ഈ കാല്‍ നൂറ്റാണ്ടിനിടയില്‍ മലയാളികള്‍ മണിച്ചിത്രത്താഴിനോളം ചര്‍ച്ച ചെയ്ത, ആഘോഷിച്ച ഒരു ചിത്രം വേറെയുണ്ടോന്നുതന്നെ സംശയമാണ്. ഈ ചിത്രത്തെ പറ്റിയുള്ള ഓരോ കണ്ടെത്തലുകളും അവയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയും അതിനു അടിവരയിടുന്നു. ഇതില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കൗതുകകരമായ ഒരു ബ്രില്യന്‍സിയുടെ രഹസ്യം ഒന്നു ചുരുള്‍ നിവര്‍ത്താന്‍ ശ്രമിക്കുകയാണ് ഈ ലേഖനത്തിലൂടെ .
ഒരുമുറൈ വന്തു പാറായോ പാട്ടും പഴന്തമിഴ് പാട്ടും തമ്മില്‍
ഇവിടെ പറയാന്‍ പോകുന്നത് മണിച്ചിത്രത്താഴ് സിനിമയില്‍ ഡോ. സണ്ണി രാത്രിയില്‍ തെക്കിനിയില്‍ നിന്ന് കേള്‍ക്കുന്ന “ഒരു മുറൈ വന്തു പാറായോ” എന്ന തമിഴ് പാട്ടും പിന്നീട് ശ്രീദേവിയെ മുറിയില്‍ പൂട്ടിയിട്ടിട്ടു പാടുന്ന “പഴന്തമിഴ് പാട്ടിഴയും ശ്രുതിയില്‍” എന്ന പാട്ടും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ചാണ്. ആദ്യം സൂചിപ്പിച്ച ഗാനം സണ്ണി നടുമുറ്റത്ത് മയങ്ങുന്ന നേരം കേള്‍ക്കുന്ന “ഒരുമുറൈ വന്തു പാറായോ” എന്ന തമിഴ് പാട്ടാണ് .ഈ പാട്ടു ഗംഗയിലെ ചിത്തരോഗിയായ നാഗവല്ലി തന്റെ കാമുകന്റെ വിരഹത്തില്‍ തെക്കിനിയില്‍ വച്ച് പാടുന്നതാണ് .ഇവിടെ എന്തുകൊണ്ട് ആയിരിക്കാം തെക്കിനിയില്‍ പോയി ഗംഗ പാട്ടുപാടുന്നത്?
കാരണം രാമനാഥന്‍ താമസിക്കുന്ന വീട് തെക്കിനിയില്‍ നിന്ന് കാണാവുന്ന വിധത്തിലാണ് .കൂടാതെ നാഗവല്ലിയെ കൊണ്ടുവന്നു താമസിപ്പിച്ചത് മേടയില്‍ ആണെന്ന് പറയുന്നും ഉണ്ട്. അതുമല്ല നാഗവല്ലിയെ ആവാഹിച്ചു കുടിയിരുത്തിയതും തെക്കിനിയില്‍ ആണ്.അപ്പോള്‍ നാഗവല്ലിയുടെ കാമുകന്റെ ഓര്‍മകള്‍ ഉറങ്ങുന്ന ആ മുറി ഗംഗക്കും പ്രിയപ്പെട്ടതാകുന്നു.
