| Thursday, 6th September 2018, 11:45 am

ചരിത്ര വിധി; സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി. സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ചരിത്ര വിധി.

പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമല്ലെന്ന് ഭരണ ഘടനാ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്. 157 വര്‍ഷത്തിന് ശേഷമുള്ള ചരിത്രവിധിയാണ് ഇത്. എല്ലാവര്‍ക്കും ഏക അഭിപ്രായമായിരുന്നെന്നും വിയോജിപ്പുള്ള വിധികളില്ലെന്നും ദീപക് മിശ്ര വിധി പ്രസ്താവത്തിനിടെ പറഞ്ഞു.

377ാം വകുപ്പ് എല്‍.ജി.ബി.ടി സമൂഹത്തിന് എതിരാണ്. ഇന്ത്യന്‍ ശിക്ഷാ വകുപ്പിന്റെ 377ാം വകുപ്പ് എല്‍.ജി.ബി.ടി സമൂഹത്തിന്റെ അവകാശങ്ങളുടെ നഗ്നമായ ലംഘനമായിരുന്നെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

സ്വവര്‍ഗലൈംഗിക താത്പര്യമുള്ളവര്‍ക്കും മറ്റുള്ളവരുടെ അതേ മൗലികാവകാശമുണ്ട്. വ്യത്യസ്ത വ്യക്തിത്വങ്ങളെ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജ്ജിച്ചിരിക്കുന്നെന്നും വിധി പ്രസ്താവത്തിനിടെ ബെഞ്ച് നിരീക്ഷിച്ചു.

ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പരമപ്രധാനം. എല്ലാവരുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന സമൂഹമായി നമ്മള്‍ മാറണം. ശരീരത്തിന്‍മേലുള്ള അവകാശം വ്യക്തിപരമായ അവകാശമാണ്. ആരെ പങ്കാളിയാക്കാമെന്നതും വ്യക്തിപരമായ അവകാശമാണ്.

377ാം വകുപ്പ് ഏകപക്ഷീയവും യുക്തിഹീനവുമാണ്. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സമൂഹമാണ് വേണ്ടത്. ആരെ തെരഞ്ഞെടുക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യം. അത് ഭരണഘടന നല്‍കുന്ന അവകാശമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

പൊതുസമൂഹത്തിന്റെ സദാചാരബോധം അടിസ്ഥാനമാക്കിയല്ല, ഭരണഘടനയിലൂന്നിയ സദാചാരബോധത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വാദം കേള്‍ക്കുന്നതിനിടെ പ്രതികരിച്ചത്.

ഇന്ത്യന്‍ സമൂഹം സ്വവര്‍ഗാനുരാഗികളോടു തീക്ഷ്ണമായ വിവേചനം പുലര്‍ത്തുന്നുവെന്നു നിരീക്ഷിച്ച കോടതി, സമൂഹത്തിന്റെ മനോഭാവം കാരണം പലര്‍ക്കും യഥാര്‍ഥ ലൈംഗിക അഭിരുചി വെളിപ്പെടുത്താന്‍ കഴിയുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.

നര്‍ത്തകി നവ്‌തേജ് സിങ് ജോഹര്‍, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്‌റ, വ്യവസായികളായ റിതു ഡാല്‍മിയ, അമന്‍ നാഥ് തുടങ്ങിയവരാണു സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കാണുന്ന വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചത്.


വെള്ളപ്പൊക്കത്തില്‍ സ്‌കൂള്‍ബസ് മുങ്ങി; വിന്‍ഡോഗ്ലാസിലൂടെ കുട്ടികളെ സാഹസികമായി പുറത്തെടുത്ത് രക്ഷാപ്രവര്‍ത്തകര്‍; വീഡിയോ


വകുപ്പ് റദ്ദാക്കിയാല്‍ ലൈംഗിക ന്യൂനപക്ഷങ്ങളോടുളള പൊതുസമൂഹത്തിന്റെ മനോഭാവത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. അതേസമയം, കോടതിക്കു യുക്തമായ തീരുമാനമെടുക്കാമെന്നാണു കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമല്ലാതാക്കുമെന്ന സൂചന അടുത്തിടെ സുപ്രീംകോടതി നല്‍കിയിരുന്നു. ആര്‍ക്കും അവരുടെ ലൈംഗികതയില്‍ ഭയന്നു ജീവിക്കേണ്ടിവരില്ലെന്നാണ് ഓഗസ്റ്റ് ഒന്നിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് വ്യക്തമാക്കിയത്.

നിലവില്‍ 377-ാം വകുപ്പുപ്രകാരം ശിക്ഷിക്കപ്പെടുന്നയാള്‍ക്ക് 10 വര്‍ഷം വരെ തടവനുഭവിക്കണം. സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമല്ലാതാക്കിക്കൊണ്ടുള്ള ദല്‍ഹി ഹൈക്കോടതി ഉത്തരവ് 2013-ല്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. നിയമങ്ങള്‍ റദ്ദാക്കുന്നത് പാര്‍ലമെന്റിന്റെ ജോലിയാണെന്നായിരുന്നു അന്ന് സുപ്രീംകോടതി നിരീക്ഷിച്ചത്.

സ്വവര്‍ഗരതി പ്രകൃതിവിരുദ്ധമാണെന്ന് ആരോപിച്ച് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് പ്രകാരം പ്രോസിക്യൂട്ട് ചെയ്യുന്ന രാജ്യത്തെ നിയമവ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ലൈംഗിക ന്യൂനപക്ഷങ്ങളുടെ നിലപാട്.

ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്ക്കുളള അവകാശത്തെ ലംഘിക്കുന്നതാണ് 377ാം വകുപ്പ്. സ്വവര്‍ഗരതിയെ രാജ്യവും പൊതുസമൂഹവും അംഗീകരിക്കണമെന്നും ലൈംഗിക ന്യൂനപക്ഷങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more