അരീന പെര്‍ണാംബുകോ: മൂന്ന് മൂന്‍ ജേതാക്കളെ മറികടന്ന് മരണഗ്രൂപ്പായ ഡിയില്‍ നിന്നും പ്രീക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിക്കുന്ന ആദ്യ ടീമെന്ന് ഖ്യാതി കോസ്റ്റാറിക്കക്ക്. ആദ്യ മത്സരത്തില്‍ യുറോഗ്വയെ കീഴടക്കിയതിന് പിന്നാലെ നാല് തവണ ലോക ചാമ്പ്യന്മാരായ ഇറ്റലിക്കെതിരെയും ജയം ആവര്‍ത്തിച്ചാണ് കോസ്റ്റാറിക്ക രണ്ടാം റൗണ്ടില്‍ സ്ഥാനം ഉറപ്പിച്ചത്. മുന്‍ ചാമ്പ്യന്മാര്‍ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കോസ്റ്റാറിക്കയുടെ ജയം. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ നായകന്‍ ബ്രയാന്‍ റൂയിസാണ് കോസ്റ്റാറിക്കക്കായി ഗോള്‍ നേടിയത്.
മരണ ഗ്രൂപ്പില്‍ നിന്നും രണ്ട് ജയം സ്വന്തമാക്കിയ കോസ്റ്റാറിക്കക്ക് ആറ് പോയന്റുണ്ട്. ഇറ്റലിക്കും യുറോഗ്വയ്ക്കും മൂന്ന് പോയന്റ് വീതവും. ഇനി ഇംഗ്ലണ്ടിനെയാണ് കോസ്റ്റാറിക്കക്ക നേരിടാനുള്ളത്. ഫലത്തില്‍ ഈ മത്സരത്തിന് പ്രസക്തിയില്ലാതായി. ഇതില്‍ തോറ്റാലും കോസ്റ്റാറിക്കക്ക് പ്രീക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പാണ്. എന്നാല്‍ കോസ്റ്റാറിക്കയുടെ ജയത്തോടെ അവസാന മത്സരം കളിക്കാതെ തന്നെ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ലോകക്കപ്പില്‍ നിന്നും പുറത്തായി. ഇറ്റലി-യുറോഗ്വായ് മത്സര വിജയികളാവും ഗ്രൂപ്പില്‍ നിന്നും പ്രീക്വാര്‍ട്ടറില്‍ കടക്കുന്ന രണ്ടം ടീം.
മത്സരം സ്വന്തമാക്കിയാല്‍ പ്രീക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിക്കാമെന്നതിനാല്‍ ഇരു ടീമും ജയിക്കാനുറച്ചാണ് കളത്തിലിറങ്ങിയത്. ആദ്യ പകുതിയില്‍ തന്നെ ഒന്നിലേറെ അവസരങ്ങള്‍ രണ്ട് ടീമിനും തുറന്ന് കിട്ടുകയും ചെയ്തു. ഇറ്റലിക്കായി ആന്ദ്രെ പിര്‍ലോയും കോസ്റ്റാറിക്കക്കായി ജോ കാംബെല്ലും കളി മെനഞ്ഞപ്പോള്‍ മത്സരം ആവേശകരമായി. മുപ്പതാം മിനിറ്റിലും മുപ്പത്തിരണ്ടാം മിനിറ്റിലും ഇറ്റലിയുടെ സ്റ്റാര്‍ സ്‌ട്രൈ്ക്കര്‍ ബെലോട്ടെല്ലിക്ക് അവസരങ്ങള്‍ ഒത്തുവന്നതാണ്. എന്നാല്‍ ഇറ്റാലിയന്‍ താരത്തിന് പന്ത് വലയിലെത്തിക്കാന്‍ കഴിഞ്ഞില്ല.
മുപ്പത്തിയഞ്ചാം മിനിറ്റില്‍ കോസ്റ്റാറിക്കയുടെ നല്ലൊരു ശ്രമം ഗോളി ബഫണ്‍ മുഴുനീള ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. നാല്‍പ്പത്തി രണ്ടാം മിനിറ്റില്‍ കോസ്്റ്റാറിക്ക ലീഡ് നേടി എന്ന് കരുതിയതാണ്. ഒറ്റക്ക് മുന്നേറി ഇറ്റാലിയന്‍ പെനാല്‍റ്റി ബോക്‌സിലെത്തിയ കാംബെല്ലിന് ഗോളിലേക്ക് ഷോട്ടുതിര്‍ക്കാന്‍ സാധിച്ചില്ല. അതിന് മുന്നെ ജോര്‍ജിയോ ചില്ലിനി കോസ്റ്റാറിക്കന്‍ താരത്തെ ടാക്കിള്‍ ചെയ്ത് വീഴ്ത്തി പന്ത് സ്വന്തമാക്കി. പെനാല്‍റ്റി കിക്കിനായി കാംബെല്ലും കോസ്റ്റാറിക്കന്‍ താരങ്ങളും അപ്പീല്‍ ചെയ്‌തെങ്കിലും റഫറി അനുവദിച്ചില്ല.
തൊട്ടു പിന്നാലെ കോസ്റ്റാറിക്ക ഇറ്റാലിയന്‍ വല ചലിപ്പിച്ചു. കോസ്റ്റാറിക്കയുടെ പതിനഞ്ചാം നമ്പര്‍ താരം നല്‍കിയ ക്രോസിന് ബ്രയാന്‍ റൂയിസ് ഉയര്‍ന്ന ചാടി തലവെക്കുകയായിരുന്നു. ക്രോസ് ബാറില്‍ തട്ടി പന്ത് ഗോള്‍ ലൈന്‍ കടന്നു. ഗോള്‍ ലൈന്‍ ടെക്‌നോളജിയിലൂടെ ഗോളെന്നുറപ്പിച്ചതിന് ശേഷം റഫറി നീട്ടി വിസിലൂതി. കോസ്റ്റാറിക്ക-1 ഇറ്റലി-0. രണ്ടാം പകുതിയില്‍ ഗോളടിക്കാന്‍ ഇറ്റലി ശ്രമിച്ചെങ്കിലും കേസ്റ്റാറിക്കന്‍ പ്രതിരോധം നീക്കങ്ങളെല്ലാം ഫലപ്രദമായി തടഞ്ഞു. ഒരു ഗോളിന്റെ ലീഡ് കാത്തു സൂക്ഷിച്ച കോസ്റ്റാറിക്ക 1990ലെ ലോകക്കപ്പിന് ശേഷം വീണ്ടുമൊരിക്കല്‍ കൂടി പ്രീക്വാര്‍ട്ടറില്‍ കടന്നു.