മുംബൈയിലെ ഹോട്ടല്‍ വിട്ടുപോകാന്‍ വിസമ്മതിച്ച് ഡി.കെ ശിവകുമാര്‍: പ്രദേശത്ത് സെക്ഷന്‍ 144 പ്രഖ്യാപിച്ചു
Karnataka crisis
മുംബൈയിലെ ഹോട്ടല്‍ വിട്ടുപോകാന്‍ വിസമ്മതിച്ച് ഡി.കെ ശിവകുമാര്‍: പ്രദേശത്ത് സെക്ഷന്‍ 144 പ്രഖ്യാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2019, 12:06 pm

മുംബൈ: വിമത എം.എല്‍.എമാര്‍ കഴിയുന്ന മുംബൈയിലെ ഹോട്ടലിനു മുമ്പില്‍ നിന്നും തിരിച്ചുപോകാന്‍ തയ്യാറാവാതെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. ഇതേത്തുടര്‍ന്ന് പൊവൈ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. നാലിലേറെ പേര്‍ ഒരുമിച്ച് കൂടുന്നതും വിലക്കിയിട്ടുണ്ട്.

സമാധാന അന്തരീക്ഷം തകരാന്‍ സാധ്യതയുണ്ടെന്നുകണ്ടാണ് 144 പ്രഖ്യാപിച്ചതെന്നാണ് മുംബൈ പൊലീസ് കമ്മീഷണര്‍ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നത്.

ഇന്നുരാവിലെയാണ്‌ മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന രാജിവെച്ച എം.എല്‍.എമാരെ അനുനയിപ്പിക്കാനായി  ഡി.കെ ശിവകുമാര്‍ മുംബൈയിലെത്തിയത്. ഡി.കെ ശിവകുമാറിനെ ഹോട്ടലിന് ഉള്ളിലേക്ക് കടക്കാന്‍ മുംബൈ പൊലീസ് അനുവദിച്ചില്ല. തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി എം.എല്‍.എമാര്‍ മുംബൈ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഇത്.

‘ഞാന്‍ ഈ ഹോട്ടലില്‍ ഒരു മുറി ബുക്ക് ചെയ്തിട്ടുണ്ട്. എം.എല്‍.എമാര്‍ എന്റെ സുഹൃത്തുക്കളാണ്. അവര്‍ക്ക് വ്യക്തിപരമായ ചില പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിക്കാന്‍ വേണ്ടിയാണ് ഞാനിവിടെ വന്നിരിക്കുന്നത്. ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. ഇന്നലെ ഇവിടെ ബി.ജെ.പി നേതാക്കള്‍ വന്നിട്ടുണ്ട്. എന്തുകൊണ്ട് എനിക്ക് മാത്രം അവരെ കണ്ടുകൂടാ?’ എന്നാണ് ഡി.കെ ശിവകുമാര്‍ മുംബൈ പൊലീസിനോടു പറഞ്ഞത്.

തുടര്‍ന്ന് ശിവകുമാറിന്റെ ബുക്കിങ് ഹോട്ടല്‍ റിനൈസന്‍സ് റദ്ദാക്കിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസമാണ് ശിവകുമാര്‍ പങ്കുവെച്ചത്.

‘ എം.എല്‍.എമാരില്‍ നിന്നും ഒരു കോള്‍ ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നെ കാണാനായി അവരുടെ ഹൃദയം തുടിക്കുകയാണ്. ഒന്നുകില്‍ അവരെന്നെ കാണും, അല്ലെങ്കില്‍ അവര്‍ ബെംഗളുരുവിലേക്കു വരും.’ എന്നാണ് ഡി.കെ ശിവകുമാര്‍ പറഞ്ഞത്.