ഇവിടെ ഗംഗ തെക്കിനിയില്‍ പാട്ടുപാടി നൃത്തം ചെയ്യുന്നസമയം അവിടെയെത്തുന്ന സണ്ണിക്കു മുറി അകത്തുനിന്ന് പൂട്ടിയിരിക്കുന്നതിനാല്‍ ആരാണ് അകത്തുള്ളതെന്നു അറിയാനാവുന്നില്ല . അടുത്ത ദിവസം ഗംഗയോട് ഇതിനെ പറ്റി ചോദിക്കുമ്പോള്‍ ഗംഗയുടെ മുഖത്തു വരുന്ന ഭാവ വ്യത്യാസം ശ്രദ്ധിക്കുക.പിന്നീട് ഗംഗ യെയും കൂട്ടി തെക്കിനിയില്‍ എത്തുന്ന സണ്ണിക്കു രാമനാഥന്റെ വീട് കാണിച്ചുകൊടുക്കുമ്പോള്‍ “അപ്പൊ ഇവിടെ വച്ചാണല്ലേ നാഗവല്ലി ഒരു മുറൈ വന്തു പാറായോ ” എന്ന് പാടുമ്പോള്‍ ഗംഗ യില്‍ ഉണ്ടാകുന്ന ഭാവവ്യത്യാസം കൂടി ശ്രദ്ധിക്കുക .പിന്നീട് ഗംഗ നാഗവല്ലിയുടെ അഭരണങ്ങള്‍ കാണിക്കുമ്പോളാണ് സണ്ണിക്കു ഗംഗയിലെ മനോരോഗത്തിന്റെ ലക്ഷണങ്ങള്‍ കാണാന്‍ പറ്റുന്നത്.ഇവിടെ സണ്ണിക്കു ഗംഗക്കാണ് രോഗം എന്ന് ആ പാട്ടു കേട്ടപ്പോള്‍ തന്നെ മനസ്സിലായിരിക്കണം. കാരണം തലേന്ന് രാത്രി ചിലങ്കയുടെ ശബ്ദം കേട്ട് ശ്രീദേവിയുടെ മുറിയില്‍ ഒളിഞ്ഞു നോക്കുന്ന സണ്ണിക്കു അവിടം വച്ച് തന്നെ കാര്യങ്ങളുടെ കിടപ്പുവശം മനസ്സില്‍ ആയി കാണണം കാരണം ഗംഗയാണ് തെക്കിനി തുറന്നതെന്നു സണ്ണി മനസ്സിലാക്കിയിട്ടുണ്ട് .അതുകൊണ്ടാണല്ലോ ഗംഗയെ തന്നെ തെക്കിനിയിലേക്കു കൊണ്ട് പോകാന്‍ സണ്ണി കൂട്ടുപിടിക്കുന്നത്. ആ പ്ലാന്‍ വിജയത്തില്‍ എത്തിയെന്ന് നമ്മള്‍ക്ക് ചിത്രത്തില്‍ നിന്ന് മനസ്സില്‍ ആകാന്‍ കഴിയും .
ഇവിടെ നാഗവല്ലിയെ കുറിച്ചും അവള്‍ പാടുന്ന പാട്ടിനെ കുറിച്ചും പറയുമ്പോളാണ് ഗംഗ യില്‍ നാഗവല്ലി എന്ന സ്വത്വം വരുന്നതെന്ന് കാണാം.പിന്നീട് ഗംഗ യിലെ ചിത്തരോഗിയെ കൂടുതല്‍ മനസ്സിലാക്കുക എന്നതായിരുന്നു സണ്ണിക്കു മുമ്പിലുണ്ടായിരുന്ന ആദ്യത്തെ കടമ്പ .അതിനുവേണ്ടി തെക്കിനിയില്‍ ചെന്ന് ഗംഗയിലെ ചിത്ത രോഗിയുമായി സംസാരിക്കുകയും പിന്നീട് ഗംഗയുടെ ജന്മനാട്ടില്‍ പോയി വിവരങ്ങള്‍ അറിയുകയും ചെയ്യുന്നു.ഇതിനിടയില്‍ ഗംഗ യിലെ ചിത്തരോഗി നകുലനെ കൊലപ്പെടുത്തതിരിക്കാനുള്ള പല മാര്‍ഗങ്ങളും അവലംബിക്കുന്നുണ്ട്.അതിനായി അവലംബിക്കുന്ന മാര്‍ഗങ്ങളില്‍ ഒന്നാണ് ശ്രീദേവിയില്‍ രോഗം ഉണ്ടെന്നു വരുത്തി മുറിയില്‍ പൂട്ടിയിടാന്‍ അച്ഛനായ തമ്പിയോട് പറയുന്നത്.എന്നാല്‍ അത് അദ്ദേഹം തള്ളികളയുന്നതായി നമ്മള്‍ക്ക് കാണാന്‍ കഴിയും. പിന്നീട് ചായയില്‍ വിഷം ചേര്‍ക്കുമ്പോള്‍ ശ്രീദേവി ആണ് അത് ചെയ്തതെന്ന് പറഞ്ഞു സണ്ണി അവളെ മുറിയില്‍ പൂട്ടിയിടുന്നു. അതുകണ്ട് ഗംഗയിലെ ചിത്തരോഗി തല്‍ക്കാലത്തേക്ക് അടങ്ങുകയും ചെയ്യുന്നു.
