ലാത്തൂര്‍: കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് വെള്ളത്തിനായി ജനങ്ങള്‍ ഏറ്റമുട്ടാതിരിക്കാന്‍ മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പൊതുകിണറുകള്‍, കുളങ്ങള്‍, ജലസംഭരണികള്‍, വിതരണ കേന്ദ്രങ്ങള്‍ തുടങ്ങി 20 ജലവിതരണ-സംഭരണ കേന്ദ്രങ്ങള്‍ക്ക് ചുറ്റും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടുന്നത് കുറ്റകരമാക്കിയാണ് ഉത്തരവ്. മെയ് 31 വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
മഹാരാഷ്ട്രയിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളിലൊന്നാണ് ലാത്തൂര്‍. അതേ സമയം മേഖലയില്‍ 144 ചുമത്തിയതിനെ കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ വിമര്‍ശിച്ചു. നേരത്തെ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സര്‍ക്കാരിന് ഇത്തരമൊരു സാഹചര്യം ഒഴിവാക്കാമായിരുന്നെന്നും 40-45 ദിവസത്തേക്ക് വെള്ളം ഇല്ലാതായാല്‍ സ്ഥിതി സ്‌ഫോടനാത്മകമാകുന്നത് സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.
ലാത്തൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 70 ഉം ഗ്രാമീണ വികസന വകുപ്പിന് കീഴില്‍ 200 ഉം ടാങ്കറുകളാണ് ലാത്തൂരില്‍ ജലമെത്തിക്കുന്നത്. ദിവസേന ആറും ഏഴും തവണ ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും 5 ലക്ഷം വരുന്ന ജനങ്ങള്‍ക്ക് ഒന്നുമാകുന്നില്ലെന്നാണ് വാസ്തവം.
കുടിവെള്ള പ്രതിസന്ധിയെ തുടര്‍ന്ന് 1.5 ലക്ഷം ജനങ്ങളാണ് അയല്‍ ജില്ലകളിലേക്ക് മാറിത്താമസിച്ചത്. ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷകള്‍ നിര്‍ത്തി വെക്കാനും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.