നിങ്ങള്‍ ഉപയോഗിക്കുന്നത് സാംസങ് ഗാലക്‌സി ഫോണ്‍ ആണോ? എങ്കില്‍ ഇത് നിങ്ങള്‍ക്കൊരു മോശം വാര്‍ത്തയാണ്. നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നു. ഈ ഫോണുകള്‍ക്കകത്തുള്ള ഒരു സംവിധാനത്തിന്റെ സുരക്ഷാ പരിമിതിയാണ് നിങ്ങളുടെ ഫോണിനെ ഭീഷണിയിലാക്കുന്നതെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
600 മില്ല്യണ്‍ സാംസങ് മൊബൈല്‍ ഡിവൈസുകളില്‍ ഉപയോഗിച്ചിട്ടുള്ള സ്വിഫ്റ്റ് കീ കീബോര്‍ഡ് സംവിധാനം ഏളുപ്പത്തില്‍ ഹാക്ക് ചെയ്യാനും അതുവഴി വിവരങ്ങള്‍ ചോര്‍ത്താനും സാധിക്കുമെന്ന് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ നൗസെക്വറിലെ ഗവേഷകനായ റയന്‍ വെല്‍ട്ടന്‍ പറയുന്നു. ലണ്ടനില്‍ നടന്ന ബ്ലാക് ഹാറ്റ് സെക്യൂരിറ്റി കോണ്‍ഫറന്‍സിലാണ് റയന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
സാംസങ് ഡിവൈസുകളിലെ ഈ പിഴവ് സാസംങ് ഗാലക്‌സി ഉപയോക്താക്കളെ നിരീക്ഷിക്കാനും മറ്റൊരിടത്തുനിന്ന് സെന്‍സറുകളും ജി.പി.എസ്, കാമറ മൈക്രോഫോണ്‍ എന്നിവ ഉപയോഗിക്കാനും ഹാക്കര്‍മാരെ അനുവദിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ അപകടകാരികളായ ആപ്ലിക്കേഷനുകള്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും അതുവഴി ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഹാക്കര്‍മാര്‍ക്ക് നിയന്ത്രിക്കാനാകും.
ഫോണ്‍ കോളുകള്‍, മെസ്സേജുകള്‍, ചിത്രങ്ങള്‍ വീഡിയോകള്‍ അടക്കമുള്ള സ്വകാര്യവിവരങ്ങള്‍ എന്നിവ ചോര്‍ത്താനാകുമെന്നും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
സാംസങ് ഫോണുകളിലെ സുരക്ഷാഭീഷണിയെ കുറിച്ച് നവംബറില്‍ നൗ സെക്വര്‍ നിരവധി തവണ സാംസങിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അത് പരിഹരിക്കാന്‍ ഇതുവരെ കമ്പനി തയ്യാറായിട്ടില്ല. അതിനാലാണ് അവര്‍ ഗവേഷണ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്. സൈബര്‍ സുരക്ഷാ ഭീഷണിയുള്ള സംവിധാനങ്ങളെ 1 മുതല്‍ 10 വരെ റാങ് ചെയ്താല്‍ സാംസങിലെ ഈ സുരക്ഷാ ഭീഷണി 8.3 റാങ്കില്‍ വരുമെന്ന് നൗ സെക്വര്‍ സി.ഇ.ഒ ആന്‍ഡ്ര്യൂ പറഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.