അപ്പോള്‍ സണ്ണി പാടുന്ന പാട്ടാണ് ” പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍”എന്നത്.ഈ ഒരു ഗാനചിത്രീകരണത്തിനെ ധാരാളം പേര്‍ വിമര്‍ശിച്ചിരുന്നു. ഒരു സ്ത്രീയെ ഭ്രാന്തിയെന്നു മുദ്രകുത്തി മുറിയില്‍ പൂട്ടിയിട്ടിട്ടു പുറത്തിറങ്ങി പാട്ടുപാടുന്ന മനഃശാസ്ത്രജ്ഞന്‍ യുക്തിക്കു നിരക്കാത്തതാണെന്നു പലരും ഇപ്പോളും വിചാരിക്കുന്നുണ്ടാവും. എന്നാല്‍ എന്തുകൊണ്ടായിരിക്കും മധു മുട്ടവും ഫാസിലും ഇങ്ങനെ ഒരു രംഗം ചേര്‍ത്തത് ?
അത് മനസ്സിലാവണമെങ്കില്‍ ആദ്യം പറഞ്ഞ ഗാനം കേള്‍ക്കണം .അതായതു തെക്കിനിയില്‍ വച്ചു ഗംഗയിലെ ചിത്തരോഗി പാടുന്ന തമിഴ് പാട്ട്. ഈ പാട്ടിലുപയോഗിച്ചിരിക്കുന്ന അതേ രാഗം ആണ് സണ്ണി പാടുന്ന “പഴന്തമിഴ് പാട്ടിഴയും ശ്രുതിയില്‍” എന്ന ഗാനത്തിനും എന്ന് ഈ രണ്ടു പാട്ടും ശ്രദ്ധിച്ചു കേട്ടാല്‍ മനസ്സിലാക്കാവുന്നതാണ്. ഇവിടെ ഈ ഗാനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നതായ രാഗം “ആഹരി ” എന്ന അപൂര്‍വം ആയിട്ട് ഉപയോഗിക്കുന്ന രാഗമാണ്.ഇത് ചിട്ടപ്പെടുത്തിയത് എം ജി രാധാകൃഷ്ണനും വരികള്‍ വാലിയും പാടിയത് സുജാതയും കൂടിയാണ് .എന്തുകൊണ്ട് സംഗീതസംവിധായകന്‍ ഒരേ രാഗത്തില്‍ ഈ രണ്ടു പാട്ടുകളും കമ്പോസ് ചെയ്തത്? എന്തുകൊണ്ട് ഇങ്ങനൊരു സന്ദര്‍ഭം സംവിധായകന്‍ ഉണ്ടാക്കിയത് ? ഇവിടെയാണ് നമ്മള്‍ സംവിധായകന്റെ ബ്രില്ലിന്‍സ് കാണേണ്ടത് .അതായതു സണ്ണി പാടുന്ന പാട്ടു ശ്രദ്ധിച്ചാല്‍ അതില്‍ പറയുന്നതു നാഗവല്ലിയെ കുറിച്ചാണെന്നു മനസ്സിലാക്കാം. ഒന്നുകൂടി ഉഴിഞ്ഞു ചിന്തിച്ചാല്‍ അവളോടുള്ള ഒരു കരുണയുടെ, അനുകമ്പയുടെ ഭാവം വരികളില്‍ കാണാം .
