| Friday, 6th November 2020, 2:07 pm

സുപ്രധാന പ്രഖ്യാപനത്തിനൊരുങ്ങി ബൈഡന്‍; വിജയം ഉറപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍; ജോര്‍ജിയയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് അടുക്കവേ വിജയപ്രഖ്യാപനത്തിനൊരുങ്ങി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. വിജയം പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു സുപ്രധാന പ്രസംഗത്തിന് ബൈഡെന്‍ തയ്യാറെടുക്കുന്നതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

90 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞ അരിസോണയില്‍ 47052 വോട്ടിന് ബൈഡന്‍ മുന്നിലാണ്. ഇവിടെ വിജയിച്ചാല്‍ ബൈഡന് 11 ഇലക്ട്രല്‍ വോട്ടുകള്‍ നേടി അധികാരത്തിലെത്താം.

99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞ ജോര്‍ജിയയില്‍ 1500 വോട്ടിന് മാത്രമാണ് ബൈഡന്‍ പിന്നിലുള്ളത്. ഇവരുടെ ചുരുങ്ങിയ വോട്ടുകള്‍ മാത്രമാണ് എണ്ണാനുള്ളത്. ജോര്‍ജിയയില്‍ വിജയിക്കുകയാണെങ്കിലും 16 ഇലക്ട്രല്‍ വോട്ട് നേടി 270 എന്ന മാജിക് നമ്പര്‍ ബൈഡന്‍ മറികടക്കും. ട്രംപാണ് ജയിക്കുന്നതെങ്കില്‍ 236 ആയി ട്രംപിന്റെ ഇലക്ട്രല്‍ വോട്ട് ഉയരും.

84 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞ നവാദയില്‍ 11,438 വോട്ടുകള്‍ക്കും ബൈഡന്‍ മുന്നിലുണ്ട്. അതേസമയം പെനിസില്‍വാനിയയില്‍ ട്രംപിന്റെ ലീഡ് 18229 ആണ്. നോര്‍ത്ത് കരോലിനയില്‍ 76737 വോട്ടുകള്‍ക്കാണ് ട്രംപ് മുന്നിലുള്ളത്.

ഫ്‌ലോറിഡയില്‍ 99 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ 51.2 ശതമാനം വോട്ടുകള്‍ നേടി ട്രംപ് വിജയം ഉറപ്പിച്ചിട്ടുണ്ട്. ഇവിടെ ബൈഡന് 47.9 ശതമാനം വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ മറ്റു അഞ്ച് സംസ്ഥാനങ്ങളിലും ഫലം എങ്ങോട്ടും മാറി മറിയാം എന്ന അവസ്ഥയിലാണ്. ആദ്യ ദിവസം കനത്ത ലീഡ് നേടിയ ട്രംപ് പിന്നോക്കം പോകുന്നതാണ് മറ്റു സംസ്ഥാനങ്ങളിലെ കാഴ്ച.

റിപ്പബ്‌ളിക് പാര്‍ട്ടി അനുഭാവികള്‍ നേരിട്ട് ബൂത്തിലെത്തി വോട്ടുകള്‍ ചെയ്തപ്പോള്‍ ഡെമോക്രാറ്റ് അനുഭാവികള്‍ തപാല്‍ വോട്ടുകളാണ് കൂടുതലായി ചെയ്തത് എന്നതാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രത്യേകത. ബൂത്തിലെ വോട്ടുകളെണ്ണി തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ ചിത്രം മാറി മറിയാന്‍ കാരണവും ഇതാണ്.

ആദ്യദിനം മുന്നില്‍ നിന്ന പെന്‍സില്‍വാനിയയിലും ജോര്‍ജിയയിലും വോട്ടെണ്ണല്‍ പുരോഗമിക്കും തോറും ട്രംപിന്റെ ഭൂരിപക്ഷം ഇടിയുകയാണ്. ഇന്നലെ 6.75 ലക്ഷം വോട്ടിന് മുന്നില്‍ നിന്ന പെന്‍സില്‍വാനിയയില്‍ ട്രംപിന്റെ ലീഡ് നിലവില്‍ 18000 മാത്രമായി കുത്തനെ ഇടിഞ്ഞു.

ജോര്‍ജിയ, നെവാഡ സംസ്ഥാനങ്ങളില്‍ ഇന്നലെ തന്നെ ഫലം പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിച്ചത്. തപാല്‍ വോട്ടുകള്‍ പിന്നെയും വരുന്നുണ്ടെന്നും ഇന്ന് തന്നെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കും എന്ന് അവിടുത്തെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ മുന്നില്‍ നില്‍ക്കുന്ന അരിസോണയ്‌ക്കൊപ്പം ജോര്‍ജിയയോ നെവാഡയോ ജയിച്ചാല്‍ ബൈഡന് വിജയം ഉറപ്പിക്കും.

11 ഇലക്ടറല്‍ വോട്ടുകള്‍ ഉള്ള അരിസോണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉറച്ച കോട്ടയായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും അവിടെ ആദ്യം മുതല്‍ ബൈഡനാണ് ലീഡ് ചെയ്തത്. റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ ബൈഡന്റെ ലീഡ് കുത്തനെ കുറയുകയും ഒരു ഘട്ടത്തില്‍ 7000 വരെ താഴുകയും ചെയ്‌തെങ്കിലും ഇവിടെ ബൈഡന്‍ ജയിക്കും എന്നാണ് വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ഉറപ്പിച്ചു പറയുന്നത്.

അതേസമയം പരാജയം മുന്‍കൂട്ടി കണ്ടതോടെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് നിയമപോരാട്ടം നടത്താനുള്ള ശ്രമത്തിലാണ് ട്രംപ് ക്യാംപ്. എന്നാല്‍ വോട്ടെടുപ്പിനെ ചോദ്യം ചെയ്ത് ജോര്‍ജിയയിലും മിഷിഗണിലും ട്രംപ് ക്യാംപ് നല്‍കിയ ഹരജികള്‍ അവിടുത്തെ കോടതികള്‍ തള്ളിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Secret Service sending reinforcements as Biden prepares to claim victory

We use cookies to give you the best possible experience. Learn more