ധാക്ക: ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമി നേതാവ് മുഹമ്മദ് ഖമറുസ്സമാനെ തൂക്കിലേറ്റിയതിനെ തുടര്‍ന്ന് രാജ്യത്ത് കനത്ത ജാഗ്രതാ നിര്‍ദേശം. അദ്ദേഹത്തിന് വധശിക്ഷ നല്‍കിയതിനെതിരെ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി പ്രതിഷേധം സംഘടിപ്പിച്ച സാഹചര്യത്തിലാണ് തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന് സര്‍ക്കാര്‍ കനത്ത സുരക്ഷാ സന്നാഹം ഒരുക്കിയിരിക്കുന്നത്.
ബംഗ്ലാദേശ് ജമാഅത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായിരുന്ന ഖമറുസ്സമാനെ ധാക്ക സെന്‍ട്രല്‍ ജയിലില്‍ വെച്ച് ശനിയാഴ്ച രാത്രിയായിരുന്നു സര്‍ക്കാര്‍ തൂക്കിലേറ്റിയിരുന്നത്. ബംഗ്ലാദേശ് വിമോചന കാലത്ത് നടത്തിയ യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് അദ്ദേഹത്തെ കോടതി വധശിക്ഷക്ക് വിധിച്ചിരുന്നത്.
നിലവില്‍ സമാനമായ കുറ്റത്തിന് വധശിക്ഷ ലഭിക്കുന്ന രണ്ടാമത്തെ ജമാഅത്ത് നേതാവാണ് 62കാരനായ മുഹമ്മദ് ഖമറുസ്സമാന്‍. ജമാഅത്ത് നേതാവായിരുന്ന അബ്ദുല്‍ ഖാദിര്‍ മുല്ലയെ കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ തൂക്കിലേറ്റിയിരുന്നു. ഇതേ തുടര്‍ന്ന് വ്യാപക പ്രതിഷേധവും നടന്നിരുന്നു.