അതായതു സണ്ണി യഥാര്‍ത്ഥത്തില്‍ ഗംഗയിലെ ചിത്തരോഗിയുമായി സംവധിക്കുകയായിരുന്നു അവിടെ .അങ്ങനെ ഒരു സംവാദം അവര്‍ത്തമ്മില്‍ ഉണ്ടാവാനാണ് നാഗവല്ലി പാടിയ അതെ രാഗത്തില്‍ സണ്ണിയും നാഗവല്ലിയോട് സിംപതിയോടെ പാടിയത്. എന്നാല്‍ താന്‍ ഗംഗയിലെ ചിത്ത രോഗിയെ മനസ്സിലാക്കി എന്ന് ഗംഗ അറിയുകയും ചെയ്യരുത് .അങ്ങനെ വന്നാല്‍ ഗംഗയിലെ ചിത്തരോഗി പുറത്തു വരുമെന്നും ആ നിമിഷം ഗംഗ ആത്മഹത്യാ ചെയ്യും എന്നും സണ്ണിക്ക് അറിയാം. എന്നാല്‍ ഗംഗയിലെ ചിത്തരോഗിക്കു ഒരു സംശയം സണ്ണിയില്‍ തോന്നുന്നുണ്ട് എന്ന് ഇടയ്ക്കിടയ്ക്ക് സണ്ണിയെ നോക്കുന്നത് ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം , അതുകൊണ്ടു തന്നെ ആണ് പരസ്പരം കണ്ണുകള്‍ ഉടക്കുമ്പോള്‍ ഗംഗ യില്‍ നിന്ന് സണ്ണി ഒഴിഞ്ഞു മാറുന്നത് ആ ഗാനരംഗത്തില്‍ പലതവണ കാണിക്കുന്നതും. ഈ രാഗത്തില്‍ സണ്ണി എങ്ങനെ പാട്ടുപാടുന്നതെന്നു ചോദിച്ചാല്‍ ഗംഗയുടെ പാട്ടു സണ്ണി മാത്രമേ കേട്ടിട്ടുള്ളൂ. അത് പഠിച്ചാണ് പുള്ളിക്കാരന്‍ ആ ഗാനം പാടുന്നത് എന്ന് നമ്മള്‍ക്ക് അനുമാനിക്കാം . പത്തു തലയാണ് തനി രാവണന്‍ എന്നുപറയുന്നത് ചുമ്മാതല്ല
ഇനി ഇങ്ങനെ ഒരു ഗാന ചിത്രീകരണത്തെക്കുറിച്ചു ഒരിക്കല്‍ ലാലേട്ടനോട് ഒരു ഇന്റര്‍വ്യൂയില്‍ ശ്രീകണ്ഠന്‍ നായര്‍ സര്‍ ചോദിച്ചപ്പോള്‍ ലാലേട്ടന്‍ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു ” അത് സംവിധായകന്റെയും തിരക്കഥാകൃതിന്റെയും ധൈര്യമാണ് ” എന്നാണ് .ഇതില്‍ നിന്നുതന്നെ നമ്മള്‍ക്ക് തിരക്കഥാകൃത്തും സംവിധായകനും ഈ കാര്യങ്ങള്‍ മനസ്സിലാക്കിതന്നെയായിരിക്കാം ഈ രംഗം എടുത്തതെന്ന് നമ്മള്‍ക്കനുമാനിക്കാവുന്നതാണ്
ഇവിടെ വരുന്ന വേറൊരു സംശയം എന്തുകൊണ്ടാണ് ഈ രണ്ടു ഗാനങ്ങള്‍ക്കും “ആഹരി” എന്ന രാഗം തന്നെ തിരഞ്ഞെടുത്തത് ? അതും പൊതുവെ അശുഭകരം എന്നും “വിലക്കപ്പെട്ട രാഗം” എന്നും സംഗീത സംവിധായകര്‍ക്കിടയില്‍ പരക്കെ വിശ്വാസം ഉള്ള ഒരു രാഗം ?
