അമൃത്സർ: നാടുകടത്തപ്പെട്ട അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള സൈനിക വിമാനം ശനിയാഴ്ച രാത്രി 11 :40ന് അമൃത്സറിൽ എത്തി. 119 ഇന്ത്യൻ പൗരന്മാരെ സി-17 ഗ്ലോബ്മാസ്റ്റർ III എന്ന യു.എസ് സൈനിക വിമാനത്തിലാണ് എത്തിച്ചിരിക്കുന്നത്. നാടുകടത്തപ്പെട്ട 157 പേരുടെ മൂന്നാമത്തെ ബാച്ച് ഞായറാഴ്ച രാത്രി അമൃത്സറിൽ എത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ചരക്കുകൾ, സൈനികർ, രോഗികൾ എന്നിവരെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വിമാനമാണ് ബോയിംഗ് സി-17എ ഗ്ലോബ്മാസ്റ്റർ III.
മുമ്പ് ഇന്ത്യക്കാരെ ചങ്ങലക്കിട്ട് നാടുകടത്തിയ അമേരിക്കയുടെ നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനം ഉയരുന്ന പശ്ചാത്തലത്തിൽ മനുഷ്യത്വരഹിതമായ നടപടി ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വിമാനത്തിലും സ്വീകരിച്ചോയെന്നാണ് ഉറ്റുനോക്കുന്നത്.
119 പേരിൽ 100 പേർ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. 67 പേർ പഞ്ചാബിൽ നിന്നുള്ളവരും, 33 പേർ ഹരിയാനയിൽ നിന്നുള്ളവരും, എട്ട് പേർ ഗുജറാത്തിൽ നിന്നുള്ളവരും, മൂന്ന് പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരും, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേർ വീതവും, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും വീതമാണ്.
നാടുകടത്തപ്പെട്ടവരിൽ നാല് സ്ത്രീകളും ആറ് വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ രണ്ട് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു. നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും 18 നും 30 നും ഇടയിൽ പ്രായമുള്ളവരാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഈ മാസം ആദ്യം, യു.എസ് സൈനിക വിമാനത്തിൽ കൈകാലുകളിൽ വിലങ്ങണിയിച്ച് നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ ഫോട്ടോകളും വീഡിയോകളും പ്രചരിച്ചതോടെ വലിയ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു. പൗരന്മാരെ അന്തസ്സോടെ തിരിച്ചുകൊണ്ടുവരാൻ ഇന്ത്യൻ സർക്കാർ സ്വന്തം വിമാനം അയയ്ക്കണമായിരുന്നുവെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, നാടുകടത്തപ്പെട്ടവരെ വഹിച്ച വിമാനങ്ങൾ അമൃത്സറിൽ ഇറക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ശനിയാഴ്ച വിമർശിച്ചു. ഇത് പഞ്ചാബിനെയും പഞ്ചാബികളെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഈ വിഷയം ഞാൻ വിദേശകാര്യ മന്ത്രാലയത്തോടും ആഭ്യന്തര മന്ത്രാലയത്തോടും ഉന്നയിച്ചിട്ടുണ്ട്, പക്ഷേ എനിക്ക് തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല. ആദ്യ വിമാനം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ലാൻഡ് ചെയ്തു. ഇപ്പോൾ രണ്ട് വിമാനങ്ങൾ കൂടി യാതൊരു ന്യായീകരണവുമില്ലാതെ ഇങ്ങോട്ട് അയയ്ക്കുന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അമൃത്സറിൽ നിന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാൻ സർക്കാർ വിസമ്മതിക്കുന്നുവെങ്കിൽ, ഒരു യു.എസ് സൈനിക വിമാനം ഇവിടെ ഇറങ്ങാൻ എങ്ങനെയാണ് അനുവദിക്കുന്നത്,’ അദ്ദേഹം ചോദിച്ചു.
Content Highlight: Second Military Flight With 119 Indian Deportees Arrives from US