വാഷിങ്ടൺ: യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ വസതിക്ക് പുറത്ത് ഫലസ്തീൻ അനുകൂലികളുടെ പ്രതിഷേധം പന്ത്രണ്ടാം ദിവസത്തിലേക്ക്.
ജനുവരി 26 മുതൽ എല്ലാ ദിവസവും രാവിലെ ഗസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ബ്ലിങ്കന്റെ വസതിക്ക് മുമ്പിൽ പ്രതിഷേധം നടത്തുകയാണ്.
ബ്ലിങ്കൻ വീട് വിട്ട് പുറത്തേക്ക് പോകുമ്പോഴും തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴും റോഡിൽ ചുവന്ന പെയിന്റ് ഒഴിച്ച് പ്രതിഷേധിക്കുന്ന സംഘം ‘ബ്ലഡി ബ്ലിങ്കൻ,’ ‘വംശഹത്യയുടെ സെക്രട്ടറി’ എന്നിങ്ങനെ വിളിച്ചുപറഞ്ഞു.
രാത്രിയിൽ റോഡരികിൽ ടെന്റ് കെട്ടി കഴിയുകയാണ് പ്രതിഷേധക്കാർ.
‘എഴുന്നേൽക്കൂ യുദ്ധക്കുറ്റവാളി! സുപ്രഭാതം യുദ്ധക്കുറ്റവാളി! നിങ്ങളുടെ വംശഹത്യ കാപ്പി എങ്ങനെയുണ്ട്? നിങ്ങൾ ഉറങ്ങുന്ന സമയം എത്ര കുട്ടികളെയാണ് കൊലപ്പെടുത്തിയത്?’ പ്രതിഷേധക്കാർക്ക് നേതൃത്വം നൽകുന്ന ഹസമി ബർമദ ഉറക്കെ വിളിച്ചുപറഞ്ഞു.
ജനുവരി 23ന് വിർജീനിയയിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസംഗം പത്ത് തവണയോളം തടസപ്പെടുത്തിയ സംഘത്തിനും ബർമദ നേതൃത്വം നൽകിയിരുന്നു.
ബ്ലിങ്കന് വലിയ രീതിയിൽ സമ്മർദം ചെലുത്താൻ തങ്ങൾക്ക് സാധിച്ചുവെന്നും യു.എസ് സീക്രെട്ട് സർവീസിൽ നിന്ന് ഇത്തരം സൂചനകൾ ലഭിച്ചിരുന്നുവെന്നും പ്രതിഷേധക്കാർ പറയുന്നു.
ബ്ലിങ്കന്റെ വസതിക്ക് പുറത്ത് ഇവർ പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം പശ്ചിമേഷ്യയിലെത്തിയ ബ്ലിങ്കൻ ഇസ്രഈലിന്റെ യുദ്ധ കാബിനറ്റുമായി യോഗം നടത്തിയിരുന്നു. ബ്ലിങ്കനും ബൈഡനും അചഞ്ചലമായ പിന്തുണയാണ് ഇസ്രഈലിന് നൽകുന്നത്.
ഗസയിലെ യുദ്ധത്തിന്റെ റിപ്പോർട്ടിങ് തോത് കുറക്കണമെന്നും ബ്ലിങ്കൻ അൽ ജസീറയോട് തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു.
Content Highlight: ‘Secretary of genocide’: Gaza protesters stay put outside Blinken’s home, urge truce