അതറിയണമെങ്കില്‍ ഒന്നുകൂടി സിനിമയുടെ ആദ്യ ഭാഗങ്ങള്‍ കാണണം .അതായതു ഗംഗ തുറന്ന തെക്കിനിയിലെ മുറി അടച്ചു നാഗവല്ലിയെ കുടിയിരുത്താന്‍ തമ്പിയും ദാസപ്പനും കാട്ടുപറമ്പനും കൂടി അവിടെത്തുമ്പോള്‍ നാഗവല്ലി പറയുന്ന വാക്കുകള്‍ “യാരത്……. അന്ത ആഹരിയിലെ കീര്‍ത്തനം ഒന്ന് പാടുവിങ്കള ?”എന്നത് ശ്രദ്ധിച്ചാല്‍ മതി. ഇതില്‍ നിന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത് തിരക്കഥാകൃത്തും സംവിധായകനും ആഹരിയുടെ പ്രാധാന്യം മനസ്സിലാക്കിത്തന്നെ തന്നെ എടുത്തതാണ് പിന്നീടുള്ള ഇതുമായി ബന്ധപ്പെട്ട സീനുകളും മറ്റും. അതായതു നാഗവല്ലിക്ക് ആഹരി എന്ന രാഗത്തോടുള്ള ഇഷ്ടം അവിടുന്ന് തന്നെ വ്യക്തമാകുന്നുണ്ട്.കൂടാതെ ആഹരി രാഗം വളരെ പഴക്കമേറിയ രാഗം ആണ്. ഇന്നും ഇതിന്റെ പൂര്‍ണമായ രൂപം ആര്‍ക്കും പഠിപ്പിച്ചുകൊടുക്കാറില്ല സംഗീതജ്ഞര്‍. കാരണം അശുഭകരം ആയ രാഗം ആയതുകൊണ്ട് തന്നെ . കുറച്ചു മിത്തുകളും ഇതിനു പിന്നില്‍ ഉണ്ട് . ഇതിനെ ഒന്ന് നിരീക്ഷിച്ചാല്‍ മാടമ്പള്ളിയിലെ തെക്കിനിയും നാഗവല്ലിയും രാമനാഥനും കാരണവരും എല്ലാം പഴങ്കഥകളിലെ കഥാപാത്രങ്ങള്‍ ആണ് . അങ്ങനെ വരുമ്പോള്‍ കേള്‍ക്കുമ്പോള്‍ വളരെ പഴമ തോന്നുന്ന രീതിയില്‍ ഉള്ള പാട്ടുകള്‍ ആണ് ആഹരി രാഗത്തില്‍ സംഗീത സംവിധായകനായ എം ജി രാധാകൃഷ്ണന്‍ സാര്‍ കമ്പോസ് ചെയ്തത്. കൂടാതെ തെക്കിനി എന്ന “വിലക്കപ്പെട്ട മുറിയുടെയും” പഴംകഥകളുടെയും ദുരൂഹത സൂചിപ്പിക്കാനും ഈ “വിലക്കപ്പെട്ട രാഗത്തിനു” കഴിയുന്നുണ്ട് .
