national news
വീണ്ടും സൈനിക വിമാനങ്ങളിൽ ഇന്ത്യക്കാരെ തിരിച്ചയച്ച് അമേരിക്ക; 119 പേർ ഇന്നെത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 15, 01:40 am
Saturday, 15th February 2025, 7:10 am

ന്യൂദൽഹി: വീണ്ടും ഇന്ത്യൻ കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ തിരിച്ചയച്ച് അമേരിക്ക. യു.എസിൽ നിന്ന് നാടുകടത്തപ്പെട്ട 119 ഇന്ത്യൻ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള രണ്ട് വിമാനങ്ങൾ ഫെബ്രുവരി 15 നും 16 നും അമൃത്സറിലെ ഗുരു റാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമെന്ന് റിപ്പോർട്ട്.

ഈ മാസം ആദ്യം, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 104 അനധികൃത കുടിയേറ്റക്കാരുമായി ഒരു യു.എസ് സൈനിക വിമാനം അമൃത്സറിൽ വന്നിറങ്ങിയിരുന്നു. അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികളുടെ ഭാഗമായി ട്രംപ് സർക്കാർ നാടുകടത്തിയ ഇന്ത്യക്കാരുടെ ആദ്യ ബാച്ച് ആയിരുന്നു അത്. പിന്നാലെയാണ് പുതിയ ബാച്ച് എത്തുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്.

നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും പഞ്ചാബിൽ നിന്നുള്ളവരാണ് (67), ഹരിയാന (33), ഗുജറാത്ത് (8), ഉത്തർപ്രദേശ് (3), മഹാരാഷ്ട്ര (2), ഗോവ (2), രാജസ്ഥാൻ (2), ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ വ്യക്തികാലും ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യയിലേക്ക് നാടുകടത്താൻ നിശ്ചയിച്ചിരിക്കുന്ന ആളുകളിൽ മെക്സിക്കോ വഴിയും മറ്റ് വഴികളിലൂടെയും അമേരിക്കയിലേക്ക് കടന്നവരും ഉൾപ്പെടുന്നു. നിയമവിരുദ്ധമായി യു.എസിൽ പ്രവേശിച്ച ഉടൻ തന്നെ അവർ പാസ്‌പോർട്ടുകൾ കീറിക്കളഞ്ഞതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ഫെബ്രുവരി അഞ്ചിന് 104 അനധികൃത കുടിയേറ്റക്കാരെ യു.എസ് സൈനിക വിമാനത്തിൽ തിരിച്ചയച്ചത് വലിയ വിവാദമായിരുന്നു. യാത്രയിലുടനീളം കൈകളും കാലുകളും ബന്ധിക്കപ്പെട്ടിരുന്നുവെന്നും അമൃത്സറിൽ ഇറങ്ങിയതിനുശേഷം മാത്രമാണ് തങ്ങളുടെ വിലങ്ങുകൾ അഴിച്ചുമാറ്റിയതെന്നും നാടുകടത്തപ്പെട്ട കുടിയേറ്റക്കാർ പറഞ്ഞു.

ഇത് രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടൺ സന്ദർശന വേളയിൽ ഈ വിഷയം അമേരിക്കയിൽ ഉന്നയിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇന്ത്യൻ കുടിയേറ്റക്കാരോട് മാലിന്യത്തേക്കാൾ മോശമായാണ് അമേരിക്ക പെരുമാറിയതെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ആരോപിച്ചിരുന്നു.

ഇന്ത്യയിൽ വ്യാപകമായ പ്രതിഷേധത്തിന് ശേഷം, നാടുകടത്തപ്പെട്ടവരോടുള്ള പെരുമാറ്റത്തെക്കുറിച്ചുള്ള ആശങ്കകൾ കേന്ദ്രം വാഷിങ്ടണിനെ അറിയിച്ചിരുന്നു.

വ്യാഴാഴ്ച, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ, ഒരുപാട് സ്വപ്നങ്ങളുമായി വരുന്ന സാധാരണ കുടുംബങ്ങളിൽ നിന്നുള്ള ആളുകളെ ആകർഷിക്കുകയും അനധികൃത കുടിയേറ്റക്കാരായി മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന മനുഷ്യക്കടത്തുകാർക്കെതിരെ പോരാടേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.

വൈറ്റ് ഹൗസിൽ ട്രംപുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ അനധികൃത കുടിയേറ്റ വിഷയത്തെക്കുറിച്ചുള്ള പി.ടി.ഐയുടെ ചോദ്യത്തിന് മറുപടിയായായിരുന്നു മോദിയുടെ ഉത്തരം. ഇത് ഇന്ത്യയെക്കുറിച്ചുള്ള ഒരു ചോദ്യമല്ല, മറിച്ച് ഒരു ആഗോള പ്രശ്നമാണെന്നും മോദി കൂട്ടിച്ചേർത്തിരുന്നു.

‘മറ്റൊരു രാജ്യത്ത് നിയമവിരുദ്ധമായി പ്രവേശിച്ച് താമസിക്കുന്ന ആർക്കും ആ രാജ്യത്ത് താമസിക്കാൻ നിയമപരമായ അവകാശമോ അധികാരമോ ഇല്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം,’ അദ്ദേഹം പറഞ്ഞു. പിന്നാലെയാണ് ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള രണ്ടാമത്തെ സൈനിക വിമാനം അമേരിക്കയിൽ നിന്ന് പുറപ്പെടാനൊരുങ്ങുന്നത്.

 

Content Highlight: Second military plane from US with 119 illegal immigrants to reach in Amritsar on Feb 15