സെപ്റ്റംബര്‍ 7ന് സുപ്രിം കോടതി പുറപ്പെടുപ്പിച്ച സ്വവര്‍ഗാനുരാഗം കുറ്റകരമല്ലെന്ന വിധി രാജ്യത്ത് ലൈംഗിക ന്യൂനപക്ഷങ്ങളുടെ സാമൂഹിക നില മെച്ചപ്പെടുത്തും എന്ന പ്രതീക്ഷയിലാണ് എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റികള്‍. എങ്കിലും സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കില്ല എന്ന് വെല്ലുവിളിയുമായി ബി.ജെ.പി രംഗത്ത് വരികയും, വിവാഹം, ദത്തെടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോഴും നിയമവിധേയമല്ല എന്നുമിരിക്കെ തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കാറായിട്ടില്ല എന്ന് ഇവര്‍ പറയുന്നു. സ്വത്തവകാശം, ദത്തെടുക്കല്‍, ഇന്‍ഷുറന്‍സ് ഷെയറിങ്ങ് തുടങ്ങിയ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരേണ്ടതുണ്ട്.
ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുവാന്‍ ദേശീയ സംസ്ഥാന തലങ്ങളില്‍ കമ്മീഷന്‍ രൂപീകരിക്കുക എന്നതാണ് അടുത്ത ലക്ഷ്യം എന്ന് ആക്റ്റിവിസ്റ്റും ഒന്‍ഡെഡ് എന്ന സംഘടനയുടെ സ്ഥാപകയുമായ ഡോ അക്കൈ പത്മശാലി പറയുന്നു. സ്വവര്‍ഗനുരാഗത്തിനപ്പുറം ഇത് മാനുഷിക പരിഗണനയും മൗലികാവകാശ സംരക്ഷണവുമാണ് എന്നും അക്കൈ പറയുന്നു.
ബ്രീട്ടിഷ് കൊളോണിയല്‍ ഭരണത്തിന്റെ ശേഷിപ്പായ 377 പല സ്വവര്‍ഗാനുരാഗികളുടെയും ജീവിതം മാറ്റിമറിച്ച ഒന്നാണ്. സമൂഹത്തിന്റെ ഭാഗമാവാന്‍ കഴിയാതെ ഏകാന്ത ജീവിതം നയിക്കേണ്ടി വന്നവര്‍ ഏറെയാണ്. ബാംഗ്ലൂരില്‍ നിന്നുള്ള ഗവേഷകനും സ്വവര്‍ഗാനുരാഗിയുമായ നവീന്‍ തന്റെ അനുഭവം പങ്കുവെക്കുന്നതിങ്ങനെയാണ്. ടൗണിന്റെ മറ്റൊരു ഭാഗത്ത് തന്നെ ഉണ്ടായിരുന്നിട്ടും നവീനിന്റെ മാതാപിതാക്കള്‍ അയാളെ കാണാന്‍ വരാറില്ല. തന്റെ വ്യത്യസ്ത ലൈംഗിക താല്പര്യങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുന്നത് കൊണ്ട് സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും അവഗണനകള്‍ നേരിടേണ്ടി വരാറുണ്ട്. പ്രൈഡ് പ്ലാനിങ്ങ് കമ്മിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളാണ് നവീന്‍.
നവീന്റെ ജീവിതം ഒരു ഉദാഹരണമാണ്. സമൂഹത്തിന്റെ മനോഭാവം മാറിയില്ല എങ്കില്‍ ഇവരുടെ ജീവിതം ദുസ്സഹമാകും.സമൂഹം ഭ്രഷ്ട്ട് കല്പിക്കുമ്പോള്‍ തകരുന്നത് ആത്മവിശ്വാസമാണ്.
ആളുകളുടെ മനോഭാവം മാറുന്നത് അത്യാവശ്യമാണ്.അതിന് സമയമെടുത്തേക്കാം. ഈ നിയമത്തിലെ മാറ്റം ഒരു വലിയ കാല്‍വെപ്പാണെങ്കിലും ഒന്നിന്റെയും അവസാനമല്ല. ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ട്. ആക്റ്റിവിസ്റ്റും അഭിഭാഷകയുമായ ജെയ്ന കോത്താരി പറയുന്നു. വിവാഹവും ദത്തെടുക്കലും പോലുള്ള അടിസ്ഥാന സ്വാതന്ത്ര്യം ലംഘിക്കുന്നത് എന്ത് കൊണ്ടാണെന്നും അവര്‍ ചോദിക്കുന്നു.
നാല്‍സ വിധി പ്രകാരം ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് വിവാഹം ചെയ്യാനുള്ള അവകാശമുണ്ട്. ട്രാന്‍സ്ജെന്‍ഡറുകളില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താത്തവര്‍ക്കും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം, അപ്പോള്‍ അത് സ്വവര്‍ഗരതി തന്നെ ആകുന്നു. ഇനി തീരുമാനിക്കേണ്ടത് കോടതിയാണ്. സ്വവര്‍ഗാനുരാഗികള്‍ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തിനായി തായ്‌ലന്റ് പോലുള്ള രാജ്യങ്ങളിലേക്ക് പോകുന്ന രീതിയുണ്ട് ഇത് തുടരേണ്ടി വരരുത്.
സമൂഹത്തിലെ ചിന്തകരും ആക്റ്റിവിസ്റ്റുകളും സുപ്രീംകോടതി വിധിയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. സ്വവര്‍ഗാനുരാഗികളെ ഇനി തടയാന്‍ കഴിയില്ല എന്നും സ്വവര്‍ഗവിവാഹങ്ങളും വിദൂരമല്ല എന്നാണ് ഫ്രണ്ട്ലൈന്‍ എഡിറ്റര്‍ വെങ്കടേഷ് രാമകൃഷ്ണന്‍ പറയുന്നത്. ക്യാമ്പ്രിഡ്ജ് പ്രഫസര്‍ ബിന്ദു ഗുപ്ത ഇത് പുരോഗതിയുടെ സൂചികയായിട്ടാണ് കാണുന്നത്.
അക്കൈ പത്മശാലി ട്രാന്‍സ്‌സെക്ച്വല്‍ ആണ്. പുരുഷനായി ജനിച്ച് ശസ്ത്രക്രിയയിലൂടെ ഒരു സ്ത്രീ ആയി മാറിയ വ്യക്തിയാണ്. അക്കൈ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ബൃന്ദ കാരാട്ട് നയിക്കുന്ന ഓള്‍ ഇന്ത്യാ ഡെമോക്രാറ്റിക് വുമണ്‍സ് അസോസിയേഷനില്‍ നിന്നും കൃഷ്ണകുമാരി നയിക്കുന്ന എ.ഐ.ഡബ്ല്യു.പി.എ യില്‍ നിന്നും അകമഴിഞ്ഞ പിന്തുണ ലഭിച്ചിരുന്നതായി അക്കൈ പത്മശാലി പറയുന്നു.
ബി.ജെ.പിയുടെ പുരുഷ കേന്ദ്രീകൃത സ്വഭാവം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും അക്കൈ പറയുന്നു. 2019 ലെ പൊതു തെരഞ്ഞെടുപ്പ് വരാനിരിക്കെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ എന്ത് തീരുമാനിക്കും എന്നും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
പരിഭാഷ: സൗമ്യ ആര്‍ കൃഷ്ണ