മിശ്രവിവാഹിതാരായ ദമ്പതികള്‍ക്ക് സുരക്ഷയൊരുക്കണം: ഉത്തരാഖണ്ഡ് ഹൈക്കോടതി
national news
മിശ്രവിവാഹിതാരായ ദമ്പതികള്‍ക്ക് സുരക്ഷയൊരുക്കണം: ഉത്തരാഖണ്ഡ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st October 2024, 9:06 am

ഡെറാഡൂണ്‍: മിശ്രവിവാഹിതാരായ ദമ്പതികള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ഉത്തരാഖണ്ഡ് പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. സര്‍വാര്‍ ഖേഡ ഗ്രാമത്തിലെ 19 കാരിയായ മുസ്‌ലീം യുവതിയും ഹിന്ദു യുവാവും വിവാഹിതരായതിനെ തുടര്‍ന്ന് ഇരുവര്‍ക്കും എതിരെ ഭീഷണി ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി സുരക്ഷ ഒരുക്കാന്‍ ഉത്തരവിട്ടത്.

മിശ്രവിവാഹത്തെ തുടര്‍ന്ന് യുവാവിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം ഭീഷണിയുയര്‍ത്തിതോടെ ദമ്പതികള്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. പിന്നാലെ കേസ് പരിഗണിച്ച കോടതി ഉധം സിംങ് നഗര്‍ പൊലീസിനോട് ഇരുവര്‍ക്കും സുരക്ഷ ഒരുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ആക്ടിങ് ചീഫ് ജസ്റ്റിസ് മനോജ് തിവാരി, ജസ്റ്റിസ് വിവേക് ഭാരതി ശര്‍മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

പെണ്‍കുട്ടിയുടെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും ഉപദ്രവങ്ങളില്‍ നിന്നും ഹരജിക്കാരന് മതിയായ സുരക്ഷ നല്‍കണമെന്നും ഇരുവരുടെയും പ്രായം പരിശോധിക്കണമെന്നും അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കി. ഹരജിയില്‍ അടുത്ത വാദം ഒക്ടോബര്‍ 24ന് നടത്താനും കോടതി ഷെഡ്യൂള്‍ ചെയ്തു.

ഹിന്ദു പെണ്‍കുട്ടിയുടെ കുടംബത്തില്‍ നിന്നും മിശ്രവിവാഹിതാരായ ദമ്പതികള്‍ക്ക് ഭീഷണി നേരിടുന്നുണ്ടെന്നും ഇവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും പെണ്‍കുട്ടി ഏഴ് മാസം ഗര്‍ഭിണിയാണെന്നും കാണിച്ച് ഹരിദ്വാര്‍ പൊലീസ് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരന്മാരും അമ്മാവന്മാരും ഉള്‍പ്പെടെ ഒമ്പത് കുടുംബാംഗങ്ങളും ചേര്‍ന്ന് ഇവരുടെ വിവാഹത്തെ എതിര്‍ക്കുന്നതായും ഭീഷണിപ്പെടുത്തുന്നതായുമാണ് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയത്. ഇവരുടെ ഭീഷണി തന്റെയും പങ്കാളിയുടെയും ജീവന് ഭീഷണിയാണെന്നും പെണ്‍കുട്ടി പറഞ്ഞു.

Content Highlight: Security should be provided to intermarried couples: Uttarakhand High Court