|

എനിക്ക് ഊര്‍മ്മിളയാകണ്ട, ഇനിയും അഭിനയിക്കാനുള്ള എനര്‍ജിയും ഫിറ്റ്‌നസും മാത്രം മതി; ആദ്യകൂടിക്കാഴ്ചയില്‍ മമ്മൂട്ടി പറഞ്ഞതിനെ കുറിച്ച് പേഴ്‌സണല്‍ ട്രെയിനര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂക്കയുടെ ഫിറ്റ്‌നെസിനെ കുറിച്ച് മനസുതുറക്കുകയാണ് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ഫിറ്റ്‌നെസ് ട്രെയിനറായ വിബിന്‍ സേവ്യര്‍. മമ്മൂക്ക പ്രായത്തെ തോല്‍പ്പിക്കുന്നതിന്റെ രഹസ്യമറിയുന്ന ഒരേയൊരാളും ഇദ്ദേഹമാണ്!.

മമ്മൂക്ക ചെയ്യുന്ന വര്‍ക്ക് ഔട്ട് കണ്ടാല്‍ അത്ഭുതപ്പെട്ടുപോകുമെന്നാണ് വിബിന്‍ പറയുന്നത്. പക്ഷേ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ വര്‍ക്കൗട്ട് പിക്ചറുകള്‍ ഇടുന്നതു കുറവായതുകൊണ്ട് ആരും ഒന്നും അറിയുന്നില്ല എന്നുമാത്രം,’ വിബിന്‍ പറയുന്നു.

മമ്മൂക്ക ആദ്യമായി തന്റെ ഫിറ്റ്‌നെസ് സെന്ററില്‍ എത്തിയ അനുഭവവും വിബിന്‍ വനിതയുമായി പങ്കുവെക്കുന്നുണ്ട്. ‘ 2007 ല്‍ രണ്ട് ചെറുപ്പക്കാര്‍ വന്ന് ഞാന്‍ വര്‍ക്ക് ചെയ്യുന്ന ഫിറ്റ്‌നെസ് സെന്ററിനെ കുറിച്ച് അന്വേഷിച്ചിരുന്നു. അതിലൊരാളുടെ അച്ഛന് വേണ്ടിയാണെന്ന് പറയുകയും ചെയ്തു. അവര്‍ എഴുതിത്തന്ന ഫോം കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്യാന്‍ എടുത്തപ്പോഴാണ് പ്രഫഷന്റെ കോളത്തില്‍ ആക്ടര്‍ എന്ന് കണ്ടത്. പേര് മുഹമ്മദ് കുട്ടി. ദുല്‍ഖറും സുഹൃത്തുമാണ് അന്ന് വന്നത് എന്ന് അപ്പോഴാണ് അറിയുന്നത്.

പിന്നീട് വന്ന ശേഷം എന്റെ യോഗ്യതകള്‍ ചോദിച്ചു. മുംബൈയില്‍ ഊര്‍മ്മിള മഡോദ്ക്കറെ ട്രെയിന്‍ ചെയ്യിപ്പിച്ചിട്ടുണ്ട് എന്നറിഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു’ എനിക്ക് ഊര്‍മ്മിളയാകണ്ട, ഇനിയും അഭിനയിക്കാനുള്ള എനര്‍ജിയും ഫിറ്റ്‌നസും വേണം. അതുമാത്രം മതി. അന്ന് തന്നെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ട്രെയിനറായി ജോയിന്‍ ചെയ്തു. ഇന്നും അതേ പദവിയില്‍.

നോമ്പ് സമയത്ത് പോലും മമ്മൂക്ക വര്‍ക്ക് ഔട്ട് മുടക്കില്ല. നോമ്പ് തുറന്ന് എന്തെങ്കിലും ചെറുതായി കഴിച്ച ശേഷം വര്‍ക്ക് ഔട്ട് കഴിഞ്ഞിട്ടേ പ്രധാന ഭക്ഷണം കഴിക്കൂ. ഹോട്ടലുകള്‍ ആണെങ്കില്‍ അവിടുത്തെ ജിം അന്വേഷിക്കും. ആവശ്യമുള്ള എക്വിപ്‌മെന്റ്‌സ് ഇല്ലെങ്കില്‍ അറേഞ്ച് ചെയ്യും.

ആദ്യകാലത്ത് പല ട്രെയിനിങ് ഉപകരണങ്ങളും പറഞ്ഞ് ഉണ്ടാക്കിപ്പിക്കുകയായിരുന്നു. എവിടെപ്പോകുമ്പോഴും ട്രാവില്‍ ബാഗില്‍ ചെറിയ ഡംബല്‍സ് കാണും. ഇപ്പോള്‍ കാരവാനില്‍ ജിം ഉണ്ടെന്നതുപോലും വാര്‍ത്തയല്ല. പക്ഷേ റെഡിമെയ്ഡ് ഡംബല്‍സ് കിട്ടാത്ത കാലത്താണ് മമ്മൂക്ക ഇതൊക്കെ ചെയ്തത്’, വിബിന്‍ പറയുന്നു.

രുചികരമായ ഭക്ഷണങ്ങള്‍ മമ്മൂക്കയ്ക്ക് ഏറെ ഇഷ്ടമാണെന്നും എന്നാല്‍ ഡയറ്റ് കൃത്യമായി പാലിക്കാന്‍ മമ്മൂക്കയെ കഴിഞ്ഞേ ആളുള്ളൂവെന്നും വിബിന്‍ പറയുന്നു. തന്റെ കാരവാനില്‍ ഇഷ്ടപ്പെട്ടവരെ വിളിച്ച് രുചികരമായ ഭക്ഷണം നല്‍കി സല്‍ക്കരിക്കുന്ന പതിവുണ്ട് മമ്മൂക്കയ്ക്ക്. പക്ഷേ കൂടെ കഴിക്കില്ല, നോക്കിയിരുന്ന് സന്തോഷിക്കും’, വിബിന്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Secret Behind Actor Mammootty Fitness says Personal Trainer

Video Stories