| Tuesday, 8th August 2023, 10:39 pm

രണ്ടാംഘട്ട ഭാരത് ജോഡോ ഗുജറാത്ത് മുതല്‍ മേഘാലയ വരെ; ഒരുക്കങ്ങള്‍ തുടങ്ങി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഗുജറാത്ത് മുതല്‍ മേഘാലയ വരെ രണ്ടാം ഘട്ട ഭാരത് ജോഡോ യാത്ര ആസൂത്രണം ചെയ്യുന്നതായി കോണ്‍ഗ്രസ്. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പടോലയാണ് ഇക്കാര്യം അറിയിച്ചത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യഘട്ട ഭാരത് ജോഡോ യാത്ര ഏറെ സ്വീകാര്യത നേടിയിരുന്നു.

മഹാരാഷ്ട്രയിലെ യാത്രയുടെ ഒരുക്കങ്ങള്‍ക്കായി സംസ്ഥാനത്തെ ഓരോ ലോക്‌സഭാ സീറ്റിലേക്കും 48 പാര്‍ട്ടി നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ടെന്ന് പടോല അറിയിച്ചു. നിരീക്ഷകര്‍ ആറ് ദിവസത്തിനുള്ളില്‍ സ്ഥിതിഗതികളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അതിന് ശേഷം ആഗസ്റ്റ് 16ന് കോര്‍ കമ്മിറ്റി യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

കിഴക്കന്‍ വിദര്‍ഭയില്‍ പടോലയും, മുംബൈയില്‍ വര്‍ഷ ഗെയ്ക്വാദും, പടിഞ്ഞാറന്‍ വിദര്‍ഭയില്‍ വിജയ് വഡേത്തിവാറും, വടക്കന്‍ മഹാരാഷ്ട്രയില്‍ ബാലാസാഹേബ് തോറാട്ടും, മറാത്ത്വാഡയില്‍ അശോക് ചവാനും പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ പൃഥ്വിരാജ് ചവാനും യാത്രയെ നയിക്കും. അതിന് ശേഷം എല്ലാ നേതാക്കളും ഒരുമിച്ച് കൊങ്കണിലേക്ക് പോകും. പദയാത്രക്ക് ശേഷം ബസ് യാത്ര നടത്തുമെന്നും പടോല അറിയിച്ചു.

സംസ്ഥാനത്ത് നിന്നും രണ്ടാം ഘട്ട യാത്ര നടത്തുന്നതിനായി രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചിട്ടുണ്ടെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് യാത്ര പ്രഖ്യാപനം വന്നിരിക്കുന്നത്. ‘ഗുജറാത്തില്‍ നിന്നു രണ്ടാംഘട്ട ഭാരത് ജോഡോ യാത്ര നടത്തുന്നതിനായുള്ള ക്ഷണം രാഹുല്‍ ഗാന്ധിക്ക് നല്‍കിയിട്ടുണ്ട്. രണ്ടാമത്തെ യാത്ര സംസ്ഥാനത്ത് നിന്നാവും ആരംഭിക്കുക,’ ഗുജറാത്ത് പ്രതിപക്ഷ നേതാവ് അമിത് ചൗധയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രണ്ടാം ഭാരത് ജോഡോ യാത്രയില്‍ കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയുള്ള സംസ്ഥാനങ്ങളില്‍ യാത്രയാവാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഒന്നാം ഘട്ട ഭാരത് ജോഡോ യാത്ര തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നും 2022 സെപ്റ്റംബറില്‍ ആരംഭിച്ച് ജനുവരി 30ന് ശ്രീനഗറിലായിരുന്നു അവസാനിച്ചത്. 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായിരുന്നു യാത്ര നടത്തിയിരുന്നത്.

ഭാരത് ജോഡോ യാത്ര അവസാനിച്ചതിന് ശേഷമായിരുന്നു മോദി പരാമര്‍ശം സംബന്ധിച്ച അപകീര്‍ത്തികേസില്‍ രാഹുലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വര്‍ഷം തടവിന് സൂറത്ത് കോടതി ശിക്ഷിക്കുന്നത്. തുടര്‍ന്ന് എം.പി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ അയോഗ്യനാക്കിയിരുന്നു. എന്നാല്‍, വെള്ളിയാഴ്ച സൂറത്ത് മജിട്രേറ്റ് കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് അദ്ദേഹം പാര്‍ലമെന്റ് സമ്മേളനത്തിന് എത്തുകയും ചെയ്തു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പരാജയമായിരുന്നെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസും ഇതേ വിധിയിലേക്കാണ് പോകുന്നതെന്നും ബി.ജെ.പി വിമര്‍ശിച്ചു.

‘ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പരാജയമായിരുന്നു. യാത്രക്ക് ശേഷം ആ സംസ്ഥാനങ്ങളിലെ എം.എല്‍.എമാരെല്ലാം പാര്‍ട്ടി വിട്ടു. ഇത് തന്നെയാണോ മഹാരാഷ്ട്ര കോണ്‍ഗ്രസ നേതാക്കള്‍ക്കും വേണ്ടത്. കോണ്‍ഗ്രസിന് പദയാത്ര നടത്തുന്നു, കാരണം അവര്‍ക്ക് ജനങ്ങളുമായി ബന്ധമില്ല. ഉദ്ധവ് താക്കറെയുടെ പാര്‍ട്ടി സാന്നിധ്യമുള്ള കൊകന്‍ മേഖലയിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മഹാവികാസ് അഘാടി കടലാസില്‍ മാത്രമേയുള്ളൂവെന്ന് വ്യക്തമാണ്,’ മഹാരാഷ്ട്ര ബി.ജെ.പി വൈസ് പ്രസിഡന്റ് മാധവ് ഭണ്ഡാരി പറഞ്ഞു.

Content Highlights: Second phase of bharatj jodo yathra from gujarath to meghalaya

We use cookies to give you the best possible experience. Learn more