national news
അയോധ്യാ വിധിയില്‍ സുപ്രീം കോടതി മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചില്ല: ജസ്റ്റിസ് നരിമാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 07, 07:10 am
Saturday, 7th December 2024, 12:40 pm

ന്യൂദല്‍ഹി: അയോധ്യാ വിധിയില്‍ സുപ്രീം കോടതി മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചില്ലെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ആര്‍.എഫ്. നരിമാന്‍. 2019ലെ അയോധ്യാ വിധിയില്‍ അംഗീകരിച്ച ആരാധനാലയ നിയമത്തിന്റെ പ്രാധാന്യം രാജ്യത്തുടനീളം ഓരോ ദിവസവും ഉയര്‍ന്നുവരികയാണെന്നും വര്‍ഗീയ സംഘര്‍ങ്ങള്‍ ഒഴിവാക്കുന്നതിന് നിയമം രാജ്യത്തെ കോടതികളില്‍ കര്‍ശനമായി നടപ്പാക്കണമെന്നും നരിമാന്‍ പറഞ്ഞു.

മുന്‍ ചീഫ് ജസ്റ്റിസ് എ.എം. അഹമ്മദിയുടെ സ്മരണയ്ക്കുവേണ്ടി സ്ഥാപിച്ച അഹമ്മദി ഫൗണ്ടേഷന്റെ ഉദ്ഘാടന വേളയില്‍ മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ അഭിപ്രായത്തില്‍ അയോധ്യാ വിധിയില്‍ മതേതരത്വത്തിന് പരിഗണന ലഭിച്ചിട്ടില്ലെന്നും നീതിയോടുള്ള വലിയ പരിഹാസമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ട പ്രത്യേക സി.ബി.ഐ ജഡ്ജി സുരേന്ദ്ര യാദവ് വിരമിച്ച ശേഷം എങ്ങനെ ഡെപ്യൂട്ടിയായി ലോകായുക്തയില്‍ ജോലി ലഭിച്ചുവെന്നും നരിമാന്‍ ചോദിച്ചു.

മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമാണെന്ന് അഞ്ചംഗ ബെഞ്ച് പറഞ്ഞിട്ടും രാമക്ഷേത്രത്തിനായി തര്‍ക്ക ഭൂമി തന്നെ വിട്ടുകൊടുത്ത കോടതിയുടെ വിധിയോട് താന്‍ വിയോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം 1991ലെ ആരാധനാലയ നിയമത്തെ മുന്‍നിര്‍ത്തി നിരവധി മസ്ജിദുകളില്‍ ക്ഷേത്രമുണ്ടെന്ന അവകാശ വാദങ്ങള്‍ ഉയരുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മസ്ജിദുകള്‍ക്കെതിരെ മാത്രമല്ല ദര്‍ഗകള്‍ക്കെതിരെയും അവകാശവാദങ്ങളുന്നയിച്ച് കേസുകള്‍ ഫയല്‍ ചെയ്യുന്നുവെന്നും ഇത് സാമുദായിക സംഘര്‍ഷങ്ങള്‍ക്കും അസ്വാരസ്യങ്ങള്‍ക്കുമിടയാക്കുമെന്നും നരിമാന്‍ ചൂണ്ടിക്കാട്ടി.

ഇവയെല്ലാം നമ്മുടെ ഭരണഘടനയ്ക്കും ആരാധനാലയ നിയമത്തിനും എതിരാണെന്നും ബാബരി വിധിയില്‍ ആരാധനാലയ നിയമത്തെ കുറിച്ചുള്ള അഞ്ച് പേജുകളെ ഉയര്‍ത്തിപ്പിടിക്കുക എന്നതാണ്‌ ഏക മാര്‍ഗമെന്നും ഓരോ ജില്ലാ കോടതികളിലും ഹൈക്കോടതികളിലും ഇത് വായിച്ചു കേള്‍പ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Secularism not given merit in Ayodhya verdict: Justice Nariman