|

സെക്കന്റ് ഷോയ്ക്ക് അനുമതിയില്ല; മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് മാര്‍ച്ച് നാലിന് റിലീസ് ചെയ്യില്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റി വെച്ചു. തിയേറ്ററുകളില്‍ സെക്കന്റ് ഷോയ്ക്ക് ഉള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചതോടെയാണ് ചിത്രം ഉടനെ റിലീസ് ചെയ്യേണ്ടന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

നേരത്തെ ചിത്രത്തിന്റെ സംവിധായകന്‍ ജോഫിന്‍ ടി ചാക്കോയും സെക്കന്റ് ഷോയില്ലാതെ കേരളത്തിലോ പുറത്തോ റിലീസ് ചെയ്യാനാകില്ലെന്ന് പറഞ്ഞിരുന്നു.

തിയേറ്ററില്‍ കാണേണ്ട സിനിമ എന്ന നിലയിലാണ് പ്രീസ്റ്റ് പ്ലാന്‍ ചെയ്തതെന്നും കൊറോണ സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടിയിലും ഈ ചിത്രം പൂര്‍ത്തികരിക്കാനായത് രണ്ട് നിര്‍മ്മാതാക്കള്‍ ഒപ്പം നിന്നതുകൊണ്ടാണെന്നും ജോഫിന്‍ പറഞ്ഞിരുന്നു.

മാര്‍ച്ച് നാലിനായിരുന്നു ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമാ മേഖലയില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങിയ ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.

മമ്മൂട്ടിയും മഞ്ജുവാര്യരും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നിഖില വിമല്‍, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍.ഡി ഇല്ലുമിനേഷന്‍സ് പ്രസന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും,ബി ഉണ്ണികൃഷ്ണനും വി .എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥ സംവിധായകന്റേത് തന്നെയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ്. 2020 ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കൊവിഡ് ലോക്ക്ഡൗണ്‍ മൂലം ഷൂട്ടിങ് നീണ്ടുപോവുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Second show not allowed; Mammootty movie The Priest will not be released on March 4