ചത്തീസ്ഗഡിലെ കാംഗേറില്‍ ഏറ്റുമുട്ടല്‍; 29 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന
national news
ചത്തീസ്ഗഡിലെ കാംഗേറില്‍ ഏറ്റുമുട്ടല്‍; 29 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th April 2024, 8:45 pm

റായ്പൂർ: ചത്തീസ്ഗഡിലെ കാംഗേറില്‍ നടന്ന ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ടെന്നും ഏറ്റുമുട്ടല്‍ തുടരുന്നതായും ബി.എസ്.എഫ് അറിയിച്ചു. വെള്ളിയാഴ്ച ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബസ്തര്‍ മണ്ഡലത്തിലാണ് കാംഗേര്‍.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സുരക്ഷാ സേനയും മാവോയിസ്റ്റ് സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മാവോയിസ്റ്റ് മേഖലകളിലൊക്കെ വലിയ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന സ്ഥലമായതിനാല്‍ ബസ്തറിലും വലിയ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കൂടുതല്‍ മാവോയിസ്റ്റുകള്‍ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്നും ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുന്നതായും ബി.എസ്.എഫ് അറിയിച്ചു.

ഉച്ചക്ക് രണ്ട് മണിയോടെയാണ് ബിനഗുണ്ട, കോര്‍നൂര്‍ എന്നീ ഗ്രാമങ്ങളില്‍ ഏറ്റുമുട്ടല്‍ ആരംഭിക്കുന്നത്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെയും ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞത്.

Content Highlight: Security forces killed 29 Maoists in Chhattisgarh