മുസ്‌ലിം മതനിയമപ്രകാരം രണ്ടാം വിവാഹം സാധ്യമായിരിക്കാം, എന്നാല്‍ ആദ്യഭാര്യയോട് ചെയ്യുന്ന ക്രൂരതയാണത്; കര്‍ണാടക ഹൈക്കോടതി
national news
മുസ്‌ലിം മതനിയമപ്രകാരം രണ്ടാം വിവാഹം സാധ്യമായിരിക്കാം, എന്നാല്‍ ആദ്യഭാര്യയോട് ചെയ്യുന്ന ക്രൂരതയാണത്; കര്‍ണാടക ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th September 2020, 2:03 pm

കര്‍ണാടക: മുസ്‌ലിം നിയമപ്രകാരം രണ്ടാം വിവാഹം സാധ്യമാവുമെങ്കിലും അത് ഒന്നാം ഭാര്യയോട് ചെയ്യുന്ന വലിയ ക്രൂരതയാണെന്ന് കര്‍ണാടക ഹൈക്കോടതി. ഒന്നാം ഭാര്യക്ക് വിവാഹമോചനം നടത്താനുള്ള അര്‍ഹതയുണ്ടെന്നും കോടതി പറഞ്ഞു.

ഒന്നാം ഭാര്യയോട് ചെയ്യുന്നത് ക്രൂരതയാണെന്ന വാദം വിഷയാധിഷ്ടിതമാണെന്നും എല്ലാ സാഹചര്യങ്ങളിലും അങ്ങനെയായിരിക്കണമെന്നില്ലെന്നും ജസ്റ്റിസ് ക്രിഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് പി ക്രിഷ്ണ ഭട്ട് എന്നിവര്‍ പറഞ്ഞു.

‘നിയമം അനുവദിക്കുന്നതാണെങ്കിലും ചില പ്രവര്‍ത്തികള്‍ എല്ലായ്‌പ്പോഴും നല്ലതായിരിക്കണമെന്നില്ല, ഉദാഹരണത്തിന് കള്ളുകുടിക്കാനും, പുകവലിക്കാനും, കൂര്‍ക്കം വലിക്കാനുമെല്ലാം നിയമം അനുവദിക്കുന്നുണ്ടല്ലോ പക്ഷേ ഈ പ്രവൃത്തികള്‍ ചില ഘട്ടങ്ങളില്‍ അപകടകരമായി മാറുന്നതും കാണുന്നണ്ട്’, കോടതി പറഞ്ഞു.

ഇതുപോലെത്തന്നെയാണ് മുസ്‌ലിം വിവാഹത്തിന്റെ കാര്യത്തിലെന്നും പല സാഹചര്യങ്ങളിലും അത് ഒന്നാം ഭാര്യയോട് ചെയ്യുന്ന ക്രൂരതയാണെന്നും കോടതി പറഞ്ഞു.

ഭര്‍ത്താവിന്റെ രണ്ടാം വിവാഹം തന്നോട് ചെയ്യുന്ന ക്രൂരതയാണെന്ന് ഭാര്യ കൊടുത്ത പരാതിയില്‍ ഭര്‍ത്താവ് അപ്പീലിന് പോയ സാഹചര്യത്തിലാണ്‌ കോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍ രക്ഷിതാക്കളുടെ നിര്‍ബന്ധപ്രകാരമാണ് രണ്ടാം വിവാഹത്തിന് മുതിരുന്നതെന്ന് യുവാവ് കോടതിയോട് പറഞ്ഞു. ആദ്യഭാര്യയുടെ സ്വത്തുവകകള്‍ രണ്ടാം ഭാര്യയുമായി പങ്കുവെക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കരുതെന്ന് നേരത്തേ അലഹാബാദ് കോടതി ഉത്തരവിട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content hifhlight: second marriage under muslim law though legal may be construed as cruelty to first wife karnataka hc read order