'ഏതെങ്കിലും പടുജന്മങ്ങള്‍ സെക്രട്ടറിയേറ്റ് ജീവനക്കാരെ മൂക്കില്‍ കയറ്റിക്കളയാമെന്ന് കരുതുന്നുണ്ടെങ്കില്‍ ഓര്‍ത്തോ ഇത് കളിത്തട്ട് വേറെയാണ്'; കസ്റ്റംസിനെതിരെ ഇടത് സംഘടന
തിരുവനന്തപുരം: കസ്റ്റംസിനെതിരെ പരസ്യവിമര്‍ശനവുമായി സെക്രട്ടേറിയറ്റിലെ ഇടത് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍. ‘തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ്’ എന്ന തലക്കെട്ടിലാണ് വിമര്‍ശനം.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ലാലുവിനെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം. അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്ണനെ കസ്റ്റംസ് ഭീഷണിപ്പെടുത്തിയെന്നും വിമര്‍ശനമുണ്ട്.
ഭരണഘടനയെ മുറുകെ പിടിച്ച് ജനാധിപത്യത്തിന്റെ കാവലാളുകള്‍ ഭരണം നടത്തുന്ന നാടാണിത്. അതിനെ പിരിച്ചുവിട്ട് സംഘികൈകളില്‍ ഏല്‍പ്പിക്കാമെന്ന് ഏതെങ്കിലും വടക്കന്‍ ഗോസ്വാമി നാഗ്പൂരില്‍ നിന്നും അച്ഛാരവും വാങ്ങി വന്നാല്‍ അത് കളസം കീറുന്ന പണിയായിപ്പോകും. ഓര്‍ത്തോ ഇത് കളിത്തട്ട് വേറെയാണ്. പോയി വേറെ പണി നോക്കണം ഹേ..’ എന്നാണ് നോട്ടീസില്‍ പറയുന്നത്.
സര്‍ക്കാരിനെ മോശമാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ ജീവനക്കാരെ മോശക്കാരായി ചിത്രീകരിക്കാനാണ് ശ്രമമെങ്കില്‍ അതിനെ പരസ്യമായിത്തന്നെ നേരിടുമെന്ന മുന്നറിയിപ്പും നോട്ടീസില്‍ നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്കെതിരെ അന്യായമായി ഉയരുന്ന കൈകള്‍ അവിടെ ഉണ്ടാകില്ലെന്നാണ് സംഘടന പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നത്.
സ്വര്‍ണക്കടത്തു കേസില്‍ മൊഴി നല്‍കാന്‍ എത്തിയപ്പോള്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് മര്‍ദ്ദിച്ചതായും സംഘടന പരാതിപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന ഡി.ജി.പി.ക്കും ചീഫ് സെക്രട്ടറിയ്ക്കും സംഘടന പരാതി നല്‍കിയിട്ടുമുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക