|

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സുരക്ഷാവീഴ്ച; പതോളജി ലാബിലേക്കയച്ച ശരീരഭാഗങ്ങളുടെ സാംപിളുകള്‍ മോഷണം പോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പേട്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരമായ സുരക്ഷാവീഴ്ച. മെഡിക്കല്‍ കോളേജില്‍ നിന്ന് പതോളജി ലാബിലേക്ക് അയച്ച ശരീരഭാഗങ്ങളുടെ സാംപിളുകള്‍ മോഷണം പോയി. 17 രോഗികളുടെ സാമ്പിളുകളാണ് മോഷണം പോയത്.

സാംപിളുകള്‍ സമീപത്തുണ്ടായിരുന്ന ഒരു ആക്രിവില്‍പ്പനക്കാരന്‍ മോഷ്ടിക്കുകയായിരുന്നു. നിലവില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മെഡിക്കല്‍ കോളേജ് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മോഷ്ടിക്കപ്പെട്ട സാംപിളുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ആംബുലന്‍സില്‍ പതോളജി ലാബിലേക്ക് കൊണ്ടുപോയ സാംപിളുകള്‍ ജീവനക്കാര്‍ ലാബ് കെട്ടിടത്തിന്റെ കോണിപ്പടിക്ക് താഴെ വെക്കുകയായിരുന്നു. ഇവിടെ നിന്നാണ് ആക്രിവില്‍പ്പനക്കാരന് സാംപിളുകളുടെ ബോക്‌സ് ലഭിക്കുന്നത്.

തിരിച്ചുവന്ന ജീവനക്കാര്‍ ബോക്‌സ് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സാംപിളുകള്‍ മോഷണം പോയെന്ന വിവരം സ്ഥിരീകരിക്കുന്നത്. എന്നാല്‍ ആക്രിയാണെന്ന് കരുതിയാണ് താന്‍ സാംപിളുകളുടെ ബോക്‌സ് എടുത്തതെന്നാണ് ആക്രിവില്‍പ്പനക്കാരന്‍ നല്‍കിയ മൊഴി.

തുടര്‍ന്ന് ആശുപത്രിയുടെ പിന്‍ഭാഗത്തുള്ള ഒരു പറമ്പില്‍ നിന്ന് ശരീരഭാഗങ്ങള്‍ ലഭിക്കുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് ലാബ് കെട്ടിടത്തില്‍ നിന്ന് ആക്രിവില്‍പ്പനക്കാരന്‍ ഇത് മോഷ്ടിച്ചതാണെന്ന് സ്ഥിരീകരിച്ചത്.

സാംപിളുകള്‍ക്ക് മറ്റു കേടുപാടുകള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. രാസലായനിയില്‍ പ്രത്യേകമായി സൂക്ഷിച്ചിരുന്നതിനാല്‍ കേടുപാടുകള്‍ സംഭവിച്ചില്ലെന്നാണ് വിവരം. രോഗികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Content Highlight: Security breach at Thiruvananthapuram Medical College; Body samples sent to pathology lab stolen