| Wednesday, 13th December 2023, 1:35 pm

പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച; കളര്‍ സ്‌പ്രേയുമായി യുവാവ് സന്ദര്‍ശക ഗ്യാലറിയില്‍ നിന്നും എം.പിമാര്‍ക്കിടയിലേക്ക് ചാടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ച. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്‌സഭാ സന്ദര്‍ശക ഗാലറിയില്‍ നിന്നും രണ്ട് പേര്‍ താഴെ എം.പിമാര്‍ ഇരിക്കുന്ന ചേംബറിലേക്ക് ചാടി.

ഇവരുടെ കൈവശം കളര്‍ സ്‌മോക്കുണ്ടായിരുന്നു. സംഭവത്തില്‍ ഒരു യുവതിയടക്കം മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്യാവാക്യം വിളികളുമായാണ് ഇവര്‍ എം.പിമാര്‍ക്കിടയിലേക്ക് ചാടിയതെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ഏകാധിപത്യം അനുവദിക്കില്ലെന്നുള്ള മുദ്രാവാക്യമാണ് ഇവര്‍ ഉയര്‍ത്തിയത്.

പാര്‍ലമെന്റ് നടപടികള്‍ കാണാന്‍ വന്ന ആളുകള്‍ക്കിടയില്‍ നിന്നാണ് എം.പിമാര്‍ ഇരിക്കുന്ന ഇരിപ്പിടത്തിലേക്ക് ഇവര്‍ ചാടിവീണത്.

മഞ്ഞ നിറത്തിലുള്ള ഗ്യാസാണ് ആദ്യം പുറത്തേക്ക് വന്നതെന്ന് എം.പിമാര്‍ പറഞ്ഞു. സംഭവം നടന്ന ഉടന്‍ തന്നെ സഭയിലുണ്ടായിരുന്ന എം.പിമാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവിടെ നിന്നും മാറ്റി.

കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന വഴിയും പ്രതിഷേധക്കാര്‍ പാര്‍ലമെന്റിന് പുറത്തും പുക വമിപ്പിച്ച് പ്രതിഷേധിക്കുന്നുണ്ടായിരുന്നു. ഷൂവിനകത്ത് നിന്നാണ് ഇവര്‍ കളര്‍ സ്‌മോക്ക് പുറത്തെടുത്തത്.

പ്രതിഷേധിച്ചവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. സംഭവത്തിന്റെ പ്ശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ സുരക്ഷാ വിന്യാസം കൂട്ടി.

പുക ഉയര്‍ന്ന ഉടന്‍ തന്നെ ഒരു ശബ്ദവും കേട്ടുവെന്നും കണ്ണിനൊക്കെ അസ്വസ്ഥതകള്‍ ഉണ്ടായെന്നും എം.പിമാര്‍ പറഞ്ഞു.

ഭീകരമായ രീതിയിലുള്ള സംഭവ വികാസങ്ങളാണ് സഭയിലുണ്ടായിരുന്നത് എന്നാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി പ്രതികരിച്ചത്. പുക വമിച്ചതോടെ അംഗങ്ങള്‍ ഇറങ്ങിയോടിയെന്നും ഇത്തരം വസ്തുക്കളുമായി എങ്ങനെയാണ് അകത്ത് കയറിയതെന്നും അദ്ദേഹം ചോദിച്ചു. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിലാണ് സുരക്ഷാ വീഴ്ച.

We use cookies to give you the best possible experience. Learn more