|

പുതിയ സമയത്തില്‍ ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടും; കാരണം ഇത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ രണ്ടാം മത്സരം വൈകും. ഇന്ത്യന്‍ സമയം രാത്രി എട്ടിന് തുടങ്ങേണ്ടിയിരുന്ന മത്സരം, രണ്ട് മണിക്കൂര്‍ വൈകി രാത്രി പത്ത് മണിക്കായിരിക്കും ആരംഭിക്കുന്നത്.

ടീമുകളുടെ ലഗേജ് എത്താന്‍ വൈകിയതാണ് മത്സരം നീണ്ടുപോവാന്‍ കാരണമായത്.

ലഗേജ് എത്താന്‍ വൈകിയതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് രംഗത്തെത്തിയിരുന്നു.

‘ഞങ്ങളുടെ പ്രിയപ്പെട്ട ആരാധകര്‍, സ്‌പോണ്‍സര്‍മാര്‍, ബ്രോഡ്കാസ്‌റ്റേഴ്‌സ് മറ്റുള്ളവര്‍ തുടങ്ങി എല്ലാവര്‍ക്കുമുണ്ടായ അസൗകര്യത്തില്‍ ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് ക്ഷമ ചോദിക്കുന്നു,’ ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

‘ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസിന്റെ നിയന്ത്രണങ്ങള്‍ക്കതീതമായ കാരണങ്ങളാലാണ് ട്രിനിഡാഡില്‍ നിന്നും സെന്റ് കീറ്റ്‌സിലേക്ക് ടീമുകളുടെ ലഗേജ് എത്താന്‍ വൈകിയത്,’ സി.ഡബ്ല്യു.ഐ വ്യക്തമാക്കി.

വാര്‍ണര്‍ പാര്‍ക്കില്‍ വെച്ചാണ് രണ്ടാം ടി-20 മത്സരം നടക്കുന്നത്.

രണ്ടാം ടി-20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കാന്‍ സാധ്യതയുണ്ട്. ശ്രേയസ് അയ്യരിന് പകരക്കാരനായിട്ടായിരിക്കും സഞ്ജു ടീമിനൊപ്പം ചേരുക.

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് സാധ്യത ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്

അതേസമയം, പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വന്‍മാര്‍ജിനില്‍ വിജയിച്ചിരുന്നു. 68 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 190 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ദിനേഷ് കാര്‍ത്തിക് എന്നിവരുടെ മികവിലായിരുന്നു ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് നിരയിലെ ഒരാള്‍ക്കുപോലും തിളങ്ങാനായില്ല. 20 റണ്‍സെടുത്ത ഷമാര്‍ ബ്രൂക്‌സായിരുന്നു ടോപ് സ്‌കോറര്‍.

Content Highlight: Second T20I between India and West Indies will delay, will start at 10 pm