കോട്ടയം: മനിതിയുടെ രണ്ടാമത്തെ സംഘത്തില്‍ ഇരുപതോളം യുവതികള്‍. പൊലീസ് എല്ലാ സഹായങ്ങളും വാഗ്ദാനം നല്‍കിയതായി സംഘത്തിലെ വയനാട്ടില്‍ നിന്നുള്ള ദളിത് ആക്ടിവിസ്റ്റ് അമ്മിണി മാധ്യമങ്ങളോട് പറഞ്ഞു. സംഘത്തില്‍ മലയാളികള്‍ ഉണ്ടെന്നും അമ്മിണി പറഞ്ഞു. പ്രതിഷേധക്കാര്‍ യാത്ര തടഞ്ഞാല്‍ പമ്പയില്‍ നിരാഹാരമിരിക്കുമെന്നും അമ്മിണി പറഞ്ഞു.
“ആരോടും പറയാതെയല്ല, ആദ്യമേ അറിയിച്ചുകൊണ്ടാണ് യാത്ര ആരംഭിച്ചത്. ക്രമസമാധാന പ്രശ്‌നമുണ്ടെങ്കില്‍ കൈകാര്യം ചെയ്യേണ്ടത് സര്‍ക്കാരാണ്, ഭക്തരല്ല. മലകയറാനും തിരിച്ച് ഇറങ്ങാനുമുള്ള സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കണം. അത് സര്‍ക്കാര്‍ ചെയ്യുമെന്നുള്ള വിശ്വാസത്തിലാണ് തങ്ങള്‍. മൂന്ന് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ എത്താനുണ്ട്. അവര്‍ എത്തിയതിന് ശേഷം മലകയറുമെന്നും” അമ്മിണി പറഞ്ഞു.
അതേസമയം, ദര്‍ശനം നടത്താതെ തിരിച്ച് പോകില്ലെന്ന് മനിതി സംഘം നേതാവ് സെല്‍വിയും വ്യക്തമാക്കി. സുരക്ഷ നല്‍കിയാല്‍ പോകുമെന്നും അതുവരെ ഇവിടെ ഇരിക്കുമെന്നും പൊലീസുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചതായി സെല്‍വി പറഞ്ഞു.
മനീതിയുടെ നേതൃത്വത്തില്‍ കൂടുതല്‍ സ്ത്രീകള്‍ വരുന്നുണ്ട്. അതിനാല്‍ തന്നെ തിരിച്ച് പോകില്ലെന്ന് സെല്‍വി മാധ്യമങ്ങളോടും വ്യക്തമാക്കി. തങ്ങള്‍ ആക്ടിവിസ്റ്റുകളല്ല, ഭക്തരാണെന്നും മനിതി സംഘം അറിയിച്ചു.
അതേസമയം, ഇവരുടെ ഇരുമുടിക്കെട്ട് നിറയ്ക്കാന്‍ പരികര്‍മ്മികള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇവര്‍ സ്വയം കെട്ടുനിറച്ചു. 11 പേരുള്ള സംഘത്തില്‍ ആറ് പേരാണ് ഇരുമുടികെട്ടു നിറച്ചത്.
സെല്‍വിയടക്കം ആറ് പേരാണ് കെട്ട് നിറച്ച് മല കയറുന്നത്. അതേസമയം യുവതികളെ മലകയറാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. പമ്പയില്‍ പ്രതിഷേധം തുടരുകയാണ്.