മതേതരത്വമാണ് എന്റെ ദേശം: എം മുകുന്ദന്‍
Kairali International Cultural Festival
മതേതരത്വമാണ് എന്റെ ദേശം: എം മുകുന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th January 2019, 10:27 pm

കണ്ണൂര്‍: ദേശമെന്നത് ഫിസിക്കല്‍ ആവണമെന്നില്ലെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. എന്തുകൊണ്ട് അത് ആശയമായിക്കൂടാ. മതേതരത്വമാണ് തന്റെ ദേശം. ആശയംകൊണ്ട് ദേശം സൃഷ്ടിച്ചയാളാണ് ആനന്ദ്. അതേസമയം നോവലിന് ഇടം ആവശ്യമാണെന്നും മുകുന്ദന്‍ പറഞ്ഞു. കൈരളി ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ എഴുത്തിലെ ദേശം സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശം സാഹിത്യപഠനങ്ങളില്‍ വരുന്നത് അടുത്ത കാലത്താണ്. പുതിയ കാലത്ത് എഴുത്തുകാരന്റെ ദേശം നിര്‍ണയിക്കുക എളുപ്പമല്ല. മയ്യഴിയില്‍ ജനിച്ച് 20 വയസ്സുവരെ അവിടെ ജീവിച്ച താന്‍ പിന്നീട് 40 വര്‍ഷം ഡല്‍ഹിയിലാണ് കഴിഞ്ഞത്. നോവലിന്റെ ഭാഷ നിര്‍ണയിക്കുന്നത് എഴുത്തുകാരനല്ല, നോവല്‍ തന്നെയാണ്. മയ്യഴിയെ നമുക്ക് നിലനിര്‍ത്താനാവില്ല. പക്ഷേ അവിടുത്തെ ഭാഷയെ നിലനിര്‍ത്താനാവും. മയ്യഴിയിലെ ഭാഷയെ അടയാളപ്പെടുത്താനാണ് താന്‍ രണ്ടു നോവലുകളെഴുതിയത്. എം.മുകുന്ദന്‍ പറഞ്ഞു.

ദേശം സ്വത്വ പ്രതിസന്ധി നേരിടുന്നതായി കെ വി മോഹന്‍കുമാര്‍ ഐ.എ.എസ് അഭിപ്രായപ്പെട്ടു. ഒ.വി വിജയന്റെ നോവലിലെ തസ്റാക്കിലല്ല കൂമന്‍കാവുള്ളത്. തന്റെ നോവലിലെ കരപ്പുറം ഇന്നില്ല. കരപ്പുറത്തിന്റെ തനതുകള്‍ ഇന്നവിടെയില്ല. ആ ദേശത്തിന്റേതായ ഭാഷയോ ഭക്ഷണമോ ഇന്നില്ല. എസ്.കെ പൊറ്റകാടിന്റെ ദേശത്തിന്റെ കഥയിലെ അതിരാണിപ്പാടം ഇന്നവിടെയില്ല. ഭാഷ അടയാളപ്പെടുത്താന്‍ മാത്രമായി രചന ആവശ്യമില്ല. പഴയ കരപ്പുറം ഭാഷ ലഭിക്കാന്‍ തനിക്ക് 90 വയസ്സുള്ള ആളുകളോട് സംസാരിക്കേണ്ടിവന്നു. പുതിയ തലമുറ അതുപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശത്തെ അറിയിക്കുകയാണ് നോവല്‍ ചെയ്യുന്ന ദൗത്യമെന്നു തോന്നിയിട്ടുണ്ടെന്ന് നോവലിസ്റ്റും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സി.വി ബാലകൃഷ്ണന്‍ പറഞ്ഞു.

നോവലുകളും ചെറുകഥകളും വായിച്ചാണ് താന്‍ ലണ്ടന്‍, സെന്റ് പീറ്റേഴ്സ്ബര്‍ഗ് തുടങ്ങി പല നാടുകളെയും അടുത്തറിഞ്ഞത്. നോവലുകള്‍ ഭൂമിശാസ്ത്രപഠനം കൂടിയാണ്. മയ്യഴിയിലെ പോലെ എന്റെ നാട്ടില്‍ പുഴയോ കുന്നുകളോ ഇല്ല. തരിശായതിനാല്‍ താനതിനെ കൂടെ കൊണ്ടുപോയില്ല. എന്റെ ആയുസ്സിന്റെ പുസ്തകത്തില്‍ പ്രത്യേക സ്ഥലം ഇല്ല. അതിനാല്‍ മുകുന്ദനോട് അസൂയയാണ്. തന്റെ ആത്മകഥയില്‍ മാത്രമേ ജന്മനാടായ പയ്യന്നൂരിനെ കുറിച്ച് പറയുന്നുള്ളൂ. നോവലിലും ചെറുകഥയിലും പുതിയ ഘടന ഉണ്ടാവുന്നതിന് ദേശസങ്കല്‍പം കാരണമാവുന്നു. നോവല്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ സവിശേഷമായ ഭാഷാഭേദം നിലനിര്‍ത്താന്‍ കഴിയുന്നില്ല. അതിനാലാണ് ഖസാക്കിന്റെ ഇതിഹാസം ഇംഗ്ലീഷിലേക്കു മാറ്റിയപ്പോള്‍ ചലനമുണ്ടാക്കാതെപോയതെന്നും അദ്ദേഹം പറഞ്ഞു. എ വി പവിത്രന്‍ മോഡറേറ്ററായിരുന്നു.