| Monday, 24th July 2023, 7:49 am

സുരക്ഷാ ഭീഷണി; മിസോറാമില്‍ നിന്നും 41 മെയ്തികള്‍ അസമിലെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: സുരക്ഷാ ഭീഷണിയെതുടര്‍ന്ന് മിസോറാമില്‍ നിന്നും 41 മെയ്തി വിഭാഗക്കാര്‍ അസമിലേക്ക് മടങ്ങിയെത്തിയതായി അധികൃതര്‍. സുരക്ഷ മുന്‍നിര്‍ത്തി മെയ്തി വിഭാഗക്കാരോട് സംസ്ഥാനം വിടണമെന്ന് മിസോറാമിലെ മുന്‍ വിഘടനവാദ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ തിരികെയെത്തിയിരിക്കുന്നത്.

മിസോറാമില്‍ നിന്നും ശനിയാഴ്ച രാത്രിയാണ് ഇവര്‍ സില്‍ചാറില്‍ എത്തിയതെന്നും ബിന്നാക്കണ്ടിയിലെ ലഖിപുര്‍ ഡെവലപ്‌മെന്റ് ബ്ലോക്കിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നതെന്നും കച്ചാറിലെ പൊലീസ് സൂപ്രണ്ട് നുമല്‍ മഹാട്ട പറഞ്ഞു.

സ്വന്തം വാഹനത്തിലാണ് ഇവരെല്ലാം എത്തിയതെന്നും മിസോറാമില്‍ ഇതുവരെ ആക്രമണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് ഇവര്‍ പറഞ്ഞതെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. മിസോറാം സര്‍ക്കാര്‍ തങ്ങള്‍ക്ക് സുരക്ഷ നല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നതായും എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തി തങ്ങള്‍ തിരിച്ചുവരുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. മിസോറാമിലെ സാഹചര്യങ്ങള്‍ സാധാരണ ഗതിയില്‍ ആകുന്നത് വരെ ഇവിടെ തുടരാനാണ് തീരുമാനമെന്ന് ഇവര്‍ അറിയിച്ചു.

മണിപ്പൂരില്‍ മെയ് 3ന് കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ആയിരക്കണക്കിന് മെയ്തി, കുകി, ഹമര്‍ വിഭാഗക്കാര്‍ അസമിലേക്ക് പാലായനം ചെയ്തിരുന്നു.

സംസ്ഥാനത്ത് താമസിക്കുന്ന മെയ്തി വിഭാഗക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും വ്യാജ വാര്‍ത്തകള്‍ക്ക് ചെവി കൊടുക്കരുതെന്നും മിസോറാം സര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചിരുന്നു.

രണ്ട് കുകി സ്ത്രീകളെ അക്രമികള്‍ നഗ്‌നരാക്കി നടത്തിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ മിസോറാമിലെ യുവാക്കള്‍ രോഷാകുലരാണെന്നെന്നും സംസ്ഥാനം വിടണമെന്നും മുന്‍ വിഘടനവാദ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നിരവധി പേര്‍ മിസോറാമില്‍ നിന്നും പലായനം ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനിടെയാണ് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പ് നല്‍കിയത്.

സുരക്ഷ മുന്‍നിര്‍ത്തി എത്രയും വേഗം സംസ്ഥാനം വിടണമെന്നായിരുന്നു എം.എന്‍.എസ് റിട്ടേണിസ് അസോസിയേഷന്‍ മെയ്തി വിഭാഗക്കാരോട് ആവശ്യപ്പെട്ടത്. മിസോറാമിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെയ്തി വിഭാഗക്കാരുടെ സെന്‍സസ് നടത്തുമെന്ന് മിസോ സ്റ്റുഡന്റ് യൂണിയനും അറിയിച്ചിരുന്നു.

‘മിസോറാമിലെ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണ്. മണിപ്പൂരില്‍ നടന്ന അതിക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവിടെ നിന്നുള്ള മെയ്തി വിഭാഗക്കാര്‍ മിസോറാമില്‍ സുരക്ഷിതരല്ല,’ എം.എന്‍.എസ് റിട്ടേണിസ് അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, മിസോറാമിലുള്ള മെയ്തി വിഭാഗക്കാരെ സംസ്ഥാനത്തേക്ക് എയര്‍ലിഫ്റ്റ് ചെയ്യാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. ഐസ്വാളില്‍ നിന്നും പ്രത്യേക എ.ടി.ആര്‍ വിമാനത്തില്‍ മെയ്തി വിഭാഗക്കാരെ എയര്‍ലിഫ്റ്റ് ചെയ്യാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നാണ് സൂചന.

ഐസ്വാളിലെ മെയ്തികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളെല്ലാം പൊലീസ് ഒരുക്കിയിട്ടുണ്ട്. വെറ്റി കൊളേജ്, മിസോറം യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ മെയ്തി വിഭാഗക്കാര്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

Content Highlight: Security Threat: 41  meitis reach assam from mizoram

We use cookies to give you the best possible experience. Learn more