രൊഫസര്‍ ഹരിഗോപാല്‍ പറഞ്ഞു. അലക്‌സ് പോള്‍ മേനോന്റെ മോചനവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ചര്‍ച്ച നടത്തിപ്പോള്‍ ഗോത്ര മേഖലയില്‍ പോലീസ് സേനയെ വിന്യസിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഗോത്രവിഭാഗക്കാരുടെ സമ്മതമില്ലാതെ ഭൂജല ഖനനത്തിന് എം.എന്‍.സിയ്ക്ക് അനുമതി നല്‍കിയത് എന്തുകൊണ്ടാണെന്ന് സംസ്ഥാന മുഖ്യമന്ത്രിയോട് താന്‍ ചോദിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സാമൂഹിക പ്രവര്‍ത്തകരുടെ ആരോപണത്തിന് മറുപടിപറയാന്‍ സി.ആര്‍.പി.എഫ് ജനറല്‍ കെ വിജയകുമാര്‍ വിസമ്മതിച്ചു.

We use cookies to give you the best possible experience. Learn more