തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് സുരക്ഷ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ഏജന്‍സിയിലെ ജീവനകാരായ വിഷ്ണു, രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരാളെകൂടെ പിടികൂടാനുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടിട്ടുണ്ട്.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിന് കൂട്ടിരിക്കാന്‍ വന്ന അരുണ്‍ദേവിനാണ് മര്‍ദ്ദനമേറ്റത്.
വെള്ളിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. അരുണ്‍ദേവിന് പകരം മറ്റൊരു ബന്ധു വെള്ളിയാഴ്ച്ച കൂട്ടിരിക്കാന്‍ വന്നു. ഇയാള്‍ക്ക് പാസ് നല്‍കാന്‍ വന്നപോഴാണ് അരുണിന് മര്‍ദ്ദനമേറ്റത്.
പാസ് കൈമാറുന്നത് കണ്ട സുരക്ഷ ജീവനക്കാര്‍ പാസ് വാങ്ങി കീറികളയുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. അരുണ്‍ദേവിനെ ഗേറ്റിനുള്ളിലേക്ക് കോളറില്‍ പിടിച്ച് വലിച്ചുകൊണ്ടുപോയി വീണ്ടും മര്‍ദ്ദിച്ചെന്നും പൊലീസ് പറയുന്നു.
അതേസമയം, അരുണ്‍ദേവ് തങ്ങളെ മര്‍ദ്ദിച്ചെന്ന് കാട്ടി സുരക്ഷ ജീവനക്കാരും പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍, യുവാവിന്റെ കൂടെ വേറെയും ആളുകളുണ്ടായിരുന്നെന്നും എല്ലാവരും ഒരുമിച്ച് അകത്തേക്ക് കയറാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിനിടയാക്കിയതെന്നും സുരക്ഷ വിഭാഗം മേധാവി പറഞ്ഞു.
സ്വകാര്യ സുരക്ഷ ജീവനക്കാരെ സംബന്ധിച്ച് പരാതി ലഭിക്കാറുണ്ടെന്നും എന്നാല്‍ ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചാലും നടപടിയൊന്നും ഉണ്ടാവാറില്ലെന്നും മെഡിക്കല്‍ കോളേജ് പൊലീസ് പറയുന്നു.