ശിവശങ്കറിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞ് സുരക്ഷാ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം: ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ
Kerala
ശിവശങ്കറിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞ് സുരക്ഷാ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം: ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th October 2020, 3:07 pm

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പി.ആര്‍.എസ് ആശുപത്രിയില്‍ നിന്നും മാറ്റുന്നതിനിടെ സംഘര്‍ഷം.

ശിവശങ്കറിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടയുകയുമായിരുന്നു.

വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം സെക്യൂരിറ്റി ജീവനക്കാര്‍ പിടിച്ചുതള്ളി. സംഘര്‍ഷത്തില്‍ അമൃത ചാനലിന്റെ മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനമേറ്റിട്ടുണ്ട്. സംഘര്‍ഷത്തിന് പിന്നാലെ പൊലീസ് സംഭവസ്ഥലത്തെത്തി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കാണ് ശിവശങ്കറിനെ മാറ്റിയത്. ഇവിടെ അത്യാഹിത വിഭാഗത്തിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ശിവശങ്കറിനെ ആശുപത്രിയില്‍ നിന്നും മാറ്റുന്നതറിഞ്ഞ് പി.ആര്‍.എസ് ആശുപത്രിയുടെ മൂന്ന് കവാടങ്ങളിലും മാധ്യമപ്രവര്‍ത്തകരുണ്ടായിരുന്നു. എന്നാല്‍ ഈ മൂന്ന് വാതില്‍ വഴിയും എത്തിക്കാതെ അത്യാഹിത വിഭാഗത്തിലെ വാതിലുകള്‍ വഴിയായിരുന്നു അദ്ദേഹത്തെ പുറത്തിറക്കിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ദൃശ്യം പകര്‍ത്താന്‍ കഴിയാത്ത രീതിയിലായിരുന്നു അദ്ദേഹത്തെ ജീവനക്കാര്‍ പുറത്തിറക്കിയത്.

ഇതിനിടെ ആംബുലന്‍സിലേക്ക് കയറ്റുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോഴായിരുന്നു സെക്യൂരിറ്റിക്കാര്‍ തടഞ്ഞത്.

ശിവശങ്കറിന് ഹൃദയസംബന്ധമായ അസുഖങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. എം.ആര്‍.ഐ, ആന്‍ജിയോഗ്രാം പരിശോധനകള്‍ ശിവശങ്കറിന് പൂര്‍ത്തിയാക്കിയിരുന്നു. ഇതിലൊന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ നട്ടെലിന് ക്ഷതമുണ്ടെന്നാണ് ഇന്ന് രാവിലെ പി.ആര്‍.സി ആശുപത്രി ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞത്.

പി.ആര്‍.എസ് ആശുപത്രിയില്‍ ഇന്നലെ ശിവശങ്കറിനെ പ്രവേശിപ്പിച്ചതുമുതല്‍ ആശുപത്രി മാറ്റണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ശിവശങ്കറിന് സ്വാധീനമുള്ള ആശുപത്രിയായതുകൊണ്ടാണ് ആശുപത്രി മാറ്റം കസ്റ്റംസ് ആവശ്യപ്പെട്ടതെന്നാണ് സൂചന.
ഇതിന് പിന്നാലെ കസ്റ്റഡി സാധ്യതയിലേക്ക് നീങ്ങുമെന്ന സൂചനകളും വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Security personnel blocked journalists to take pictures of M Sivashankar