ന്യൂദല്‍ഹി: ഗുജറാത്തില്‍ 2002ല്‍ നടന്ന കലാപത്തെയും മുസ്‌ലിം വംശഹത്യയെയും അതില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കുള്ള പങ്കിനെയും കുറിച്ചായിരുന്നു ഇന്ത്യ: ദ മോദി ക്വസ്റ്റിയനെന്ന ബി.ബി.സി ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗത്തില്‍ പ്രതിപാദിച്ചിരുന്നത്. ഈ ഡോക്യൂമെന്ററിയുടെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരിക്കുകയാണ്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരക്കായിരുന്നു രണ്ടാം ഭാഗമിറങ്ങിയത്.
ഒന്നാം ഭാഗം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെക്കുറിച്ചാണ് പറഞ്ഞിരുന്നത്. എന്നാല്‍ 2019ല്‍ മോദി വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മുസ്‌ലിം വിരുദ്ധ നയങ്ങള്‍ കര്‍ശനമാക്കിയെന്നാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്.
മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റെര്‍നാഷണലിന്റെ കണ്ടത്തലും ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നുണ്ട്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അടക്കം സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മോദി സര്‍ക്കാര്‍ ഫ്രീസ് ചെയ്തതും ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണകാലത്ത് മുസ്‌ലിങ്ങള്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ അരക്ഷിതാവസ്ഥയുണ്ടായിട്ടുണ്ട്. രണ്ടാം തവണ അധികാരത്തിലേറിയതിന് ശേഷം മുസ്‌ലിം വിരുദ്ധ നിമയനിര്‍മാണത്തിന് മോദി സര്‍ക്കാര്‍ മുന്‍കയ്യെടുത്തെന്നും ഡോക്യുമെന്ററി പറയുന്നു.
ജമ്മു കാശ്മീരിന്റ പ്രത്യേക പദവി എടുത്തുകളഞ്ഞത് മുസ്‌ലിങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തി. 2019 ഡിസംബര്‍ 11ന് പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം മുസ്‌ലിങ്ങളെ ഇന്ത്യയില്‍ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കിയത്. ഈ നിയമത്തിനെതിരെയിള്ള പ്രതിഷേധങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട ക്രൂരമായ രീതികളെക്കുറിച്ചും ഡോക്യുമെന്ററി പറയുന്നു.
ദല്‍ഹിയിലെ സര്‍വകലാശാലകളിലടക്കം സമരത്തെ അടിച്ചമര്‍ത്താന്‍ പൊലീസ് സ്വീകരിച്ച നടപടികളുടെ ദൃശ്യങ്ങളും ഉള്‍പ്പെടുന്നതാണ് ഡോക്യുമെന്ററി.
അതേസമയം, ഇടത് സംഘടനകളുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തുടരുകയാണ്.
ദല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാലയില്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം പൊലീസ് തടഞ്ഞരുന്നു. എസ്.എഫ്.ഐ, എന്‍.എസ്.യു.ഐ വിദ്യാര്‍ത്ഥി നേതാക്കളെ കസ്റ്റഡിയിലെടുത്തായിരുന്നു ദല്‍ഹി പൊലീസിന്റെ നീക്കം.
കഴിഞ്ഞ ദിവസം ജെ.എന്‍.യുവിലും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഡോക്യുമെന്ററിയുടെപ്രദര്‍ശനം തടയാനായി ക്യാമ്പസിലെ വൈദ്യുതി ജെ.എന്‍.യു അധികൃതര്‍ വിച്ഛേദിച്ചിരുന്നു.
ഇതേതുടര്‍ന്ന് മൊബൈല്‍ ഫോണിലും ലാപ്‌ടോപ്പിലുമായി വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി കണ്ടിരുന്നു. എന്നാല്‍ ഇതില്‍ പ്രകോപിതരായ എ.ബി.വി.പി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കല്ലേറ് നടത്തി. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
Content Highlight: second part of the BBC documentary says After Modi came to power for the second time, anti-Muslim laws were tightened