ന്യൂദല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ മാത്രം ഒരു കോടി ആളുകള്‍ക്ക് ജോലി നഷ്ടമായതായി സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയുടെ റിപ്പോര്‍ട്ട്. 97 ശതമാനം കുടുംബങ്ങളുടെ വരുമാനം ഇടിഞ്ഞതായും സി.എം.ഐ.ഇ ചീഫ് എക്‌സിക്യൂട്ടീവ് മഹേഷ് വ്യാസ് അറിയിച്ചു.
ഈ വര്‍ഷം ഏപ്രിലില്‍ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനത്തിലെത്തിയിരുന്നു. മെയില്‍ അത് ഉയര്‍ന്ന നിരക്കായ 12 ശതമാനത്തിലെത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
‘രണ്ടം തരംഗത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒരു കോടി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. സമ്പദ്‌വ്യവസ്ഥ തുറക്കുന്നതോടെ ഒരു പരിധിവരെ പ്രശ്‌നം പരിഹരിക്കാനാകും. തൊഴില്‍ നഷ്ടമായവര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്താന്‍ പ്രയാസമായിരിക്കും.
അസംഘടിത മേഖലയില്‍ തൊഴില്‍ വേഗം തിരിച്ചുവരും. എന്നാല്‍ ഔദ്യോഗിക തൊഴിലുകള്‍ തിരിച്ചുവരാന്‍ ഒരു വര്‍ഷത്തോളമെടുക്കും,’ മഹേഷ് വ്യാസ് പറഞ്ഞു.
മൂന്നു ശതമാനം കുടുംബങ്ങളില്‍ മാത്രമാണ് ഈ കാലയളവില്‍ വരുമാന വര്‍ധനവുണ്ടായത്. 55 ശതമാനം കുടുംബങ്ങളുടെ വരുമാനം വലിയ രീതിയില്‍ ഇടിഞ്ഞതായും സി.എം.ഐ.ഇ 1.75 ലക്ഷം വീടുകളില്‍ നടത്തിയ സര്‍വ്വേ പ്രകാരം കണ്ടെത്തി. 2020ല്‍ 23.5 ശതമാനമായിരുന്നു തൊഴിലില്ലായ്മാ നിരക്ക്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Second wave rendered 1 crore Indians jobless; 97% households’ incomes declined in pandemic