കൂടാതെ ഈ രാഗത്തെ കുറിച്ചുള്ള ചില രസകരമായ അല്ലെങ്കില്‍ വിശ്വാസപരമായ കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും .അതിലൊന്ന് ആഹരി പാടിയാല്‍ അന്നം മുട്ടും എന്ന ചൊല്ലാണ്. വേറൊന്നു സന്ധ്യാസമയങ്ങളിലും ഇത് പാടാറില്ല എന്നതാണ് അത് കൂടാതെ ഈ രാഗം കച്ചേരികളില്‍ അധികം ഉപയോഗിക്കാറില്ല ഉപയോഗിച്ചാല്‍ തന്നെ കുറച്ചു നേരത്തേക്ക് മാത്രമേ ഉപയോഗിക്കൂ കാരണം ഇതുണ്ടാക്കുന്ന മൂഡില്‍ നിന്ന് വളരെ പെട്ടെന്ന് മാറി അടുത്ത രാഗത്തിലേക്കു പോകാന്‍ കഴിയില്ല അതുകൊണ്ടു തന്നെ ഇത് കച്ചേരിയുടെ അവസാന ഭാഗങ്ങളില്‍ ആണ് ഉപയോഗിക്കാറ് .അതുമല്ല ഈ രാഗത്തിന്റെ ഭാവം ഭയാനകവും ദൈവീക മായതുമാണ്.
ഇനി തിരക്കഥാകൃത്തായ മധുമുട്ടവും സംവിധായകനായ ഫാസിലും എങ്ങനെ ഈ രാഗത്തിന്റെ പ്രത്യേകതകളെ നാഗവല്ലിയുടെ സ്വഭാവവുമായും പ്രവൃത്തികളുമായും ബന്ധപ്പെടുത്തുന്നതു എന്നുള്ളതാണ് അറിയേണ്ടത്.
ഇവിടെ നാഗവല്ലിക്ക് പ്രിയപ്പെട്ട രാഗമായ ആഹരി തെക്കിനിയില്‍ വച്ച് ഗംഗ പാടുന്നതിലൂടെ ഉദ്ദേശിക്കുന്നതു ഗംഗയുടെ മാറുന്ന അല്ലെങ്കില്‍ താളം തെറ്റുന്ന മനസ്സിനെ കാണിക്കാനാണു. കൂടാതെ ആഹരി എന്ന വിലക്കപ്പെട്ട രാഗം പാടുന്നതിലൂടെ ഗംഗക്ക് പോകാന്‍ “വിലക്കപ്പെട്ട” തെക്കിനി നാഗവല്ലിക്ക് പ്രിയപ്പെട്ടതാണ് എന്നും അത് തുറന്നു ഈ രാഗം പാടി തന്നില്ലേ ഇച്ഛാഭംഗത്തെ നാഗവല്ലിയില്‍ കൂടി നിറവേറ്റണമെന്നും ഗംഗയുടെ ഉപബോധമനസ്സു ആഗ്രഹിക്കുകയും അപ്രകാരം ഗംഗ അത് ചെയ്യുകയും ചെയ്യുന്നു എന്നതാണ് സംവിധായകന്‍ ഉദ്ദേശിച്ചിരിക്കുന്നത്. മാത്രമല്ല വിലക്കപ്പെട്ടത് തുറക്കുന്നതും പാടുന്നതും അതും രാത്രികളില്‍ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന അനന്തരഫലം മൂലമുണ്ടാകാവുന്ന ഭയചിന്തകളെ ഒക്കെ സൂചിപ്പിക്കാനും ഈ പാട്ടിനും സീനുകള്‍ക്കും കഴിയുന്നുണ്ട്.
കൂടാതെ ഗംഗയിലെ ചിത്തരോഗിയായ നാഗവല്ലി, ശങ്കരന്‍ തമ്പി അല്ലെങ്കില്‍ നകുലനോട് അടങ്ങാത്ത പക ഉള്ളവള്‍ ആണ്. തന്റെ സ്വപ്നങ്ങളെ ആഗ്രഹങ്ങളെ നിഷ്‌കരുണം തച്ചുടച്ച അയാളോടുള്ള അടങ്ങാത്ത പകയോടൊപ്പം തന്നെ തന്റെ കാമുകന്റെ വിരഹം പേറുന്നവള്‍ കൂടി ആണ് .അതുകൊണ്ടു തന്നെ ഒരു ഹൊറര്‍ മൂഡ് സൃഷ്ടിക്കാന്‍ വേണ്ടി തന്നെ ആകണം ഈ രാഗത്തിന്റെ ഭയാനക ഭാവത്തെ അതി വൈഗ്ദ്യത്തോടെ ഈ ഗാനത്തില്‍ ചേര്‍ത്തതു. അത് കൊണ്ട് തന്നെ കേള്‍ക്കുന്നവരില്‍ അല്‍പ്പം ഭയവും ഉണ്ടാക്കാന്‍ ഈ ഗാനത്തിന് കഴിയുന്നുണ്ട്.
