| Thursday, 30th July 2020, 10:20 am

'മോദിയുമായി സമ്പര്‍ക്കത്തിന് സാധ്യത'; സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 14 ദിവസത്തെ മുന്‍കൂര്‍ നിരീക്ഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാവരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം.

ഓഗസ്റ്റ് ഒന്ന് മുതല്‍ 14 വരെ നിരീക്ഷണത്തില്‍ പോകാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചടങ്ങിനെത്തുന്നവര്‍ക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് ബന്ധം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടു വെച്ചത്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് മുന്‍കൂര്‍ നിരീക്ഷണം നിര്‍ബന്ധമാക്കിയതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.

ചെങ്കോട്ടയില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കളാണ് പങ്കെടുക്കുക. ഇവരുടെ കൂടി സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി.

ഇന്ത്യന്‍ കരസേന, വ്യോമസേന, നാവികസേന, ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍, ഡ്രൈവര്‍മാര്‍, ഓപ്പറേറ്റര്‍മാര്‍, പാചകക്കാര്‍, പരിശീലകര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് നിരീക്ഷണത്തില്‍ പോകാനുള്ള നിര്‍ദേശം നല്‍കിയത്.

സ്വാതന്ത്ര്യദിന പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി സന്ദര്‍ശകരെ അടുത്തു ചെന്ന് കാണുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ആ ചടങ്ങ് ഉണ്ടാവില്ലെന്നാണ് സൂചന.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടികള്‍ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നേരത്തെ തന്നെ ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പകരം പരിപാടികളും ആഘോഷങ്ങളും ‘വെബ് കാസ്റ്റ്’ ചെയ്യാനാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്.

ജനപങ്കാളിത്തമുണ്ടാകുന്ന പരിപാടികളൊന്നും സംഘടിപ്പിക്കാന്‍ പാടില്ല. പകരം സാങ്കേതിക വിദ്യയെ അനുയോജ്യമായ രീതിയില്‍ ഉപയോഗപ്പെടുത്തി പരിപാടികള്‍ സംഘടിപ്പിക്കാം എന്നാണ് നിര്‍ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more