| Thursday, 18th September 2014, 1:45 pm

സന്തോഷകരമായ കുടുംബ ജീവിതമാണോ നിങ്ങള്‍ക്ക് വേണ്ടത്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]”ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന വിവാഹജീവിതം” എന്ന പ്രയോഗത്തിന്റെ സാധ്യതയേറുകയാണ്. വിവാഹമോചനങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് ഇപ്പോഴുണ്ടാവുന്നത്. ഏത് ദൃഢബന്ധവും എളുപ്പം വലിച്ചെറിയാനുള്ള മാര്‍ഗമായി വിവാഹമോചനം വളര്‍ന്നിരിക്കുകയാണ്.

എല്ലാ ബന്ധങ്ങളെയും പോലെ വിവാഹബന്ധത്തിലും പുറമേയുള്ളവരുടെ സഹായം തേടേണ്ട അവസരങ്ങള്‍ വരാറുണ്ട്. പ്രത്യേകിച്ച് പ്രശ്‌നം ഗുരുതരമാകുമ്പോള്‍. നിങ്ങളുടെ വിവാഹബന്ധത്തെ എളുപ്പം പൊട്ടിച്ചെറിയുന്നതിനെക്കുറിച്ച് ആലോചിക്കാതെ അതിനെ സന്തോഷകരവും സുഖകരവുമായ അനുഭവമാക്കാനാണ് ശ്രദ്ധിക്കേണ്ടത്.

ആശയവിനിമയം:

ദമ്പതികള്‍ക്കിടയില്‍ ആശയവിനിമയം വേണ്ടവിധം ഇല്ലെങ്കില്‍ വിവാഹബന്ധത്തിന്റെ ആയുസ്സ് കുറയും. വിവാഹജീവിതത്തില്‍ സത്യസന്ധത കാത്ത് സൂക്ഷിക്കണമെന്ന് എല്ലാവരും പറയാറുണ്ട്. ഇത് ആശയവിനിമയത്തിലൂടെ മാത്രമേ സാധ്യമാകൂ. പരസ്പരം തുറന്ന് സംസാരിക്കണം. നിങ്ങള്‍ ജോലിയുടേതോ, സാമൂഹ്യപ്രവര്‍ത്തനത്തിന്റെയോ എന്തിന്റെ തിരക്കിലായാലും ദിവസത്തില്‍ 15മിനിറ്റെങ്കിലും ജീവിതപങ്കാളിയുമായി ആശയവിനിമയം നടത്താനായി മാറ്റിവെക്കേണ്ടതുണ്ട്. അവിടെ കുടുംബകാര്യവും ജോലിയും മാത്രമല്ല ചര്‍ച്ചയാവേണ്ടത് മറിച്ച് എല്ലാത്തിനെക്കുറിച്ചും തുറന്ന സംസാരം വേണം.

മാന്യതയും ആദരവും:

ജീവിതപങ്കാളിയെ ആദരിക്കുകയും അവര്‍ക്ക് മാന്യത നല്‍കുകയും ചെയ്യുന്നത് ബന്ധത്തിന്റെ ആഴം വര്‍ധിപ്പിക്കുമെന്ന് സൈക്കോളജിസ്റ്റായ സീമി ഹിങ്കോരാണി പറയുന്നു. നിങ്ങളെ അവന്‍ വിവാഹം കഴിച്ചുവെന്നത് കൊണ്ട് അവനോട് എന്നും കടപ്പെട്ടിരിക്കണമെന്ന് അര്‍ത്ഥമില്ല. നിങ്ങള്‍ അവനില്‍ അധികാരം സ്ഥാപിക്കണമെന്നും അര്‍ത്ഥമാക്കുന്നില്ല. പകരം അയാളുടെ തീരുമാനങ്ങളെയും വികാരങ്ങളെയും ബഹുമാനിക്കുകയും മനസിലാക്കുകയുമാണ് ചെയ്യേണ്ടത്.

കോംപ്രമൈസ് ചെയ്യുക:

കോംപ്രമൈസ് എന്നത് ബലഹീനതയുടെ ലക്ഷണമായി കാണുന്നുണ്ട്. അതുകൊണ്ട് പലപ്പോഴും പലരും ഒത്തുതീര്‍പ്പിന് തയ്യാറാവാറില്ല. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സാധാരണമാണ്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പലപ്പോഴും ഒത്തുതീര്‍പ്പിന് ശ്രമിക്കണം. നിങ്ങള്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ വിശ്വാസത്തെയും അവകാശങ്ങളെയും അടിയറവയ്ക്കണമെന്നല്ല ഇതിനര്‍ത്ഥം. മറിച്ച് നിങ്ങള്‍ ഇരുവരിലും സന്തോഷമുണ്ടാക്കുന്ന ഒരു പരിഹാരം കണ്ടെത്താനാണ് ശ്രമിക്കേണ്ടത്.

സാമ്പത്തിക കാര്യങ്ങളിലുള്ള സുതാര്യത:

എല്ലാ വ്യക്തികള്‍ക്കും സാമ്പത്തിക സ്ഥിരത ആവശ്യമാണ്. അതിനാല്‍ രണ്ട് പേര്‍ക്കും വ്യത്യസ്ത അക്കൗണ്ടുകള്‍ ഉണ്ടാവുകയും അവരവരുടെ സമ്പാദ്യം അതില്‍ സൂക്ഷിക്കുകയും ചെയ്യുന്നതാണ് അഭികാമ്യം. അതേസമയം തന്നെ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പങ്കാളിക്ക് അറിവുണ്ടായിരിക്കുകയും വേണം. പണം കടമെടുക്കുമ്പോഴും, സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ കടം നല്‍കുമ്പോഴും പങ്കാളിയെക്കൂടി ഇക്കാര്യം അറിയിക്കുക. മറിച്ചാണെങ്കില്‍ നിങ്ങളിലുള്ള പങ്കാളിയുടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ ഇത് കാരണമാകും

ബന്ധുക്കളുമായുള്ള അടുപ്പം:

ജീവിതപങ്കാളിയുടെ ബന്ധുക്കളുമായും തിരിച്ചും നല്ല അടുപ്പം വേണം. ഇടയ്ക്കിടെ അവരുമായുള്ള ബന്ധങ്ങള്‍ പുതുക്കുന്നത് നല്ലതാണ്. കാരണം പങ്കാളിയുമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ നിങ്ങളെ സഹായിക്കാന്‍ ഈ ബന്ധുക്കള്‍ക്ക് സാധിച്ചേക്കും.

റൊമാന്‍സ് കാത്ത് സൂക്ഷിക്കുക:

വിവാഹിതരായിട്ട് എത്രവര്‍ഷം കഴിഞ്ഞാലും മനസിലെ പ്രണയം നഷ്ടപ്പെടുത്താതിരിക്കുക.

We use cookies to give you the best possible experience. Learn more