ഹരിയാന: സംവരണം ആവശ്യപ്പെട്ട് കൊണ്ടുള്ള ജാട്ട് സമരം ജൂണ്‍ 5ന് വീണ്ടും ആരംഭിക്കാനിരിക്കെ ഗുര്‍ഗോണില്‍ ആറുപത് ദിവസത്തേക്ക് അധികൃതര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയകളടക്കം കനത്ത നിരീക്ഷണത്തിലാണെന്ന് ഗുര്‍ഗോണ്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ടി.എല്ഡ സത്യപ്രകാശ് പറഞ്ഞു. പ്രക്ഷോഭം നേരിടുന്നതിന്റെ ഭാഗമായി അവധിയില്‍ പോയ പോലീസുകാരെയടക്കം തിരികെ വിളിക്കുകയും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
ഹരിയാനയില്‍ ജാട്ടുകളടക്കമുള്ള വിഭാഗങ്ങള്‍ക്ക് വിദ്യഭ്യാസ സ്ഥാപനങ്ങളിലും സംവരണം അനുവദിക്കുന്ന ഹരിയാന ബാക്ക്‌വേര്‍ഡ് ക്ലാസ് ആക്ട് ഹരിയാന-പഞ്ചാബ് ഹൈക്കോടതി കഴിഞ്ഞ 26ന് സ്‌റ്റേ ചെയ്തിരുന്നു. ഇതിനെതിരായ ഹരജിയില്‍ ജൂണ്‍ 6ന് കോടതി വാദം കേള്‍ക്കും.
കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ജാട്ട് പ്രക്ഷോഭത്തില്‍ മുപ്പതിലേറെ പേര്‍ കൊല്ലപ്പെടുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ജാട്ട് വിഭാഗത്തിന് പത്തു ശതമാനവും മറ്റു അഞ്ചു സമുദായങ്ങള്‍ക്ക് അഞ്ച് ശതമാനവും സംവരണം ഏര്‍പ്പെടുത്താനുള്ള ഹരിയാന ബാക്ക്‌വേര്‍ഡ് ക്ലാസ് ആക്ട് സംസ്ഥാന നിയമസഭ ഏകകണ്‌ഠേന പാസാക്കിയിരുന്നത്.