തൃശൂർ പൂരത്തിന് വൻ സുരക്ഷ; ബാഗുകൾ അനുവദിക്കില്ല
national news
തൃശൂർ പൂരത്തിന് വൻ സുരക്ഷ; ബാഗുകൾ അനുവദിക്കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th May 2019, 11:48 pm

തൃശൂര്‍: തൃശൂര്‍ പൂരം കാണാനായി എത്തുന്നവർ ബാഗുകൾ കൂടെ കൊണ്ട് വരാൻ പാടില്ലെന്ന് സർക്കാർ നിർദ്ദേശം. സുരക്ഷ പരിഗണിച്ചാണ് ജനങ്ങൾ ബാഗുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നിർദ്ദേശം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും ഉദ്യോഗസ്ഥരും പൊലീസും നേരിട്ട് രംഗത്തിറങ്ങും എന്നാണ്‌ റിപ്പോർട്ടുകൾ. പൂരം വെടിക്കെട്ടിന് കൂടുതല്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്താനും മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ദേവസ്വം അധികൃതരുടെയും സംയുക്തയോഗം തീരുമാനിച്ചു.

ഇക്കാര്യം കണക്കിലെടുത്ത് തൃശൂർ നഗരത്തിലെ സി.സി.ടി.വി. ക്യാമറകളുടെ എണ്ണം വർധിപ്പിക്കും. ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി മോക്ക് ഡ്രില്‍ നടത്തും. ഓരോ വെടിക്കെട്ടിലും ഉപയോഗിക്കുന്ന കരിമരുന്നിന്റെ അളവ് എത്രയെന്ന് പ്രത്യേകമായി രേഖപ്പെടുത്തി ജില്ലാ കളക്ടര്‍ക്ക് നല്‍കാന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വെടിക്കെട്ട് നടത്തുന്ന വിദഗ്ദ തൊഴിലാളികളുടെ പൂര്‍ണമായ പേരുവിവരവും കളക്ടര്‍ക്ക് നല്‍കണം.

പൂരത്തിന്റെ സമയത്ത് വെടിക്കെട്ട് സ്ഥലത്ത് നിയോഗിക്കപ്പെടുന്ന വളണ്ടിയര്‍മാരും കമ്മിറ്റി അംഗങ്ങളും തിളങ്ങുന്ന ജാക്കറ്റ് നിര്‍ബന്ധമായി ധരിച്ചിരിക്കണമെന്ന് എക്‌സ്‌പ്ലോസീവ്‌സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വളണ്ടിയര്‍മാരുടെ പട്ടിക നേരത്തെ തന്നെ കളക്ടര്‍ക്ക് നല്‍കണം. ജാക്കറ്റും തിരിച്ചറിയല്‍ കാര്‍ഡുമില്ലാത്ത വളണ്ടിയര്‍മാരെ വെടിക്കെട്ട് സ്ഥലത്തേക്ക് ഒരു കാരണവശാലും പ്രവേശിപ്പിക്കില്ല.

ഷെഡിന് പുറത്തേക്ക് കരിമരുന്ന് അനുവദിക്കാൻ പാടില്ലെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇലഞ്ഞിത്തറ മേളത്തിനായി ക്ഷേത്രത്തിലേക്ക് എത്തുന്നവരെ മെറ്റല്‍ ഡിറ്റക്റ്ററിലൂടെ മാത്രമേ കടത്തിവിടൂ. ഘടകപൂരങ്ങളുടെ ഭാഗമായി എത്തുന്നവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പൂരപ്പറമ്പില്‍ സ്ഥാപിച്ച വാട്ടര്‍ ഹൈഡ്രന്റുകള്‍ വാട്ടര്‍ അതോറിറ്റിയും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.