സെക്രട്ടറിയേറ്റിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍; സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും കടുത്ത നിയന്ത്രണം
Kerala News
സെക്രട്ടറിയേറ്റിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍; സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും കടുത്ത നിയന്ത്രണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th July 2021, 7:52 pm

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍. പൊതുഭരണ രഹസ്യവിഭാഗമാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.

അണ്ടര്‍ സെക്രട്ടറി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥന്റെ ശുപാര്‍ശ ഉണ്ടെങ്കില്‍ മാത്രമായിരിക്കും ഇനി മുതല്‍ മന്ത്രിമാരുടെ ഓഫീസിലേക്കുള്ള പ്രവേശനമെന്നും ഉത്തരവില്‍ പറയുന്നു.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെക്രട്ടിറിയേറ്റില്‍ പ്രവേശിക്കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

സെക്രട്ടറിയേറ്റിനുള്ളില്‍ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വി.ഐ.പി., സര്‍ക്കാര്‍, സെക്രട്ടറിയേറ്റ് പാസ് പതിച്ച വാഹനങ്ങള്‍ എന്നിവ്ക്ക് മാത്രമായിരിക്കും ഇനി കന്റോണ്‍മെന്റ് ഗേറ്റ് വഴി പ്രവേശനം ഉണ്ടാവുക.

ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സെപ്തംബര്‍ 30ന് മുമ്പ് എല്ലാ ജീവനക്കാരും പാസ് വാങ്ങണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കാന്റീന്‍ ഗേറ്റുവഴിയാണ് ഇരുചക്ര വാഹനങ്ങള്‍ പ്രവേശിക്കേണ്ടത്. എല്ലാ ജീവനക്കാര്‍ക്കും ഐ.ഡി. കാര്‍ഡും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഐ.ഡി. കാര്‍ഡ് ധരിക്കാത്ത ജീവനക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കുകയില്ല.

ആഭ്യന്തര വകുപ്പില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ വരുന്ന സന്ദര്‍ശകരെ സൗത്ത് സന്ദര്‍ശക സഹായ കേന്ദ്രം വഴി അകത്തേക്ക് വിടണമെന്നും നിര്‍ദേശമുണ്ട്. നിയന്ത്രണങ്ങള്‍ വരുന്നത് പൊതുജനങ്ങള്‍ക്ക് അത്യാവശ്യകാര്യങ്ങള്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിന് തടസമായേക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Secretariat announces strict restrictions for visitors and workers