അതുപോലെ ഈ രാഗത്തിന്റെ ദൈവീക ഭാവത്തെ അതി സുന്ദരമായി തന്നെ സണ്ണി പാടുന്ന “പഴം തമിഴ് പാട്ടിഴയും ശ്രുതിയില്‍” എന്ന ഗാനത്തില്‍ സന്നിവേശിപ്പിക്കാന്‍ സംഗീത സംവിധായകനും വരികള്‍ക്കും കഴിഞ്ഞിട്ടുണ്ട് കാരണം നകുലനെ കൊലപ്പെടുത്താനുള്ള ശ്രമം തടഞ്ഞതില്‍ നിന്നുണ്ടായ ഗംഗയില്‍ നിന്ന് ഉയര്‍ന്ന സൈക്കിക്ക് വൈബ്രേഷന്‍ അല്ലെങ്കില്‍ നാഗവല്ലിയുടെ പക ഒന്ന് ശമിപ്പിക്കാന്‍ ആ രാഗത്തിന്റെ ദൈവീക ഭാവം ഗുണപ്പെടുന്നുണ്ട്. കൂടാതെ ആ രാഗം പാടുമ്പോള്‍ ഗംഗയില്‍ വരുന്ന ഭാവവ്യത്യാസങ്ങള്‍ പഠിക്കാനും സണ്ണി ശ്രമിക്കുന്നുണ്ട് എന്ന് നമ്മള്‍ക്ക് കാണാം . അതായതു സണ്ണിയുടെ ഒരു സൈക്കോളജിക്കല്‍ മൂവ് ആയിരുന്നു നാഗവല്ലി പാടിയ അതെ രാഗത്തിന്റെ മറ്റൊരു ഭാവം വച്ച് അവളിലെ ആത്മരോഷത്തെ തണുപ്പിക്കുന്നതും അവളെ നിരീക്ഷണത്തിനു വിധേയ ആക്കുന്നതും
അങ്ങനെ നമ്മള്‍ ചിത്രത്തില്‍ കണ്ടതിനും കേട്ടതിനും പല അര്‍ത്ഥതലങ്ങള്‍ ഈ സിനിമയില്‍ ഉണ്ടെന്നു കാണാം. അത്തരത്തിലുള്ള ധാരാളം നിഗൂഢ രഹസ്യങ്ങളുടെ ബി നിലവറ തന്നെയാണ് മണിച്ചിത്രത്താഴ് . അതുതുറന്നെടുക്കാനുള്ള നമ്മളുടെ ശ്രമങ്ങള്‍ സിനിമയുള്ളടിത്തോളം കാലം തുടരുകതന്നെ ചെയ്യും ?
മറ്റ് കുറിപ്പുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഡൂള്‍ ന്യൂസും Manichithrathazhu – മണിച്ചിത്രത്താഴ് ഫേസ്ബുക്ക് പേജും സംയുക്തമായി മണിചിത്രത്താഴിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തോടനുബന്ധിച്ച് നടത്തുന്ന മത്സരത്തിലേക്ക് നിങ്ങള്‍ക്കും കുറിപ്പുകള്‍ അയക്കാം ലേഖനങ്ങള്‍ aswin@doolnews.com എന്ന മെയില്‍ ഐഡിയിലേക്കോ മണിചിത്രത്താഴ് പേജിലേക്കോ അയക്കാവുന്നതാണ് തെരഞ്ഞെടുക്കുന്ന ലേഖനങ്ങള്‍ക്ക് ക്യാഷ് പ്രൈസ് സമ്മാനം