[]ന്യൂദല്‍ഹി: മുസ്‌ലീം യുവാക്കളെ തീവ്രവാദക്കേസുകളില്‍ പെടുത്താന്‍ ബി.ജെ.പിയെപ്പോലെ തന്നെ മതേതര കക്ഷികളും മുന്‍പന്തിയില്‍
ആശിഷ് ഖേതന്റെ “ഗുലൈല്‍ ഡോട്ട്‌കോമാണ് ഈ വിവരം പുറത്തുവിട്ടത്. ഉത്തര്‍പ്രദേശില്‍ 2005നും 2007നും ഇടയില്‍നടന്ന ഏഴ് ബോംബ് സ്‌ഫോടനക്കേസുകളില്‍ നിരപരാധികളായ മുസ്‌ലീം യുവാക്കളെ കുരുക്കിയതിന്റെ രേഖകളാണ് വെബ്‌സൈറ്റ് പുറത്തുവിട്ടത്. []
2005 ജൂലൈ 28ലെ ശ്രംജീവി എക്‌സ്പ്രസ് സ്‌ഫോടനം, 2006 മാര്‍ച്ച് ഏഴിലെ വാരാണസി സങ്കട് മോചന്‍ ക്ഷേത്ര സ്‌ഫോടനം, അതേ ദിവസം നടന്ന കന്‍േറാണ്‍മെന്റ് റെയില്‍വേ സ്‌റ്റേഷന്‍ സ്‌ഫോടനം, 2007 മേയ് 22ന് ഗൊരഖ്പൂരിലുണ്ടായ മൂന്ന് സ്‌ഫോടനങ്ങള്‍ ,2007 നവംബര്‍ 23ലെ വാരാണസി കോടതി സ്‌ഫോടനം, ഫൈസാബാദ്, ലഖ്‌നോ കോടതികളിലെ സ്‌ഫോടനങ്ങള്‍, എന്നിവയില്‍ പ്രതിചേര്‍ത്ത മുസ്‌ലീം യുവാക്കള്‍ക്ക് സംഭവുമായി യാതൊരു ബന്ധവുമില്ലെന്ന് തെളിയിക്കുന്ന രേഖകളും സൈറ്റ് പുറത്തുവിട്ടു.
മായാവതി സര്‍ക്കാറിന്റെ കാലത്ത് ജയിലിലടച്ച നിരപരാധികളായ മുസ്ലിം യുവാക്കളെ വിട്ടയക്കാനുള്ള സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാറിന്റെ നീക്കത്തിന് ഉത്തര്‍പ്രദേശിലെ വിവിധ കോടതികള്‍ അനുവാദം നല്‍കാത്തതിനെ തുടര്‍ന്നാണ് രേഖകള്‍ പുറത്തുവിടാന്‍ സൈറ്റ് തയ്യാറായത്.
മായാവതിക്ക് കീഴില്‍ ബി.എസ്.പി ഭരണത്തിലിരിക്കുമ്പോഴായിരുന്നു ഉത്തര്‍പ്രദേശ് പോലീസിന്റെ വിവിധ ഏജന്‍സികളുടെ വ്യാജ ഭീകരവേട്ട.
യഥാര്‍ഥ പ്രതികളെ പിടികൂടുന്നതിന് പകരം കേസുകള്‍ മൂടിവെക്കാനാണ് ഉത്തര്‍പ്രദേശ് പോലീസ് ശ്രമിച്ചതെന്ന് ഖേതന്‍ കുറ്റപ്പെടുത്തി.
ഇന്ത്യയിലെ മുഴുവന്‍ രഹസ്യാന്വേഷണ ഏജന്‍സികളും 2008നുശേഷമാണ് ദുരൂഹമായ ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദീന് രാജ്യത്തെ ഭീകരാക്രമണങ്ങളിലുള്ള പങ്ക് പുറത്തുവിടുന്നതെന്ന് ആശിഷ് ഖേതന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഇതിന് അനുബന്ധമായി എല്ലാ ഏജന്‍സികളും യോജിച്ച് നിരവധി മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്തുവെന്നും ഖേതന്‍ പറഞ്ഞു.
സമാജ്‌വാദി പാര്‍ട്ടിയുടെ മോചനവാഗ്ദാനത്തിനിടയിലും അവര്‍ക്കു കീഴിലുള്ള പോലീസ് നിരപരാധികള്‍ക്കെതിരായ പ്രോസിക്യൂഷന്‍ നടപടി തുടരുകയാണെന്ന് ഖേതന്‍ ഓര്‍മിപ്പിച്ചു.