| Thursday, 15th October 2015, 8:22 am

നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട രേഖകളെല്ലാം പരസ്യപ്പെടുത്തും: പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട രേഖകളെല്ലാം പരസ്യപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബോസിന്റെ  കുടുംബാംഗങ്ങളുമായി ബുധനാഴ്ച്ച നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്. നേതാജിയുടെ ജന്മവാര്‍ഷിക ദിനമായ 2016 ജനുവരി 23നായിരിക്കും ആദ്യഘട്ട രേഖകള്‍ പരസ്യപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പശ്ചിമ ബംഗാള്‍ സര്‍ക്കാരും നേതാജിയെ കുറിച്ചുള്ള ഫയലുകള്‍ പരസ്യമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരും തീരുമാനമെടുത്തിരിക്കുന്നത്.

നേതാജിയെ കുറിച്ചുള്ള രേഖകള്‍ രഹസ്യമാക്കി വെക്കാന്‍ പ്രത്യേക ആവശ്യമൊന്നുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗമായ കെ.ജി.ബിയുടെ പക്കലുള്ള രേഖകള്‍ ലഭിക്കുന്നതിനായി കത്തയക്കമെന്നും വാദിമിര്‍ പുടിനുമായി ഇക്കാര്യം സംസാരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നേതാജിയുടെ സഹോദരന്റെ മകന്റെ മകന്‍ ചന്ദ്രകുമാര്‍ ബോസ്, അടുത്ത ബന്ധുക്കളായ അര്‍ധേന്ദു ബോസ്, അഭിജിത് റേ എന്നിവരടക്കം 35 കുടുംബാംഗങ്ങള്‍ പ്രധാനമന്ത്രിയെ കാണാനെത്തി. ഏഴാം നമ്പര്‍ റേസ് കോഴ്‌സ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തുടങ്ങിയവരും പങ്കെടുത്തു.

We use cookies to give you the best possible experience. Learn more