| Sunday, 21st April 2024, 12:38 pm

ഇറ്റലിയിലെ മുസ്‌ലിം പള്ളികളുടെ വര്‍ധനവില്‍ സുരക്ഷാസേനക്ക് ആശങ്കയുള്ളതായി റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റോം: ഇറ്റലിയില്‍ മുസ്‌ലിം പള്ളികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ സുരക്ഷാ സേനക്ക് ആശങ്കയുള്ളതായി റിപ്പോര്‍ട്ടുകള്‍. റോമില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന 53 പള്ളികള്‍ സുരക്ഷാ സേന നിരീക്ഷിച്ച് വരികയാണെന്നും വിവിധ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തലസ്ഥാനമായ റോമിലും ഇറ്റലിയുടെ മറ്റുപ്രദേശങ്ങളിലും മുസ്‌ലിം കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെ സുരക്ഷാസേന ആശങ്കയോടെയാണ് നോക്കിക്കാണുന്നത് എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മാത്രവുമല്ല, മുസ്‌ലിം കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് ആരാധനാലയങ്ങളും വര്‍ദ്ധിക്കുന്നുണ്ടെന്നും ഇത് തീവ്രവാദത്തിന് കാരണമാകുമോ എന്നും സുരക്ഷാസേന ആശങ്കപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

‘റോമില്‍ ഗാരേജുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, വെയര്‍ഹൗസുകള്‍ എന്നിവ കേന്ദ്രീകരിച്ച് പള്ളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ കൂടാതെ നിരവധി ഭൂഗര്‍ഭ അറകളും പള്ളികളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ ഭൂഗര്‍ഭ അറകളില്‍ പ്രവര്‍ത്തിക്കുന്ന പള്ളികളുടെ എണ്ണം ഒരു ദശാബ്ദം കൊണ്ട് 30ല്‍ നിന്ന് അതിന്റെ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. ഇത്തരം പള്ളികള്‍ സുരക്ഷാസേനയുടെ നിരീക്ഷണത്തിലാണ്’ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് ഒരു ഇറ്റാലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത്തരം ചില പള്ളികള്‍ നിയവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഇതിന് അധികാരികളില്‍ ചിലര്‍ സഹായം ചെയ്ത് നല്‍കുന്നുണ്ട്. ഇങ്ങനെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പള്ളികളുടെ എണ്ണം നൂറിലധികമാണെന്നും ഇത് റോമിനെ ഒരു ഇസ്‌ലാമിക തലസ്ഥാനമാക്കുന്നതിന് കാരണമാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതേസമയം റോമില്‍ മാത്രമല്ല ഇറ്റലിയുടെ മറ്റു ഭാഗങ്ങളിലും ഇത്തരത്തില്‍ അനുമതിയില്ലാതെ മുസ്‌ലിം ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈദ് ദിനത്തില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ മിലാനിലടക്കം ഇത്തരം ചില പള്ളികള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മുസ്‌ലിങ്ങള്‍ ജൂതന്‍മാരെ പുറത്താക്കുമെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടെന്നും, ഇറ്റലി ഇസ്‌ലാമിനോട് അടുത്തുനില്‍ക്കുന്ന രാജ്യമാണെന്നും, ഇറ്റലി വഴി ഇസ്‌ലാം പടിഞ്ഞാറിനെ കീഴടക്കുമെന്നും ഭൂഗര്‍ഭ അറകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു പള്ളിയില്‍ ആരാധന നടത്തുന്ന വിശ്വാസിയെ ഉദ്ധരിച്ച് കൊണ്ട് ‘Immigrants and Violence, The Muslims Who Hate Italy.’ എന്ന ഡോക്യമെന്ററി പറയുന്നു. ചര്‍ച്ചുകളില്‍ പ്രായമായ ഏതാനും ചിലര്‍ മാത്രമാണുള്ളതെന്നും ഒരു ഇസ്‌ലാം മത വിശ്വാസിയെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും കുടിയേറുന്നവരുടെ പ്രവേശന കവാടമാണ് ഇറ്റലി. ഇറ്റലിയിലെ തദ്ദേശീയരായ ജനങ്ങളുടെ ശരാശരി പ്രായം 47.7 ആയി വര്‍ദ്ധിച്ചതും, ജനന നിരക്ക് 1.3 ആയി ചുരുങ്ങിയതും ഇറ്റലിയെ മുസ്‌ലിം വിശ്വാസികളുടെ എണ്ണത്തിന്റെ വര്‍ധനവിന് കാരണമായിട്ടുണ്ടെന്നാണ് ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

കുടിയേറ്റം തടയുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കുടിയേറ്റം സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്‍ നയം നടപ്പില്ലാക്കേണ്ടതിനാല്‍ ആ പ്രഖ്യാപനം നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

നേരത്തെ നെതര്‍ലാന്റ്‌സില്‍ നിന്നുള്ള ഇസ്‌ലാമിക് സ്റ്റേറ്റ്- ഖോറാസാന്‍ എന്ന ഭീകര സംഘടയുടെ അംഗത്തെ ഇറ്റാലിയന്‍ പൊലീസ് പിടികൂടിയതും അന്വേഷണ സംഘത്തിന്റെ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കഴിഞ്ഞ മാസം മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ്.ഐ.എസ്.കെ എന്ന ഈ സംഘടന ഏറ്റെടുത്തിരുന്നതും സുരക്ഷ ഏജന്‍സികള്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.

CONTENT HIGHLIGHTS: Security forces are reportedly concerned about the rise of mosques in Italy

Latest Stories

We use cookies to give you the best possible experience. Learn more