ദൽഹി ചലോ കർഷക മാർച്ച്‌; ഹരിയാനയിലെ പഞ്ച്കുലയിൽ നിരോധനാജ്ഞ, അനുനയ നീക്കത്തിന് കേന്ദ്ര സർക്കാർ
national news
ദൽഹി ചലോ കർഷക മാർച്ച്‌; ഹരിയാനയിലെ പഞ്ച്കുലയിൽ നിരോധനാജ്ഞ, അനുനയ നീക്കത്തിന് കേന്ദ്ര സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th February 2024, 11:32 am

ന്യൂദൽഹി: ഫെബ്രുവരി 13ന് 200ഓളം കർഷക സംഘടനകൾ ചേർന്ന് നടത്തുന്ന ദൽഹി ചലോ മാർച്ചിന് മുന്നോടിയായി പ്രധാന റോഡുകളിലെ ഗതാഗതത്തിന് കടുത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തി ഹരിയാന പൊലീസ്. നിയന്ത്രണങ്ങളുടെ ഭാഗമായി പഞ്ച്കുലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

മാർച്ച് പ്രഖ്യാപിച്ചതിന് പിന്നാലെ ഹരിയാനയിലെ ഏഴു ജില്ലകളിൽ സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നീ ഏഴ് ജില്ലകളിലാണ് ഇന്റർനെറ് സർവ്വീസ് നിർത്തിവെച്ചിരിക്കുന്നത്.

ഞായറാഴ്ച മുതൽ പതിമൂന്ന് വരെയാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തുക. ഹരിയാനയിലെ അംബാലിയയിലെ റോഡുകളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. നിലവിൽ സംസ്ഥാനം അതീവ സുരക്ഷയിലാണെന്ന് പൊലീസ് അധികൃതർ പ്രതികരിച്ചു.

വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്നതിന് നിയമം വേണമെന്നുൾപ്പെടെ വിവിധ ആവശ്യങ്ങളിൽ കേന്ദ്രസർക്കാരിന്മേൽ സമ്മർദ്ദം ചെലുത്താൻ സംയുക്ത കിസാൻ മോർച്ചയുടെയും കിസാൻ മസ്തൂർ മോർച്ചയുടെയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

അതേസമയം മാർച്ചിന് മുന്നോടിയായി യോഗം വിളിച്ച് അനുനയ നീക്കത്തിന് ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ.

ചണ്ഡീഗഢിൽ നാളെ അഞ്ചുമണിക്കാണ് യോഗം. കൃഷി മന്ത്രി അർജുൻ മുണ്ഡ, ഭക്ഷ്യ മന്ത്രി പിയൂഷ് ഗോയൽ, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവർ യോഗത്തിൽ പങ്കെടുക്കും.

Content Highlight: Section 144 has been enforced in Panchkula ahead of Farmer’s protest